ആളുകൾ ഇടിച്ചു കയറി, മിനിറ്റുകൾക്കകം വിറ്റു തീർന്ന് റിവോൾട്ട് ആർ വി 400
Mail This Article
ആർ വി 400 വൈദ്യുത മോട്ടർ സൈക്കിളിനുള്ള ബുക്കിങ്ങുകൾ പുനഃരാരംഭിച്ച് റിവോൾട്ട് മോട്ടഴ്സ്. ഡൽഹി, മുംബൈ, പുണെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് നഗരങ്ങളിലാണു നിലവിൽ ‘ആർ വി 400’ വിൽപനയ്ക്കുള്ളത്. കമ്പനി വെബ്സൈറ്റ് മുഖേനയാണു പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുകയെന്നു റിവോൾട്ട് മോട്ടഴ്സ് വ്യക്തമാക്കി. കഴിഞ്ഞ മാസവും ‘ആർ വി 400’ വൈദ്യുത മോട്ടർ സൈക്കിളിനുള്ള ബുക്കിങ്ങുകൾ കമ്പനി സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാൽ ആവശ്യക്കാരേറിയതോടെ രണ്ടു മണിക്കൂറിനകം റിവോൾട്ട് മോട്ടഴ്സ് ബുക്കിങ് താൽക്കാലികമായി നിർത്തുകയും ചെയ്തു.
നിലവിൽ ബൈക്ക് ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്ക് സെപ്റ്റംബറോടെ പുത്തൻ ‘ആർ വി 400’ ലഭിക്കുമെന്നാണു റിവോൾട്ട് മോട്ടഴ്സിന്റെ വാഗ്ദാനം. വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള ‘ഫെയിം രണ്ട്’ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിച്ചതോടെ ബൈക്കിന്റെ വില 28,000 രൂപയോളം കുറഞ്ഞിട്ടുണ്ട്. ബൈക്കിനു കരുത്തേകുന്നത് 72 വോൾട്ട്, 3.24 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററിക്കൊപ്പമെത്തുന്ന മൂന്നു കിലോവാട്ട്(മിഡ് ഡ്രൈവ്) മോട്ടറാണ്; മണിക്കൂറിൽ 85 കിലോമീറ്ററാണു ബൈക്കിനു നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഇകോ, നോർമൽ, സ്പോർട് എന്നീ മൂന്നു റൈഡിങ് മോഡ് സഹിതമാണു ‘മൈ റിവോൾട്ട്’ മൊബൈൽ ആപ്ലിക്കേഷൻ മുഖേന നിയന്ത്രിക്കാവുന്ന മോട്ടർ സൈക്കിൾ എത്തുന്നത്.
മൊബൈൽ ആപ്പിൽ ബൈക്ക് ലൊക്കേറ്റർ/ജിയോ ഫെൻസിങ് സംവിധാനങ്ങളും ഇഷ്ടമുള്ള ശബ്ദം ക്രമീകരിക്കാനുള്ള അവസരവും ബൈക്ക് ഡയഗ്ണോസ്റ്റിക്സ്, ബാറ്ററി സ്റ്റേറ്റസ്, റൈഡ് ഡാറ്റ വിവരങ്ങളും നിർമാതാക്കൾ സജ്ജീകരിച്ചിട്ടുണ്ട്. മുൻ സസ്പെൻഷനായി അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പൂർണമായും ക്രമീകരിക്കാവുന്ന മോണോ ഷോക്കുമാണ് ഘടിപ്പിച്ചിരിക്കുന്നത്.ഹരിയാനയിലെ മനേസാറിലുള്ള ശാലയിലാണു റിവോൾട്ട് മോട്ടഴ്സ് ‘ആർ വി 400’ മോട്ടർ സൈക്കിളുകൾ നിർമിക്കുന്നത്.
English Summary: Revolt RV400 bookings re-open