ADVERTISEMENT

കുഞ്ഞുങ്ങളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് നിരവധി മിഥ്യാധാരണകൾ ഇന്നും നമ്മുടെ സമൂഹത്തിൽ തെറ്റിദ്ധാരണപരത്തുന്നുണ്ട്. ഏറെ ആശങ്കയോടെ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഒരമ്മ ഞങ്ങൾക്ക് ഒരു സന്ദേശം അയച്ചു. കുഞ്ഞിന് എംഎംആർ വാക്സീൻ നൽകാൻ സമയമായി. എന്നാൽ വീട്ടിലുള്ളവർ പലരും ഈ വാക്സിനേഷൻ കുഞ്ഞിന് ഓട്ടിസം എന്ന രോഗാവസ്ഥ ഉണ്ടാക്കുമെന്ന സംശയങ്ങൾ പറഞ്ഞ് കുഞ്ഞിന് വാക്സിനേഷൻ നൽകുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കുകയാണ്. ചില സമൂഹ മാധ്യമ പോസ്റ്റുകളിൽ എംഎംആർ വാക്സീൻ ഓട്ടിസത്തിന് കാരണമാകുമെന്ന അവകാശവാദവുമായി പ്രചരിക്കുന്നത് മുൻ നിർത്തിയാണ് വീട്ടുകാരുടെ അഭിപ്രായ പ്രകടനം എന്നാണ് സന്ദേശം. ആരോഗ്യ രംഗത്ത് നാം ഏറെ പുരോഗമിച്ച ഇന്നും അനേകം കുഞ്ഞുങ്ങൾക്ക് ഇത്തരം തെറ്റിദ്ധാരണകൾ മൂലം ഈ കുത്തിവയ്പ്പുകൾ നിഷേധിക്കപ്പെടുന്ന സാഹചര്യമാണെന്ന് മനസിലാക്കി ഞങ്ങൾ ഇതിന്റെ സത്യം എന്തെന്ന് അറിയാൻ തീരുമാനിച്ചു.   വാസ്തവമറിയാം.

അന്വേഷണം

പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരമ്മയാണ് എംഎംആർ കുത്തിവയ്പ്പും ഓട്ടിസവുമായി ബന്ധപ്പെട്ട ഈ സംശയവുമായി ഞങ്ങൾക്ക് സന്ദേശമയച്ചത്.

നമസ്കാരം, ഞാൻ ഒരു കുഞ്ഞിന്റെ അമ്മയാണ് കുഞ്ഞിന് എംഎംആർ വാക്സീൻ നൽകാൻ സമയമായി. എന്നാൽ വീട്ടിലുള്ളവർ പലരും ഈ വാക്സിനേഷൻ കുഞ്ഞിന് ഓട്ടിസം എന്ന രോഗാവസ്ഥ ഉണ്ടാക്കുമെന്ന സംശയങ്ങൾ പറഞ്ഞ് കുഞ്ഞിന് വാക്സിനേഷൻ നൽകുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കുകയാണ്. ചില സമൂഹ മാധ്യമ പോസ്റ്റുകളിൽ എംഎംആർ വാക്സീൻ ഓട്ടിസത്തിന് കാരണമാകുമെന്ന പോസ്റ്റുകൾ കണ്ടിട്ടുണ്ടെന്ന് പറഞ്ഞാണ് വീട്ടുകാർ കുത്തിവയ്പ്പിനെ എതിർക്കുന്നത്. എന്നാൽ എന്റെ അറിവിൽ ഈ കുത്തിവയ്പ്പ് കുഞ്ഞിന് അനിവാര്യമാണെന്ന് ഉറപ്പുണ്ട്. ഇക്കാര്യത്തിൽ ഒരമ്മയുടെ ആകുലത മനസിലാക്കി ഇത്തരം തെറ്റിദ്ധാരണ പുലർത്തുന്നവർക്ക് ഒരു ബോധവത്ക്കരണമായി ഇതിന്റെ യാഥാർത്ഥ്യം ഒരു വാർത്തയാക്കണമെന്ന് അപേക്ഷിക്കുകയാണ്. എന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച സന്ദേശം.

