ADVERTISEMENT

സ്ത്രീയുടെ മാലപൊട്ടിച്ചോടിയപ്പോൾ  പിടിയിലായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടേതെന്ന അവകാശവാദവുമായി ഒരു വിഡിയോ  സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഡിയോയുടെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്ക് നമ്പറായ 8129100164ലേക്ക് ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. സത്യമറിയാം

അന്വേഷണം

നാദാപുരത്തിനടുത്ത്‌ തൂണേരിയിൽ സ്ത്രീയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞു സ്വർണമാല പിടിച്ചു പറിച്ചോടിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയപ്പോൾ എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്. ഒരു കൂട്ടമാളുകൾ ഒരാളെ തടഞ്ഞു വച്ച് ആക്രോശിക്കുന്നതും മർദ്ദിക്കുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.

ഞങ്ങളുടെ കീവേഡ് പരിശോധനയിൽ വൈറൽ സംഭവത്തിന്റെ വിഡിയോ നിരവധി പേർ സമൂഹ മാധ്യമങ്ങളിൽ ഇതേ അവകാശവാദത്തോടെ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. കൂടുതൽ പരിശോധിച്ചപ്പോൾ വിഡിയോയ്ക്കൊപ്പമുള്ള കമന്റുകളിൽ നിന്ന് ദൃശ്യങ്ങളിലുള്ളത് സിപിഎം ബ്രാഞ്ച് സെക്രട്ടറി അല്ലെന്നും സംഭവം വ്യാജ പ്രചാരണമാണെന്നും നിരവധി പേർ കമന്റ് ചെയ്തതായി കണ്ടെത്തി.

കൂടുതൽ തിരച്ചിലിൽ സംഭവം സംബന്ധിച്ച ചില വാർത്ത റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. അതിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്ന് വാണിമേൽ പരപ്പുപാറ സ്വദേശി നന്തോത്ത് സാജുവിനെയാണ് നാട്ടുകാർ പിടികൂടിയതെന്ന് വ്യക്തമായി. ഇയാൾ പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയാണോ എന്നറിയാൻ പ്രദേശത്തെ സിപിഎം പാർട്ടി പ്രതിനിധികളുമായി ഞങ്ങൾ സംസാരിച്ചു.  

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയിലുള്ള വ്യക്തി വാണിമേല്‍ സ്വദേശിയാണെന്നും സിപിഎം അംഗം പോലുമല്ലാത്ത ഇയാൾ ബ്രാഞ്ച് സെക്രട്ടറിയാണെന്ന ആരോപണം  അടിസ്ഥാനരഹിതവും കെട്ടിച്ചമച്ച വ്യാജ വാർത്തയുമാണെന്ന് അവർ വ്യക്തമാക്കി. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയെന്നും സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം വിശദമാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 

ഞങ്ങളുടെ പ്രാദേശിക ലേഖകനുമായി സംസാരിച്ചപ്പോൾ സംഭവം നടന്നത് നാദാപുരം പഞ്ചായത്തില്‍ ഉള്‍പ്പെട്ട തൂണേരിയിൽ എന്ന സ്ഥലത്താണെന്ന് സ്ഥിരീകരിച്ചു.  വൈറൽ വിഡിയോയിലുള്ള ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 

വാസ്തവം

നാദാപുരം തൂണേരിയില്‍ മാല മോഷ്ടിച്ചയാള്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അല്ല. പ്രചാരണം വ്യാജമാണ്.

English Summary : The person who stole the necklace in Nadapuram Thuneri is not the CPM branch secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com