കോട്ടയ്ക്കലിൽ കാൻസറിന് സൗജന്യ റേഡിയേഷൻ ചികിത്സ; ആ പ്രചാരണം വ്യാജം | Fact Check
Mail This Article
കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ കാൻസറിന് സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ യാഥാർത്ഥ്യമറിയാൻ മനേരമ ഓൺലൈൻ ഫാക്ട് ചെക്ക് ഹെൽപ്പ്ലൈൻ നമ്പറിലേക്ക് നിരവധി സന്ദേശങ്ങൾ ലഭിച്ചു.വാസ്തവമറിയാം
അന്വേഷണം
ശ്രദ്ധിക്കുക കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കീഴിൽ എല്ലാവിധ കാൻസർ രോഗമുള്ളവർക്കും സൗജന്യ ചികിത്സയും മരുന്നും റേഡിയേഷനും കൊടുക്കുന്നു. പദ്മശ്രീ ഡോ:പി കെ വാര്യർ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചെലവും ഏറ്റെടുത്ത് നടത്തുന്നു.ഈ വിവരം എല്ലാവരെയും അറിയിക്കുക. ബുക്കിങ് : 0483 280669. കിഡ്‌നി മാറ്റി വെച്ച ആളുകൾ കഴിക്കുന്ന Azoran 50 Mയും, Takfa.05 Mg, മരുന്നും ആവശ്യം ഉള്ളവർ ഈ നമ്പറിൽ 9946368516 ബന്ധപ്പെടുക പണം ആവശ്യമില്ല? പരമാവധി ഷെയർ ചെയ്യുക എന്നാണ് പ്രചരിക്കുന്ന പോസ്റ്റിനൊപ്പമുള്ള കുറിപ്പ്.
വൈറൽ സന്ദേശത്തിലെ നമ്പറുകളിൽ ബന്ധപ്പെട്ടെങ്കിലും പരിധിക്ക് പുറത്താണെന്ന മറുപടിയാണ് ഞങ്ങൾക്ക് ലഭിച്ചത്.
തുടർന്ന് പ്രചരിക്കുന്ന സന്ദേശത്തിലെ വസ്തുതയറിയാൻ ഞങ്ങൾ കോട്ടയ്ക്കൽ ആര്യ വൈദ്യശാല പിആർഒയെയും തുടർന്ന് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പി.എം. വാര്യരുമായി സംസാരിച്ചു. പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ ചികിത്സ നൽകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കോട്ടയ്ക്കൽ ആര്യ വൈദ്യശാലക്ക് മലപ്പുറം കോട്ടക്കലുള്ള ചാരിറ്റബിൾ ആശുപത്രിയിൽ കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് സൗജന്യ പരിശോധന ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാൻസർ രോഗികൾക്ക് സൗജന്യമായ ആയുർവേദ ചികിത്സാ മാത്രമേ ഇവിടെ നൽകുന്നുള്ളൂ. റേഡിയേഷൻ പോലെയുള്ള ചികിത്സാ രീതികൾ ഈ ആശുപത്രിയിൽ ലഭ്യമല്ല. ചാരിറ്റബിൾ ഹോസ്പിറ്റലിലെ ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ ഇവിടെ നിന്നും രോഗികൾക്ക് സൗജന്യമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ കോട്ടക്കൽ ആര്യ വൈദ്യശാലയുടെ സ്ഥാപകനായ ഡോ പി കെ വാര്യർ നേരിട്ട് രോഗിയെ കണ്ട് രോഗിയുടെ മൊത്തം ചിലവും ഏറ്റെടുത്ത് നടത്തുന്നുവെന്നാണ് മറ്റൊരു അവകാശവാദം. 2021ജൂലൈ 10ന് ഡോ:പി കെ വാര്യർ അന്തരിച്ചു. ഈ അവകാശവാദവും വ്യാജമാണ്. അഞ്ച് വർഷങ്ങൾക്ക് മുൻപും ഇതേ സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഇതിൽ നിന്ന് പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമായി.
വാസ്തവം
കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ കാൻസർ രോഗികൾക്ക് റേഡിയേഷൻ അടക്കമുള്ള സമ്പൂർണ സൗജന്യ ചികിത്സ നൽകുന്നില്ല എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കാൻസർ ഉൾപ്പടെയുള്ള രോഗങ്ങൾക്ക് ആര്യവൈദ്യശാലയുടെ ചാരിറ്റബിൾ ആശുപത്രിയിൽ സൗജന്യ പരിശോധന ലഭ്യമാണ്. എന്നാൽ റേഡിയേഷൻ പോലെയുള്ള ചികിത്സാ രീതികൾ ഇവിടെയില്ല. പ്രചാരണം വ്യാജമാണ് .
English Summary: Kottakal Arya Vaidyasala does not provide free treatment including radiation to cancer patients