ADVERTISEMENT

കുട്ടിക്കാലം മുതൽക്കേ ജോൺ മേരി കവൂമ കാണുന്നുണ്ട് ആ വലിയ ഓട. അവൻ വലുതാകുംതോറും പക്ഷേ ആ ഓട ചെറുതായി വരികയായിരുന്നു. പലയിടത്തുനിന്നായി ഒലിച്ചെത്തിയ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും നിറഞ്ഞതോടെ ഓടയിലെ ഒഴുക്കു നിലച്ചു. അവിടെ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങി. അസഹ്യമായ ദുർഗന്ധം ചുറ്റിലും പരക്കാനും തുടങ്ങി. മുത്തശ്ശിയോടൊപ്പമായിരുന്നു അവന്റെ താമസം. ചെറുപ്പത്തിൽത്തന്നെ അച്ഛനും അമ്മയും മരിച്ചതാണ്. മുത്തശ്ശിക്കാകട്ടെ വയസ്സേറെയായി. 

കവൂമയ്ക്ക് പ്രായം 19 ആയ സമയം. അവന്റെ വീടിന് തൊട്ടടുത്തായിരുന്നു നേരത്തേ പറഞ്ഞ ആ ഓട. ഒരിക്കൽ പെയ്ത മഴയിൽ കുത്തിയൊലിച്ചെത്തിയ വെള്ളത്തിന് പോകാൻ സ്ഥലമൊന്നും ഇല്ലാത്ത അവസ്ഥ. വെള്ളമെങ്ങനെ പോകാനാണ്, അതിനു വേണ്ടി നിർമിച്ച ഓട മാലിന്യം നിറഞ്ഞു കിടക്കുകയല്ലേ! സ്വാഭാവികമായും മഴവെള്ളം ചുറ്റിലും ഒഴുകിപ്പരക്കാൻ തുടങ്ങി. പതിയെ അത് കവൂമയുടെ വീട്ടുമുറ്റത്തേക്കും നാവുനീട്ടി. കാറ്റും മഴയും ഒരുമിച്ച് താണ്ഡവം തുടർന്നതോടെ ആ ചെറിയ വീട് തകർന്നു വീണു. കവൂമയ്ക്കും മുത്തശ്ശിക്കും ഗുരുതരമായി പരുക്കേറ്റു. 

നാളുകളുടെ ചികിത്സയ്ക്കൊടുവിൽ കവൂമ രക്ഷപ്പെട്ടു. പക്ഷേ ബോധം തെളിഞ്ഞപ്പോഴാണ് അറിഞ്ഞത്– മുത്തശ്ശി മരിച്ചിരിക്കുന്നു. താൻ അനാഥനായിരിക്കുന്നു. പിന്നീട് അനാഥാലയത്തിൽ. അവിടെനിന്നു ബിരുദപഠനം കഴിഞ്ഞപ്പോൾ യുഗാണ്ടയിലെ മറ്റു യുവാക്കളെപ്പോലെ ജോലി തേടി മറ്റു രാജ്യങ്ങളിലേക്കു പറന്നില്ല കവൂമ. പകരം സ്വന്തമായി സംരംഭം ആരംഭിച്ചു. അപ്സൈക്കിൾ ആഫ്രിക്ക എന്നായിരുന്നു അതിന്റെ പേര്. ഇന്ന് നൂറുകണക്കിന് യുവാക്കൾക്കും വനിതകള്‍ക്കും തൊഴിൽ നൽകുന്ന വലിയ സംരംഭമായി അതു മാറി. വിദേശത്തുനിന്നു പോലും കവൂമയുടെ സംരംഭത്തിന് ധനസഹായം ലഭിക്കുന്നു. അതിനു കാരണവുമുണ്ട്– അത്രയേറെ മനോഹരമായിരുന്നു ആ യുവാവിന്റെ സംരംഭത്തിന്റെ ആശയം. സ്വന്തം ജീവിതത്തിൽനിന്നു പാഠമുൾക്കൊണ്ട് രൂപപ്പെടുത്തിയതായിരുന്നു അത്.

∙ ‘ഇഷ്ടിക നിറച്ച’ കുപ്പികൾ!

പ്ലാസ്റ്റിക് മാലിന്യം ഉപയോഗപ്പെടുത്തി വീടുകൾ നിർമിക്കുക എന്നതായിരുന്നു കവൂമയുടെ ‘അപ്സൈക്കിൾ ആഫ്രിക്ക’ കമ്പനിയുടെ പദ്ധതി. പ്രതിവർഷം മൂന്നര ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമെങ്കിലും രൂപപ്പെടുന്നുണ്ട് യുഗാണ്ടയില്‍. അതിൽ പകുതിയോളമാണ് സംസ്കരിക്കാനെങ്കിലും ശ്രമിക്കുന്നത്. ശേഷിച്ചതെല്ലാം ഏതെങ്കിലും പ്രത്യേക സ്ഥലത്ത് കൂടിക്കിടക്കും. യുഗാണ്ടയുടെ തലസ്ഥാനമായ കംപാലയ്ക്കു തെക്ക് 30 കിലോമീറ്റർ മാറി എംപീഗി എന്നയിടത്തായിരുന്നു കവൂമ കമ്പനി ആരംഭിച്ചത്. തുടക്കത്തിൽ, മാലിന്യം കുന്നുകൂടിക്കിടക്കുന്ന സ്ഥലങ്ങളായിരുന്നു ലക്ഷ്യം. അവിടെനിന്ന് പ്ലാസ്റ്റിക്കും മറ്റും ശേഖരിക്കുന്നവരോട് കവൂമ സംസാരിച്ചു. ഡിമാൻഡ് ഇത്രയുമേയുള്ളൂ– ‘‘നിങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ, ടയറുകൾ തുടങ്ങിയവയെല്ലാം എനിക്കു തരണം’’. വെറുതെ വേണ്ട, അവർക്കെല്ലാം ന്യായമായ തുകയും കവൂമ നൽകി. 

plastic-house-2
പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് വീടുനിർമാണം.

