ചെറിയ രൂപം, വലിയ സ്റ്റൈൽ; വിപണിയിൽ തരംഗം സൃഷ്ടിക്കാന് ഹ്യുണ്ടേയ് കാസ്പർ

Mail This Article
ചെറു എസ്‍യുവി കാസ്പറിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടേയ്. എഎക്സ് വൺ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനമാണ് കാസ്പർ എന്ന പേരിൽ പുറത്തിറങ്ങുക. ജന്മനാടായ ദക്ഷിണ കൊറിയയിൽ അരങ്ങേറുന്ന ഈ കുഞ്ഞൻ എസ്‌യുവി, വൈകാതെ ഇന്ത്യയടക്കമുള്ള വിപണികളിലും വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. മൈക്രോ എസ്‍യുവി സെഗ്‌മെന്റിലേക്ക് എത്തുന്ന വാഹനത്തിന് 5 ലക്ഷം രൂപയിൽ താഴെയായിരിക്കും വില.

ഹ്യുണ്ടേയ് ശ്രേണിയിലെ സബ് കോംപാക്ട് എസ്‌യുവിയായ ‘വെന്യു’വിനു താഴെയാവും ‘കാസ്പർ’ ഇടംപിടിക്കുക. ‘ഗ്രാൻഡ് ഐ10 നിയൊസി’നും ‘സാൻട്രോ’യ്ക്കുമൊക്കെ അടിത്തറയാവുന്ന ‘കെ വൺ’ കോംപാക്ട് കാർ പ്ലാറ്റ്ഫോമിലാണു ഹ്യുണ്ടേയ് ‘കാസ്പറും’ വികസിപ്പിച്ചിരിക്കുന്നത്. മികച്ച ലുക്കാണ് കാസ്പറിന്റെ പ്രധാന ആകർഷണം. മുൻവശത്ത് ചെറിയ ഡേടൈം റണ്ണിങ് ലാംപും വലിയ ഹെഡ്‌ലാംപുകളുമുണ്ട്. കൂടാതെ സൺറൂഫ് അടക്കമുള്ള സൗകര്യങ്ങളും.

ഇന്ത്യയിൽ ലഭ്യമായ എക്സൈസ് ഡ്യൂട്ടി ഇളവുകൾ ബാധകമാവും വിധത്തിൽ 3,595 എംഎമ്മാകും ഈ ചെറിയ എസ്‌യുവിക്കു നീളം. പ്രതീക്ഷിക്കുന്ന വീതി 1,595 എംഎമ്മും ഉയരം 1,575 എംഎമ്മുമാണ്. അങ്ങനെയെങ്കിൽ ഹാച്ച്ബാക്കായ ‘സാൻട്രോ’യെക്കാളും ചെറിയ എസ്‌യുവിയാവും ‘കാസ്പർ’. കാരണം ‘സാൻട്രോ’യുടെ നീളം 3,610 എം എമ്മും വീതി 1,645 എം എമ്മും ഉയരം 1,560 എം എമ്മുമാണ്.

‘കാസ്പറി’നു കരുത്തേകുക ‘ഗാൻഡ് ഐ 10 നിയൊസി’ലെ 1.2 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാവും. 83 ബി എച്ച് പി വരെ കരുത്തും 114 എൻ എം ടോർക്കുമാണ് ഈ എൻജിൻ ‘ഗ്രാൻഡ് ഐ 10 നിയൊസി’ൽ സൃഷ്ടിക്കുന്നത്.

അരങ്ങേറ്റത്തിനു മുന്നോടിയായി ‘കാസ്പറി’ന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപാദനത്തിനു തുടക്കമായിട്ടുണ്ട്. സെപ്റ്റംബറോടെ കാർ വിപണിയിലെത്തുമെന്നാണു പ്രതീക്ഷ. 2023 ലോ 2024 ലോ ‘കാസ്പറി’ന്റെ വൈദ്യുത പതിപ്പും വിൽപനയ്ക്കെത്തിയേക്കും. വൈദ്യുതി മോട്ടറും ഗീയർ ബോക്സും പവർ ഇലക്ടോണിക്സുമുൾപ്പെടുന്ന ബോർഗ്വാർണർ ഇന്റഗ്രേറ്റഡ് ഡ്രൈവ് മൊഡ്യൂൾ(ഐ ഡി എം) സഹിതമാവും ഈ പതിപ്പിന്റെ വരവ്.
English Summary: Hyundai Casper Unveiled