റോഡിൽ തെന്നി നീങ്ങി ബൈക്ക്; അപകടം കഴിഞ്ഞാണ് ട്വിസ്റ്റ്: വിഡിയോ
Mail This Article
മഴയത്ത് ഇരുചക്രവാഹനങ്ങളോടിക്കുമ്പോൾ അതീവ ശ്രദ്ധ വേണം. നനഞ്ഞ് കിടക്കുന്ന റോഡുകളിൽ എപ്പോഴാണ് ഇരുചക്രവാഹനങ്ങളുടെ അടിതെറ്റുക എന്ന് പറയാനാകില്ല. മഴയത്ത് റോഡിൽ വീണ് ബൈക്കിൽ തെന്നി നീങ്ങുന്നൊരു യുവാവിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ തരംഗം. അപകടമല്ല അതിനു ശേഷമുള്ള യുവാവിന്റെ പ്രതികരണമാണ് വിഡിയോയെ രസകരമാക്കുന്നത്.
മഴപെയ്ത് തെന്നിക്കിടക്കുന്ന റോഡിൽ നിയന്ത്രണം തെറ്റി മറിഞ്ഞ യുവാവ്, റോഡിലൂടെ കുറച്ച് ദൂരം തെന്നി നീങ്ങി. എന്നിട്ട് ഒന്നും സംഭവിക്കാത്തതു പോലെയാണ് എഴുന്നേറ്റുപോകുന്നത്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ച യുവാവ് ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. മുന്നിൽ പോകുന്ന വാഹനത്തിൽ ഇടിക്കാത്തതുകൊണ്ടും ആ സമയത്ത് എതിരെ വാഹനമൊന്നും വരാത്തതുകൊണ്ടും വലിയ അപകടം ഒഴിവായി.
മഴയത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കൂ
∙ മഴയത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഇരുചക്രവാഹനങ്ങളാണ്.
∙ മഴ തുടങ്ങുന്ന സമയങ്ങളിൽ റോഡിലുള്ള പൊടിയും, ഓയിൽ അംശങ്ങളും ചെറിയ നനവിൽ കുഴമ്പു രൂപത്തിലാകുന്നു. അത് കൂടുതൽ വഴുക്കലിന് കാരണമാകുന്നു.
∙ മഴക്കാലത്ത് റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു. ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തേയ്മാനം വന്ന ടയറുകൾ ഒഴിവാക്കിയേ മതിയാവൂ.
∙ സാധാരണ ഓടുന്ന വേഗത്തിൽ നിന്ന് അൽപം കുറവു വേഗത്തിൽ വാഹനം ഓടിക്കുക. ബ്രേക്ക് ചെയ്താൽ നിൽക്കുന്ന ദൂരം മഴക്കാലത്ത് കൂടുതലായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന സ്ഥലത്ത് വാഹനം നിന്നുവെന്ന് വരില്ല.
∙ പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ തെന്നി മാറാനുള്ള സാധ്യത കൂടുന്നു.