അതോടെ മാലിന്യം പെറുക്കുന്നവർക്കും ആവേശമായി. ഓരോ ദിവസവും ആയിരക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളുമായി അളർ കവൂമയെ കാത്തിരിക്കാൻ തുടങ്ങി. കവൂമയാകട്ടെ അവിടംകൊണ്ടും അവസാനിപ്പിച്ചില്ല പ്ലാസ്റ്റിക്കിനായുള്ള അന്വേഷണം. എംപീഗിയിൽ പലേടത്തും പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടി ഓടകൾ അടഞ്ഞുപോയിരുന്നു. അവിടെ കൂടിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിയെടുക്കാനും അദ്ദേഹം ആളുകളെ നിയോഗിച്ചു. അവർക്കും കൃത്യമായ പ്രതിഫലം ലഭിച്ചതോടെ ആവേശമായി. അങ്ങനെ അപ്സൈക്കിൾ ആഫ്രിക്ക കമ്പനിയുടെ പരിസരത്താകെ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ടയറുമെല്ലാം നിറഞ്ഞു. പിന്നെയായിരുന്നു കവൂമയുടെ യഥാർഥ ഇടപെടൽ.

ആ കുപ്പികളിൽ മണ്ണു നിറയ്ക്കാനായി കുറേ വനിതകളെയും കവൂമ ക്ഷണിച്ചു. മണ്ണ് നിറച്ച് കുപ്പികൾ ഇഷ്ടിക പോലെ ബലമുള്ളതാക്കുകയായിരുന്നു അവരുടെ ജോലി. അവർക്കും ദിവസക്കൂലി കൃത്യമായി ലഭിച്ചു. അങ്ങനെ മാലിന്യം പെറുക്കുന്നവരും കുപ്പിയിൽ മണ്ണുനിറയ്ക്കുന്ന വനിതകളുമെല്ലാം, അവർ പോലുമറിയാതെ അപ്സൈക്കിൾ ആഫ്രിക്കയുടെ ജീവനക്കാരായി മാറുകയായിരുന്നു. ഇവരുടെ ജീവിതത്തിലും വലിയ മാറ്റമാണു കവൂമ കൊണ്ടുവന്നത്. പലർക്കും കൃത്യമായ ഒരു വരുമാന മാർഗമായി. ചെലവു കുറഞ്ഞ വീടു വയ്ക്കാനും പലർക്കും സാധിച്ചു. 

∙ എങ്ങനെ കെട്ടി വീട്?

മുട്ടത്തോടും പ്ലാസ്റ്റിക് കവറുകളുമെല്ലാം ചേർത്താണ് കവൂമ വീടിന്റെ അടിത്തറ കെട്ടുന്നത്. ചുമരിനു പകരമായി, മണ്ണുനിറച്ച കുപ്പികൾ ഉപയോഗിക്കും. ഇവ ഒന്നിനു മേൽ ഒന്നായി അടുക്കി ഇടയ്ക്ക് മണ്ണു തേച്ച് ബലപ്പെടുത്തും. പഴയ ടയർ സംസ്കരിച്ചെടുത്ത്, അതുപയോഗിച്ചാണ് മേൽക്കൂരയുണ്ടാക്കുന്നത്. കനത്ത ചൂടായിരിക്കും വീടിനുള്ളിൽ എന്നു കരുതിയവർക്കു തെറ്റി. അനുഭവസ്ഥർ പറയുന്നു– ‘‘എന്തു കൂളാണ് ഈ വീടിനകം!’’.10 ലക്ഷത്തിലേറെ കുപ്പികൾ ഇതിനോടകം അപ്സൈക്കിൾ ആഫ്രിക്ക വീടു നിർമാണത്തിനായി ശേഖരിച്ചു. അതുപയോഗിച്ച് നിർമിച്ചതാകട്ടെ 170ലേറെ വീടുകളും. 

plastic-house
കവൂമയുടെ പ്ലാസ്റ്റിക് വീട്

ആകെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്കെടുത്താൽ അത് 13.6 കോടി വരും. 3800 പേർക്കാണ് നേരിട്ടും അല്ലാതെയും കവൂമയുടെ കമ്പനി തൊഴിൽ നൽകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലും തന്റെ പ്രോജക്ട് അവതരിപ്പിച്ചിട്ടുണ്ട് കവൂമ. അതില്‍ പലതും രാജ്യാന്തരതലത്തിൽ പ്രശസ്തമായ പരിസ്ഥിതി സമ്മേളനങ്ങളിലുമായിരുന്നു. അതുവഴി വിവിധ വിദേശ സംഘടനകളിൽനിന്നുള്ള ധനസഹായവും ശേഖരിക്കാനായി. പ്ലാസ്റ്റിക് മലിനീകരണത്തിനൊരു പ്രതിവിധിയെന്ന സന്ദേശവുമായി പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ, സ്വന്തം ജീവിതംതന്നെ പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനായി മാറ്റിവച്ച കവൂമയെപ്പറ്റി പറയാതിരിക്കുന്നതെങ്ങനെ...! 

English Summary: John Mary Kavuma, the Uganda Man behind 'Plastic Houses'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com