ഇന്ത്യൻ വിപണിയിലെ വില കുറഞ്ഞ ഡീസൽ വാഹനങ്ങൾ
Mail This Article
സ്വന്തം വാഹനത്തിൽ ദീര്‍ഘ യാത്ര പതിവാക്കിയവരിൽ മിക്കവർക്കും ഇന്നും പ്രിയം ഡീസല്‍ വാഹനങ്ങളോടാണ്. എന്നാല്‍ മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ കര്‍ശനമായതോടെ ഇന്ത്യന്‍ വാഹന വിപണിയില്‍നിന്നു പല ഡീസല്‍ വാഹനങ്ങളും പിന്‍വലിക്കേണ്ടി വന്നു. നിയന്ത്രണങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വിപണിയിലെ വെല്ലുവിളികളെ അതിജീവിക്കുന്ന ഡീസല്‍ വാഹനങ്ങള്‍ ഇന്നും വിപണിയിലുണ്ട്. ഇന്ത്യന്‍ വിപണിയിൽ വിൽപനയിൽ മുന്നിലുള്ള പത്തു ഡീസല്‍ വാഹനങ്ങളെ പരിചയപ്പെടാം.
ടാറ്റ ആള്‍ട്രോസ്
ഇന്ത്യയിലെ ഡീസല്‍ കാറുകളില്‍ ഏറ്റവും കുറഞ്ഞ വിലയും കൂടിയ കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്ന മോഡലാണ് ടാറ്റ ആള്‍ട്രോസ്. എട്ടു ലക്ഷം രൂപ മുതല്‍ 10.40 ലക്ഷം രൂപ വരെയാണ് വില. 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഈ ഹാച്ച്ബാക്കിന് ടാറ്റ നല്‍കിയിരിക്കുന്നത്. 90 എച്ച്പി കരുത്തും പരമാവധി 200 എൻഎം ടോര്‍ക്കും പുറത്തെടുക്കുന്ന ഈ എന്‍ജിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്. ലീറ്ററിന് 23.64 കിലോമീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമതയും ടാറ്റയുടെ വാഗ്ദാനമാണ്. ഇന്ത്യയില്‍ നിലവിലുള്ള ഏക ഡീസല്‍ ഹാച്ച്ബാക്ക് എന്ന വിശേഷണവും ടാറ്റ ആള്‍ട്രോസിന് സ്വന്തം.
മഹീന്ദ്ര ബൊലേറോ നിയോ
ഇന്ത്യന്‍ വിപണിയിൽ ഏറ്റവും അധികം വിൽക്കുന്ന എസ്‌യുവികളിലെ ആദ്യ പേരാണ് ബൊലേറോ നിയോ. മഹീന്ദ്രയുടെ ജനകീയ മുഖമായ ബൊലേറോ നിയോയിൽ 1.5 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സുമാണ് ഉപയോഗിക്കുന്നത്. 100 എച്ച്പി കരുത്തും 260 എൻഎം പരമാവധി ടോര്‍ക്കും ഈ എന്‍ജിന് പുറത്തെടുക്കാനാവും. നിയോയുടെ വില 9.62 ലക്ഷം രൂപ മുതല്‍ 12.14 ലക്ഷം രൂപ വരെയാണ്.
മഹീന്ദ്ര ബൊലേറോ
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന യൂട്ടിലിറ്റി വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര ബൊലേറോ. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇന്ത്യന്‍ വിപണിയില്‍ തിളങ്ങി നിൽക്കുന്ന ബൊലേറോയുടെ വില 9.78 ലക്ഷം രൂപ മുതല്‍ 10.79 ലക്ഷം രൂപ വരെയാണ്. 1.5 ലീറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്റെ കരുത്ത് 76 എച്ച്പി, പരമാവധി ടോർക്ക് 210 എൻഎം.
മഹീന്ദ്ര എക്‌സ്‌യുവി 300
1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് മഹീന്ദ്ര എക്‌സ്‌യുവി 300ൽ. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സാണുള്ളത്. 5 സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി റേറ്റിങ് ലഭിച്ച രണ്ട് കോംപാക്ട് എസ്‌യുവികളിലൊന്നാണിത്. കരുത്ത് 117 എച്ച്പി, ടോർക്ക് 300 എൻഎം. മഹീന്ദ്ര എക്‌സ്‌യുവിയുടെ വില 9.90 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഉയര്‍ന്ന മോഡലിന് വില 14.60 ലക്ഷം വരെ.