ഞങ്ങൾക്ക് ലഭിച്ച സന്ദേശം
ഞങ്ങൾക്ക് ലഭിച്ച സന്ദേശം

എംഎംആർ വാക്സീനും ഓട്ടിസവുമായുള്ള ബന്ധത്തെക്കുറിച്ചാണ് ആദ്യം ഞങ്ങൾ കീവേഡ് തിരയൽ നടത്തിയത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് യുഎസിന്റെ പഠന റിപ്പോർട്ടാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇത്  പ്രകാരം, 1998-ൽ ആൻഡ്രൂ വേക്ക്ഫീൽഡിന്റെ സുപ്രധാനമായ ഒരു പ്രബന്ധത്തിലാണ് എംഎംആർ വാക്സിൻ വൻകുടൽ പുണ്ണ്, ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായുള്ള അവകാശവാദങ്ങൾ വന്നത്. എന്നാൽ വേക്ക്ഫീൽഡിന്റെ ഈ അവകാശവാദം മറ്റ് ശാസ്ത്രജ്ഞർ നിഷേധിച്ചു. വിഷയത്തിൽ വേക്ക്ഫീൽഡിന് സാമ്പത്തിക താൽപ്പര്യമുണ്ടെന്ന് ശാസ്ത്രജ്ഞർ തെളിവുകളുമായെത്തി.സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ആൻഡ്രൂ വേക്ക്ഫീൽഡ്  ഇത്തരമൊരു പഠനം പ്രസിദ്ധീകരിച്ചെന്ന് തെളിഞ്ഞതിനാൽ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. വേക്ക്ഫീൽഡിന്റെ തെറ്റായ പഠനത്തിന്റെ പ്രചാരണം ആളുകൾ വാക്സിനേഷൻ സ്വീകരിക്കുന്നതിൽ ഗണ്യമായ കുറവാണുണ്ടാക്കിയത്.

മെഡിക്കൽ ജേണലായ ലാൻസെറ്റിൽ നിന്ന് ആൻഡ്രൂ വേക്ക്ഫീൽഡിന്റെ ലേഖനം നീക്കം ചെയ്യുകയും സത്യസന്ധമല്ലാത്തതും കെട്ടിച്ചമച്ചതും എന്ന് മുദ്രകുത്തുകയും ചെയ്തു, സത്യസന്ധമല്ലാത്ത പെരുമാറ്റം, ധാർമ്മിക ലംഘനം, മാന്യമായ മെഡിക്കൽ പ്രൊഫഷന്റെ ധാർമ്മിക നിയമ ലംഘനം എന്നിവ ആരോപിച്ചാണ് വേക്ക്ഫീൽഡിന്റെ ജോലി ചെയ്യാനുള്ള ലൈസൻസ് നീക്കം ചെയ്തത്. 

അഞ്ചാംപനി, മുണ്ടിനീർ, റുബെല്ല എന്നിവയ്ക്കെതിരായ വാക്സിനാണ് എംഎംആർ . ഈ രോഗങ്ങൾ കുട്ടികളിൽ മരണകാരണം പോലുമായേക്കാം. ഇന്ത്യയിൽ,  രണ്ട് ഡോസുകളായി കുത്തിവയ്പ്പിലൂടെയാണ് എംഎംആർ വാക്സിനേഷനുകൾ നൽകുന്നത്. ലോകാരോഗ്യ സംഘടനയുടെ   കണക്കനുസരിച്ച്, ആഗോളതലത്തിൽ കഴിഞ്ഞ 20 വർഷത്തിനിടെ  30 ദശലക്ഷത്തിലധികം മരണങ്ങളാണ് എംഎംആർ വാക്സിൻ ഒഴിവാക്കിയിട്ടുള്ളത്.

