മലിനീകരണമില്ല, ഒറ്റ ടാങ്ക് ഹൈഡ്രജനിൽ 1359 കി.മീ; ചരിത്രമെഴുതി ടൊയോട്ട മിറൈ
Mail This Article
യാത്രാമധ്യേ ഇന്ധനം നിറയ്ക്കാതെ ഏറ്റവുമധികം ദൂരം പിന്നിടുന്ന മലിനീകരണ മുക്ത വാഹനമെന്ന ഗിന്നസ് ലോക റെക്കോർഡ് ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയുടെ ഹൈഡ്രജൻ ഇന്ധന സെൽ കാറായ മിറൈയ്ക്ക്. മലിനീകരണ വിമുക്തവും പരിസ്ഥിതി സൗഹൃദവുമായ ബ്രാൻഡായി മാറാനുള്ള ടൊയോട്ടയുടെ കുതിപ്പിന് പുത്തൻ ഊർജമാവുകയാണ് മിറൈ. ഒറ്റ ടാങ്ക് ഹൈഡ്രജനിൽ ദക്ഷിണ കലിഫോണിയ ചുറ്റി തിരിച്ചെത്തുമ്പോഴേക്ക് 1,359 കിലോമീറ്റർ ദൂരമാണു മിറൈ പിന്നിട്ടത്. ഇതോടെ മലിനീകരണ വിമുക്തമായ വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ പുതിയ ചരിത്രമാണു പിറന്നതെന്നും ടൊയോട്ട മോട്ടോർ കോർപറേഷൻ അവകാശപ്പെടുന്നു.
ഗിന്നസ് ലോക റെക്കോഡ് അധികൃതരുടെ സൂക്ഷ്മമായ നിരീക്ഷണത്തിലാണു മിറൈ ഇന്ധനക്ഷമതയിൽ പുത്തൻ ഉയരങ്ങൾ കീഴടക്കിയതെന്നു ടൊയോട്ട വിശദീകരിച്ചു. ടൊയോട്ടയുടെ മലിനീകരണ വിമുക്തമായ വാഹന ശ്രേണിയിലെ മിന്നുംതാരമാവാൻ പ്രാപ്തിയുള്ള ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയിൽ കമ്പനിക്ക് അഭിമാനമുണ്ടെന്ന് ടൊയോട്ട മോട്ടോർ നോർത്ത് അമേരിക്ക എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബോബ് കാർട്ടർഅഭിപ്രായപ്പെട്ടു. 2016ൽ നോർത്ത് അമേരിക്കയിൽ വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പനയ്ക്കെത്തുന്ന ആദ്യ ഇന്ധന സെൽ വൈദ്യുത വാഹനമായിരുന്നു മിറൈ എന്ന് അദ്ദേഹം അനുസ്മരിച്ചു. ഇപ്പോഴാവട്ടെ പുതുതലമുറ മിറൈ ഇന്ധനക്ഷമതയിൽ പുത്തൻ റെക്കോഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ഓഗസ്റ്റ് 23ന് കലിഫോണിയയിലെ ഗാർഡെനയിലുള്ള ടൊയോട്ട ടെക്നിക്കൽ സെന്ററി(ടി ടി സി)യിൽ നിന്നായിരുന്നു മിറൈയുടെ ദ്വിദിന യാത്രയുടെ തുടക്കം; സാൻ സിഡ്രൊ, സാന്റ ബാർബറ, സാന്റ മോണിക്ക, മാലിബു വഴി ടിടിസിയിൽ തിരിച്ചെത്തുമ്പോഴേക്കു കാർ 761 കിലോമീറ്റർ പിന്നിട്ടിരുന്നു. പിറ്റേന്ന് ലൊസാഞ്ചലസിലനും ഓറഞ്ച് കൗണ്ടിക്കും മധ്യേ സാൻ ഡിയാഗൊ ഫ്രീവേയിലായിരുന്നു മിറൈയുടെ യാത്ര. ഇന്ധന ടാങ്ക് കാലിയാവും വരെ നീണ്ട യാത്രയ്ക്കൊടുവിൽ കാർ ടി ടി സിയിൽ തിരിച്ചെത്തിക്കുമ്പോൾ ഓഡോമീറ്ററിൽ രേഖപ്പെടുത്തിയ ദൂരം 1,359 കിലോമീറ്ററായിരുന്നു.
രണ്ടു നാളത്തെ യാത്രയ്ക്കായി ‘മിറൈ’ ഉപയോഗിച്ചത് 5.65 കിലോഗ്രാം ഹൈഡ്രജനാണ്; യാത്രാപഥത്തിൽ 12 ഹൈഡ്രജൻ സ്റ്റേഷനുകൾ കടന്നു പോയെങ്കിൽ ‘മിറൈ’ ഒരിടത്തും ഇന്ധനം നിറച്ചില്ലെന്നും ടൊയോട്ട വ്യക്തമാക്കി.
English Summary: Toyota Mirai sets Guinness World Record, covers 1359 km without refuelling