ജീപ്പിന് തിരിച്ചടി, മഹീന്ദ്രയ്ക്ക് റോക്സർ അമേരിക്കയിൽ വിൽക്കാം

Mail This Article
അമേരിക്കയില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അനുകൂല കോടതിവിധി സ്വന്തമാക്കി മഹീന്ദ്ര. ജീപ് മോഡലുകളുമായി റോക്സറിന് രൂപസാദൃശ്യമുണ്ടെന്ന ആരോപണമാണ് മഹീന്ദ്രയെ അമേരിക്കയില്‍ കോടതി കയറ്റിയത്. ആവശ്യമായ രൂപമാറ്റങ്ങള്ക്കുശേഷം മഹീന്ദ്ര 2020നു ശേഷം പുറത്തിറക്കിയ റോക്സര്‍ അമേരിക്കയില്‍ വില്കാമെന്നാണ് മിഷിഗണിലെ ഈസ്റ്റേണ്‍ ഡിസ്റ്റിക് കോടതിയുടെ ഉത്തരവ്.
2018ലാണ് അമേരിക്കയിലെ മഹീന്ദ്രയുടെ നിയമയുദ്ധം ആരംഭിക്കുന്നത്. ജീപ്പ് സിജെ മോഡലുകളുമായി മഹീന്ദ്രയുടെ റോക്സറിന് സാമ്യതയുണ്ടെന്ന് ആരോപിച്ച് ഫിയറ്റ് ക്രിസ്ലര് ഓട്ടോമൊബൈല്‍സാണ്- FCA(ഇന്നത്തെ സ്റ്റെല്ലാന്റിസ്) യു.എസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനെ സമീപിച്ചത്. അമേരിക്കയില്‍ മഹീന്ദ്ര റോക്സറിന്റെ വില്പന തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. നിയമയുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ വിജയം എഫ്സിഎക്കായിരുന്നു.
റോക്സറിന്റെ രൂപത്തില്‍ മാറ്റം വരുത്തി മഹീന്ദ്ര വീണ്ടും യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷനെ സമീപിച്ചു. ജീപിനോട് സാമ്യതയുള്ള മുന്നിലെ കുത്തനെയുള്ള ഗ്രില്ലെ തിരശ്ചീനമാക്കിയതായിരുന്നു പ്രധാനപ്പെട്ട മഹീന്ദ്ര വരുത്തിയ രൂപമാറ്റം. ഇത്തവണ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന് മഹീന്ദ്രക്കൊപ്പം നില്‍ക്കുകയും രൂപമാറ്റം വരുത്തിയ 2020നു ശേഷമുള്ള റോക്സര്‍ അമേരിക്കയില്‍ വില്‍ക്കാമെന്ന് വിധിക്കുകയും ചെയ്തു.
ഈ തീരുമാനത്തിനെതിരെ എഫ്സിഎ വീണ്ടും അപ്പീല്‍ നല്കി. മഹീന്ദ്ര റോക്സറിന്റെ രൂപത്തില്‍ മാറ്റം വരുത്തിയെങ്കിലും ജീപുമായി സാദൃശ്യമുണ്ടെന്നു കാണിച്ചാണ് എഫ്സിഎ കീഴ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇപ്പോള്‍ റോക്സറിനും മഹീന്ദ്രക്കും അനുകൂലമായ കോടതിവിധിയുണ്ടായിരിക്കുന്നത്.
അമേരിക്കയില്‍ റോഡിലൂടെ ഓടിക്കാന്‍ നിയമപരമായി അനുമതിയുള്ള വാഹനമല്ല മഹീന്ദ്ര റോക്സര്‍. വലിയ കൃഷിയിടങ്ങള്‍ പോലുള്ള സ്വകാര്യ സ്ഥലങ്ങളിലാണ് റോക്സര്‍ ഉപയോഗിക്കാനാവുക. 20,599 ഡോളര്‍ മുതലാണ് റോക്സറിന്റെ വില ആരംഭിക്കുന്നത്. 2.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്ജിന് 62 എച്ച്.പി കരുത്തുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണുള്ളത്. ഓള് വീല്‍ ഡ്രൈവും റോക്സര്‍ പിന്തുണക്കുന്നുണ്ട്. മേല്‍ക്കൂരയും ജനലുകളുമുള്ള ഓള് വെതര്‍ മോഡലും 28,739 ഡോളറിന് മഹീന്ദ്ര അമേരിക്കയില്‍ വില്‍ക്കുന്നുണ്ട്.
English Summary: Mahindra subsidiary allowed to continue production, sale of Roxor in US