ADVERTISEMENT

ഒരു തലമുറയെ മുഴുവൻ പ്രായഭേദമന്യേ ചിരിപ്പിച്ച പ്രസിദ്ധ കോമിക് താരം മിസ്റ്റർ ബീനിന്റേതെന്ന അവകാശവാദവുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു കിടപ്പുരോഗിയുടെ ചിത്രമാണ് മിസ്റ്റർ ബീനിന്റേതാണെന്ന തരത്തിൽ പ്രചരിക്കുന്നത്. വാസ്തവമറിയാം

∙ അന്വേഷണം 

ലോകത്തെ ചിരിപ്പിച്ച ഈ മനുഷ്യനെ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? നമ്മുടെ ബാല്യകാല നായകന് ഇപ്പോൾ പ്രായമാകുകയാണ് (പരിഭാഷ) എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. ട്വിറ്ററിലടക്കം നിരവധി പേരാണ് പോസ്റ്റ് ഷെയർ ചെയ്തിട്ടുള്ളത്. പോസ്റ്റ് കാണാം.

റോവൻ അറ്റ്കിൻസണെന്ന മിസ്റ്റർ ബീനിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഞങ്ങൾ നടത്തിയ പ്രാഥമിക കീവേഡ് പരിശോധനയിൽ ചില യൂട്യൂബ് ചാനലുകളിൽ 2024 ജൂലൈ 10-ന് അപ്‌ലോഡ് ചെയ്ത ഫോർമുല വൺ റേസ് ഇവന്റുമായി ബന്ധപ്പെട്ട് റോവൻ അറ്റ്കിൻസണുമായി നടത്തിയ അഭിമുഖത്തിന്റെ വിഡിയോ ഞങ്ങൾക്ക് ലഭിച്ചു. വിഡിയോ കാണാം

ഈ അടുത്ത സമയത്തുള്ള ഈ വിഡിയോയിൽ ആരോഗ്യവാനായിട്ടാണ് റോവൻ അറ്റ്കിൻസൺ കാണപ്പെടുന്നത്. കൂടാതെ 2025-ൽ മിസ്റ്റർ ബീൻ: ദി ആനിമേറ്റഡ് സീരീസിന്റെ പുതിയ സീസണിൽ മിസ്റ്റർ ബീൻ ടിവിയിൽ തിരിച്ചെത്തുമെന്ന വിവരങ്ങളടങ്ങിയ മറ്റൊരു റിപ്പോർട്ടും ഞങ്ങൾക്ക് ലഭിച്ചു.

വൈറൽ ചിത്രത്തിൽ രോഗശയ്യയിലുള്ള വ്യക്തിയാരെന്ന സ്ഥിരീകരണത്തിനായി ചിത്രം ഞങ്ങൾ റിവേഴ്സ് ഇമേജിൽ തിരഞ്ഞു. 2020 ജനുവരി 31-ന് ഒരു ബ്രിട്ടിഷ് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വൈറൽ ചിത്രത്തിന് സമാനമായ ഒരു ചിത്രം ലഭിച്ചു. ഈ ചിത്രത്തിലെ വയോധികനും ചിത്രത്തിന്റെ പശ്ചാത്തലവും വസ്ത്രങ്ങളുമെല്ലാം മിസ്റ്റർ ബീനിന്റേതെന്ന് അവകാശപ്പെടുന്ന വൈറൽ ചിത്രത്തിന് സമാനമാണെന്ന് വ്യക്തമായി.

വാർത്താ റിപ്പോർട്ടിൽ, ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനെത്തുടർന്ന് വിവിധ രോഗങ്ങളാൽ യുകെയിൽ  ബാരി ബാൽഡർസ്റ്റോൺ എന്ന രോഗി മരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നൽകിയിരിക്കുന്നത്. ഹെൽത്ത് കെയർ സ്‌കീം വഴി ലഭിക്കുന്ന തുക രോഗിയുടെ ചികിത്സയ്ക്ക് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ ഭാര്യ അധികൃതർക്ക് അപേക്ഷയും അപ്പീലുമൊക്കെ നൽകിയെങ്കിലും അവയെല്ലാം തള്ളിപ്പോയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ മെർലിൻ പകർത്തിയ ബാരിയുടെ ചിത്രമാണ് ഈ വാർത്തകളിൽ നൽകിയിരിക്കുന്നത്. 

ഞങ്ങൾ രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്തപ്പോൾ, ബാരി ബാൽഡർസ്റ്റോണിന്റെ മുഖം മിസ്റ്റർ ബീനിനോട് സാമ്യമുള്ള രീതിയിൽ ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് എഡിറ്റ് ചെയ്തിരിക്കുന്നതാണെന്ന് വ്യക്തമായി.

bean1

ലഭ്യമായ വിവരങ്ങളിൽ നിന്ന് മിസ്റ്റർ ബീനിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.

∙ വസ്തുത

മിസ്റ്റർ ബീനിന്റേതെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തതാണ്. പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ലണ്ടൻ സ്വദേശി ബാരി ബാൽഡര്‍‌സ്റ്റോൺ എന്ന വ്യക്തിയാണ്. ബാരിയുടെ ചിത്രത്തിൽ സാങ്കേതികമായി മാറ്റം വരുത്തിയാണ് അറ്റ്കിൻസണിന്റേതെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്.

English Summary: The image circulating, claiming to be Mr Bean's, has been edited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com