പണംകൊടുത്ത് സിംഹത്തെ വേട്ടയാടാം; ‘ട്രോഫി ഹണ്ടിങ് നിർത്താനൊരുങ്ങി ദക്ഷിണാഫ്രിക്ക
Mail This Article
പണം കൊടുത്ത് സിംഹങ്ങളെ വേട്ടയാടുന്ന രീതി ദക്ഷിണാഫ്രിക്ക നിർത്തലാക്കുന്നു. ‘ട്രോഫി ഹണ്ടിങ്’ എന്നുവിളിക്കുന്ന ഈ വേട്ടയാടലിനായി മാത്രം കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ധാരാളം സിംഹങ്ങളെ വളർത്തുന്നുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം ഘട്ടംഘട്ടമായി നിർത്തലാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചുവരികയാണ്.
ട്രോഫി ഹണ്ടിങ്ങിനായി വന്യജീവികളെ പ്രത്യേക മേഖലയിലാണ് പാർപ്പിക്കുക. ഇവയെ വേട്ടയാടാൻ അനുമതി നൽകുന്നതിനെ കാൻഡ് ഹണ്ടിങ് എന്നുപറയുന്നു (Canned Hunting). ദക്ഷിണാഫ്രിക്കയിലെ 350ഓളം ഫാമുകളിലായി പതിനായിരത്തിലധികം സിംഹങ്ങളുണ്ട്. വേട്ടയാടുന്ന മൃഗത്തിന്റെ തോൽ, തല എന്നിവയൊക്കെയാണ് ട്രോഫിയായി കണക്കാക്കുന്നത്.
മൃഗങ്ങളെ വേട്ടയാടി കൊല്ലുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധസംഘം വിശദമായ പഠനം നടത്തിയിരുന്നു. ശേഷം 2021ലാണ് സിംഹങ്ങളെ വേട്ടയാടാൻ വളർത്തുന്നതിന് നിരോധനമേർപ്പെടുത്താൻ രാജ്യം തീരുമാനിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കായി സിംഹങ്ങളെ ഉപയോഗിക്കരുതെന്ന നിര്‍ദേശവും വിദഗ്ധസംഘം മുന്നോട്ടുവച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി മന്ത്രി ബാർബറാ ക്രീസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാപ്റ്റീവ് ബ്രീഡിങ് നടത്തുന്നവർക്ക് പൂർണമായും ഇത് അവസാനിപ്പിച്ച് മറ്റൊരു ജോലിയിലേക്ക് മാറാനും മറ്റുമായി രണ്ട് വർഷം സമയം അനുവദിച്ചു നൽകിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന വന്യജീവികളെ പണംനൽകി വേട്ടയാടി കൊല്ലുന്ന ട്രോഫി ഹണ്ടിങ് എന്ന രീതി ഇപ്പോഴും പല രാജ്യങ്ങളിലും നടന്നുവരുന്നു. വന്യമൃഗങ്ങൾക്കെതിരായ ഇത്രയും നീചമായ നടപടിക്കെതിരെ മൃഗസംരക്ഷകരടക്കമുള്ളവർ പ്രതിഷേധിക്കുന്നുണ്ട്.