കിയ സോണറ്റ്
കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറെ പ്രചാരം നേടിയ വാഹനമാണ് സോണറ്റ്. പെട്രോള്‍, ടര്‍ബോ പെട്രോള്‍, ടര്‍ബോ ഡീസല്‍ എന്നിങ്ങനെ മൂന്ന് എൻജിന്‍ ഓപ്ഷനുകള്‍ ഈ വാഹനത്തിനുണ്ട്. 9.95 ലക്ഷം രൂപ മുതല്‍ 14.89 ലക്ഷം വരെയാണ് വില. 1.5 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. പരമാവധി 250 എൻഎം ടോര്‍ക്കും 116 എച്ച്പി കരുത്തും ഈ വാഹനത്തിനുണ്ട്.
ടാറ്റ നെക്‌സോണ്‍
ഈ വിഭാഗത്തില്‍ ഏറെ പ്രചാരമുള്ള വാഹനങ്ങളിലൊന്നാണ് ടാറ്റയുടെ നെക്‌സോണ്‍. 2022ലെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ എസ്‌യുവിയും ഇതു തന്നെ. 5 സ്റ്റാര്‍ ഗ്ലോബല്‍ എന്‍സിഎപി റേറ്റിങും നെക്‌സോണിന്റെ പ്രചാരം വര്‍ധിപ്പിച്ചു. 10 ലക്ഷം മുതല്‍ 13.70 ലക്ഷം രൂപ വരെയാണ് നെക്‌സോണിന്റെ വിവിധ മോഡലുകളുടെ വില. 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 115 എച്ച്പി കരുത്തും പരമാവധി 260 എൻഎം ടോര്‍ക്കും പുറത്തെടുക്കാനാവും. ലീറ്ററിന് 23.22 കിലോമീറ്ററാണ് ഇന്ധനക്ഷമത. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് എഎംടി ഗിയര്‍ബോക്‌സില്‍ നെക്‌സോണ്‍ എത്തുന്നു.
ഹ്യുണ്ടേയ് വെന്യു
ഹ്യുണ്ടേയുടെ ഈ ഡീസല്‍ മോഡലിന്റെ വില 10.46 ലക്ഷം രൂപ മുതല്‍ 13.14 ലക്ഷം രൂപ വരെയാണ്. 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 116 എച്ച്പി, 250 എൻഎം ടോര്‍ക്കും ഉൽപാദിപ്പിക്കാനാകും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തിന് ഹ്യുണ്ടേയ് നല്‍കിയിരിക്കുന്നത്.
മഹീന്ദ്ര ഥാര്‍
ഇന്ത്യയുടെ പ്രിയ ഓഫ് റോഡര്‍ വാഹനങ്ങളിലൊന്നായ ഥാര്‍ രണ്ട് ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ എത്തുന്നുണ്ട്. ആദ്യത്തേത് 118 എച്ച്പി, 300 എൻഎം, 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ്. രണ്ടാമത്തെ എന്‍ജിന്‍ 132 എച്ച്പി, 300 എൻഎം, 2.2 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ്. രണ്ടിലും 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണുള്ളത്. 1.5 ഥാര്‍ റിയര്‍ വീല്‍ ഡ്രൈവിലും 2.2 ഥാര്‍ ഫോര്‍ വീല്‍ ഡ്രൈവിലുമാണ് എത്തുന്നത്. വില 10.55 ലക്ഷം മുതല്‍ 16.78 ലക്ഷം രൂപ വരെ.
ഹ്യുണ്ടേയ് ക്രേറ്റ
ഡീസല്‍ എന്‍ജിനുകളുള്ള മിഡ് സൈസ് എസ്‌യുവികളില്‍ സെല്‍റ്റോസിന് പുറമേയുള്ള വാഹനമാണ് ഹ്യുണ്ടേയുടെ ക്രെറ്റ. വെന്യുവിന് സമാനമായ 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എൻജിനാണ് ക്രേറ്റയിലുള്ളത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് ക്രേറ്റയ്ക്ക് നല്‍കിയിരിക്കുന്നത്. വില 11.96 ലക്ഷം രൂപ മുതല്‍ 19.20 രൂപ വരെ.
കിയ സെല്‍റ്റോസ്
116 എച്ച്പി, 250 എൻഎം, 1.5 ലീറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് കിയ സെല്‍റ്റോസിലുള്ളത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് iMT ഗിയര്‍ബോക്‌സില്‍ സെല്‍റ്റോസ് എത്തുന്നു.12.39 ലക്ഷം രൂപ മുതല്‍ 19.65 ലക്ഷം രൂപ വരെയാണ് വില.
English Summary: Most affordable Diesel Cars, SUVs in India in April 2023