രോഹിത് ശർമയുടെ കാർ 200 കി.മീ വേഗത്തിൽ പാഞ്ഞോ? സത്യം അറിയാം
Mail This Article
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ 200 കിലോമീറ്റര്‍ വേഗത്തിൽ കാറോടിച്ചതിന് പിഴ ലഭിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മുംബൈ പുണെ എക്‌സ്പ്രസ് വേയില്‍ അമിത വേഗത്തിന് രോഹിത് ശര്‍മയുടെ കാറിന് ചലാന്‍ ലഭിച്ചുവെന്നത് സത്യമാണ്. എന്നാല്‍ വേഗം ഇരട്ടസെഞ്ചുറി പിന്നിട്ടുവെന്നതില്‍ വസ്തുതയുണ്ടോ?
തിരക്കേറിയ മുംബൈ പുണെ എക്‌സ്പ്രസ് വേയിലൂടെ ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സത്തിനു മുമ്പാണ് രോഹിത് ശര്‍മ അസാധാരണ വേഗത്തില്‍ കാര്‍ ഓടിച്ചത്. മണിക്കൂറില്‍ 215 കിലോമീറ്റര്‍ വരെ വേഗത്തില്‍ രോഹിത്തിന്റെ ലംബോര്‍ഗിനി ഉറുസ് പാഞ്ഞുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അത് ഭാഗീകമായി തെറ്റാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
എക്‌സ്പ്രസ് വേയിലെ വേഗ പരിധി രോഹിത് ശര്‍മയുടെ കാര്‍ ലംഘിച്ചെന്നത് സത്യമാണ്. എന്നാല്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തിൽ പാഞ്ഞു എന്നത് അസത്യമാണ്. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കാന്‍ അനുമതിയുള്ള എക്‌സ്പ്രസ് വേയിലൂടെ മണിക്കൂറില്‍ 105 കിലോമീറ്റര്‍, 117 കിലോമീറ്റര്‍ വേഗതയിലാണ് രോഹിത് ശർമ പാഞ്ഞത്. ഈ രണ്ട് നിയമലംഘനങ്ങള്‍ക്കുമായി 4,000 രൂപ പിഴ ലഭിക്കുകയും വ്യാഴാഴ്ച്ച പിഴ രോഹിത് ശർമ അടയ്ക്കുകയും ചെയ്തു. എക്‌സ്പ്രസ് വേയിലെ ക്യാമറകളിലാണ് രോഹിത്തിന്റെ അമിത വേഗം പതിഞ്ഞത്.
മുംബൈയിലൂടെ ലംബോര്‍ഗിനി ഉറുസില്‍ പോവുന്ന രോഹിത് ശര്‍മയുടെ ദൃശ്യം നേരത്തേ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തു തന്നെ അതിവേഗം വിറ്റഴിയുന്ന ലംബോര്‍ഗിനി മോഡലുകളിലൊന്നാണ് ഉറുസ്. മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ വേഗത്തില്‍ വരെ പറക്കാവുന്ന ഉറുസ് ലോകത്തെ ഏറ്റവും വേഗമുള്ള എസ്‌യുവികളിലൊന്നാണ്. ആധുനിക നാടന്‍ കന്നുകാലികളുടെ പൂര്‍വികനായ ഉറുസില്‍ നിന്നാണ് ഈ പേരിന്റെ പിറവി.
നീല നിറത്തിലുള്ള ഉറുസാണ് രോഹിത് സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ രോഹിത് ശർമയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 264 തന്നെയാണ് ഈ സൂപ്പര്‍ കാറിന്റെ നമ്പറും. 650പിഎസ്, 850 എൻഎം, 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഉറുസിന്. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി യോജിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 4.2 കോടി രൂപ മുതല്‍ വില വരുന്ന വാഹനമാണിത്.