ട്രംപിന്റെ ബീസ്റ്റില്‍ നിന്ന് പ്രചോദിതം 'ഇ' അംബാസിഡര്‍, നിര്‍മിക്കാം ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി
Mail This Article
ഇന്ത്യക്കാരുടെ ജനപ്രിയ കാര്‍ അംബാസിഡറിന്റെ ഉത്പാദനം അവസാനിപ്പിച്ചെങ്കിലും കാറിനോടുള്ള ആരാധനയ്ക്ക് കുറവൊന്നുമില്ല. അതിനുള്ള ഉദാഹരണമാണ് കഴിഞ്ഞ ദിവസം വൈറലായ ഇലക്ട്രിക് അംബാസിഡറിന്റെ ചിത്രങ്ങള്‍. ഡിസി ഡിസൈന്‍സ് പുറത്തുവിട്ട ചിത്രങ്ങള്‍ക്ക് ഏറെ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ഇലക്ട്രിക് അംബാസിഡര്‍ നിരത്തിലെത്തിക്കാം എന്ന വാഗ്ദാനവുമായി ഡിസൈനര്‍ ദിലീപ് ചാബ്രിയ എത്തിയിരിക്കുന്നു.
വിവിഐപികള്‍ക്കുള്ള വാഹനമായി ഇലക്ട്രിക് അംബാസിഡറിനെ പുറത്തിറക്കാം എന്നാണ് ദിലീപ് ചാബ്രിയ ഒരു ഇംഗ്ലീഷ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ബീസ്റ്റിനെപ്പോലെയും റഷ്യന്‍ പ്രസിഡന്റിന്റെ ഓറസ് സെനറ്റ് പോലെയും ചൈനീസ് പ്രസിഡന്റെ വാഹനം പോലെയും ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി ഇലക്ട്രിക് അംബാസിഡര്‍ നിര്‍മിക്കാം എന്നാണ് ദിലീപ് ചാബ്രിയ പറയുന്നത്.
അംബാസിഡറിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും അതിനെക്കാള്‍ 125 എംഎം വീതിയും 170 എംഎം നീളവും ഇലക്ട്രിക് പതിപ്പിന് കൂടുതലുണ്ട്. എന്നാല്‍ ഇന്റീരിയര്‍ അംബാസിഡറില്‍ നിന്ന് തന്നെ പ്രചോദനം ഉള്‍ക്കൊണ്ടതാണ്. സ്വിസ് കമ്പനിയാണ് വാഹനത്തിന്റെ എന്‍ജിനിയറിങ് നിര്‍വഹിച്ചിരിക്കുന്നത്്.
അംബാസിഡറിന്റെ രൂപത്തിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇ അംബിയുടെ ഡിസൈന്‍. വലിയ ഗ്രില്ലും എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപും അടങ്ങുന്ന മനോഹരമായ മുന്‍ഭാഗമാണ് ഇ അംബിക്ക്, വശങ്ങളില്‍ വലിയ മസ്‌കുലറായ വീല്‍ ആര്‍ച്ചുകളും മനോഹരമായ അലോയ് വീലുകളുമുണ്ട്. ടെസ്്‌ല കാറുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒളിപ്പിച്ചുവെച്ച ഡോര്‍ ഹാന്‍ഡിലുകളാണ്. പിന്നില്‍ വലിയ ബൂട്ട്‌ഡോറും എല്‍ഇഡി ടെയില്‍ ലാംപുകളും.
പ്ലാറ്റ്‌ഫോമിലാണ് ഇലക്ട്രിക് അംബിയുടെ ബാറ്ററി ഉറപ്പിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിവുള്ള ബാറ്ററിയാകും. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4 സെക്കന്റ് മാത്രം മതി. 2008 ല്‍ നടന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഡിസി പ്രദര്‍ശിപ്പിച്ച ഹോട്ട്് റോഡ് അംബിയുമായി ഏറെ സാമ്യമുണ്ട് പുതിയ കണ്‍സെപ്റ്റിന്. കാര്യങ്ങള്‍ എല്ലാം പ്രതീക്ഷിച്ചപ്പോലെ നടന്നാല്‍ അടുത്ത വര്‍ഷം അവസാനം ഇലക്ട്രിക് അംബാസിഡറിനെ പുറത്തിറക്കാം എന്നാണ് ഡിസി പറയുന്നത്. വര്‍ഷത്തില്‍ 5000 എണ്ണം വരെ നിര്‍മിച്ച് വിവിഐപികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാം എന്നും ഡിസി പറയുന്നു.
English Summary: Electric Ambassador