അൾട്ടിമെയുടെ 600 യൂണിറ്റും വിറ്റു തീർന്നു, അവെന്റഡോർ യുഗത്തിന് അവസാനം

Mail This Article
ഇറ്റാലിയൻ അത്യാഡംബര സൂപ്പർ കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗിനിയുടെ പതാകവാഹക മോഡലായ അവെന്റഡോറിന്റെ അന്തിമ പതിപ്പായ എൽ പി 780 – 4 അൾട്ടിമെയുടെ 600 യൂണിറ്റും വിറ്റു തീർന്നു. അവെന്റഡോറിനോടു വിട ചൊല്ലുന്നതിനൊപ്പം വി 12 ആന്തരിക ജ്വലന എൻജിൻ(ഐ സി ഇ) നിർമാണവും അവസാനിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഫോക്സ്‌വാഗണ്‍ ഗ്രൂപ്പിൽപെട്ട ലംബോർഗ്നി.
ഭാവിയിൽ ഈ വി 12 പവർട്രെയ്നിന്റെ വൈദ്യൂതീകൃത പതിപ്പ് മാത്രമാവും ലംബോർഗിനി ഉപയോഗിക്കുക. വൈദ്യുത പവർ ട്രെയ്നും നിലവിലെ വി 12 എൻജിനുമായി സിലിണ്ടറുകളുടെ എണ്ണത്തിൽ മാത്രമാവും സാമ്യമെന്നും കമ്പനി വ്യക്തമാക്കുന്നു. അവെന്റഡോറിന്റെ പിൻഗാമിക്കു കരുത്തേകുക പുത്തൻ വി 12 യൂണിറ്റായ പെട്രോൾ – വൈദ്യുത സങ്കര ഇന്ധന പവർട്രെയ്നാവുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിഹാസമാനങ്ങളുള്ള മുഴ്സിലാഗൊയുടെ പിൻഗാമിയായി 2011ലായിരുന്നു അവെന്റഡോർ അരങ്ങേറിയത്. തുടർന്നുള്ള ഒൻപതു വർഷത്തിനിടെ ഇറ്റലിയിലെ സന്ത്അഗ്ത ബൊളോണീസിലെ നിർമാണശാലയിൽ നിന്ന് വി 12 എൻജിനുള്ള 10,000 ‘അവെന്റഡോർ’ സൂപ്പർ കാറുകളാണു നിരത്ത് വാഴാനെത്തിയത്.
ജനീവ മോട്ടോർ ഷോയിലായിരുന്നു എൽ പി 700 – 4 കൂപ്പെ ആയി അവെന്റഡോറിന്റെ അരങ്ങേറ്റം. ഭാരം കുറഞ്ഞ കാർബൺ ഫൈബർ മോണോകോക്ക് ബോഡിയും പുഷ് റോഡ് സസ്പെൻഷനുമൊക്കെയുള്ള കാറിനു കരുത്തേകിയിരുന്നത് 6.5 ലീറ്റർ, വി 12 എൻജിനാണ്. 700 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാൻ പോന്ന ഈ എൻജിനു കൂട്ടാവട്ടെ ഏഴു സ്പീഡ് ഓട്ടമേറ്റഡ് സിംഗിൾ ക്ലച് ഗീയർബോക്സായിരുന്നു.
തുടർന്നുള്ള വർഷങ്ങളിൽ കൂപ്പെ, റോഡ്സ്റ്റർ വിഭാഗങ്ങളിലായി യഥാർഥ എൽ പി 700–4, കരുത്തേറിയ എൽ പി 750 – 4 സൂപ്പർ വെലോസ്(എസ് വി), പരിഷ്കരിച്ച എസ് എൽ പി 740 – 4, ട്രാക്ക് കേന്ദ്രീകൃതമായ ‘എൽ പി 770 - 4 എസ് വി ജെ’ എന്നിവയിലൂടെ ‘അവെന്റഡോർ’ ശ്രേണി വളർന്നു. ഒപ്പം ‘അവെന്റഡോർ’ ആധാരമാക്കി ‘ജെ റോഡ്സ്റ്റർ’, ‘വെനിനൊ’, ‘സെന്റിനാരിനൊ’, ‘എസ് സി 18 ആൽസ്റ്റൻ’, ‘സിയാൻ എഫ് കെ പി 37’, ‘എസ്സെൻസ എസ് സി വി 12’, ‘എസ് സി 20’, ‘കൗണ്ടാക് എൽ പി ഐ 800 - 4’ തുടങ്ങിയ പ്രത്യേക പതിപ്പുകളും ലംബോർഗ്നി സാക്ഷാത്കരിച്ചു. ഒടുവിൽ ‘അവെന്റഡോറി’ന്റെ വിടവാങ്ങൽ പതിപ്പാവാൻ ‘എൽ പി 780 - 4 അൾട്ടിമെ’യുമെത്തി. ‘അൾട്ടിമെ’ ശ്രേണിയിൽ 350 കൂപ്പെയും 250 റോഡ്സ്റ്ററുമാവും നിർമിക്കുകയെന്നും ലംബോർഗ്നി പ്രഖ്യാപിച്ചിരുന്നു.
മൂന്നു വർഷത്തിനകം മോഡൽ ശ്രേണി പൂർണമായും വൈദ്യുതീകരിക്കാനുള്ള തയാറെടുപ്പിലാണു ലംബോർഗ്നി. ഇതോടെ ‘അവെന്റഡോറി’ന്റെയും ‘ഹുറാകാ’ന്റെയും പിൻഗാമികൾ വൈദ്യുത കാറുകളാവുമെന്ന് ഉറപ്പായിട്ടുണ്ട്. ഒപ്പം പരിഷ്കരിച്ച പതിപ്പിനു പിന്നാലെ ‘ഉറുസി’ന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് വകഭേദവും കമ്പനി പരിഗണിക്കുന്നുണ്ട്. ലംബോർഗ്നി ശ്രേണിയിലെ ആദ്യത്തെ പൂർണ വൈദ്യുത മോഡൽ 2025നും 2027നുമിടയ്ക്കു നിരത്തിലെത്തുമെന്നാണു പ്രതീക്ഷ.
English Summary: Lamborghini stops taking Aventador orders as Ultimae sells out