സാമൂഹിക ഇടപെടലിലും ആശയവിനിമയത്തിലും ഒരു പരിധിവരെ ബുദ്ധിമുട്ടുകൾ നേരിടുന്ന വിവിധ അവസ്ഥകളുടെ ഒരു കൂട്ടമായിട്ടാണ് ലോകാരോഗ്യ സംഘടന ഓട്ടിസം, ഓട്ടിസം സ്പെക്‌ട്രം ഡിസോർഡേഴ്സ് എന്നിവയെ നിർവചിക്കുന്നത് . ഒരു പ്രവർത്തനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിലെ ബുദ്ധിമുട്ട്, വിശദാംശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ,  അസാധാരണമായ പ്രതികരണങ്ങൾ എന്നിങ്ങനെയുള്ള  പെരുമാറ്റ വൈകല്യങ്ങളാണ് ഓട്ടിസം എന്ന അവസ്ഥ മൂലമുണ്ടാകുന്നത്.

പാരിസ്ഥിതികവും ജനിതകവുമായ കാരണങ്ങളാൽ ഓട്ടിസം ഉണ്ടാകാമെന്ന്  WHO വ്യക്തമാക്കുന്നു. മീസിൽസ്, മുണ്ടിനീര്, റുബെല്ല വാക്സിൻ, ഓട്ടിസം എന്നിവ തമ്മിലുള്ള ബന്ധത്തിന് യാതൊരു തെളിവുകളുമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് ദശലക്ഷത്തിലധികം കുട്ടികളിൽ നടത്തിയ മറ്റൊരു പഠന റിപ്പോർട്ടിലും   അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല വാക്സിനേഷനും ഓട്ടിസവും തമ്മിൽ ബന്ധമില്ലെന്ന് സ്ഥിരീകരിക്കുന്നുണ്ട്. 

ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളുടെ കൃത്യമായ സ്ഥിരീകരണത്തിന് പ്രമുഖ ശിശുരോഗ വിദഗ്ദൻ ഡോ. വർഗീസ് കോശിയുമായി ഞങ്ങൾ നേരിട്ടു സംസാരിച്ചു. 

ഡോ.വർഗീസ് കോശി
ഡോ.വർഗീസ് കോശി

എംഎംആർ വാക്സിൻ എടുക്കുന്ന കുട്ടികൾക്ക്  ഓട്ടിസം ഉണ്ടാവുമെന്ന അവകാശവാദം തീർത്തും വസ്തുതാവിരുദ്ധമാണ്. കേരളത്തിലും വാക്സിന്റെ അഭാവത്തിലുള്ള രോഗങ്ങൾ കൂടുതലായി കണ്ടെത്തിയതിനെ തുടർന്ന് രോഗങ്ങളിൽ നിന്നുള്ള പൂർണ്ണമായ സുരക്ഷയ്ക്ക് ഒൻപതാം മാസത്തിലും പതിനഞ്ചാം മാസത്തിലുമുള്ള രണ്ട് ഡോസുകളായാണ് എംഎംആർ കുത്തിവയ്പ്പ് നൽകി വരുന്നത്. വിവിധ സാംക്രമിക രോഗങ്ങളിൽ നിന്നുള്ള സുരക്ഷയ്ക്ക് കൃത്യമായ കുത്തിവയ്പ്പ് യഥാസമയം കുഞ്ഞുങ്ങൾക്ക് നൽകേണ്ടത് അനിവാര്യമാണ്. തെറ്റായ പ്രചാരണങ്ങൾ പൂർണ്ണമായും തള്ളിക്കളയണം. അദ്ദേഹം വ്യക്തമാക്കി.

വാസ്തവം

എംഎംആർ വാക്സിനും ഓട്ടിസവും തമ്മിൽ ബന്ധമുണ്ടെന്നതിന് തെളിവുകളൊന്നുമില്ല. പഠനങ്ങളും ശാസ്ത്രീയ തെളിവുകളും എംഎംആർ വാക്സിനും ഓട്ടിസവും തമ്മിലുള്ള  തീര്‍ത്തും തെറ്റിദ്ധാരണപരമാണെന്നാണ് വിശേഷിപ്പിക്കുന്നത്. എംഎംആർ വാക്സിൻ ഓട്ടിസത്തിന് കാരണമാകുന്നു എന്ന വൈറലായ അവകാശവാദങ്ങളെല്ലാം തന്നെ തെറ്റാണ്.

English Summary: Viral claims that the MMR vaccine causes autism are false-Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com