ഡബിൾ സ്ട്രോങ്ങാണ് ടാറ്റ; ബിഎൻസിഎപിയിൽ 5 സ്റ്റാർ നേടുന്ന ആദ്യ വാഹനങ്ങൾ ഇത്
Mail This Article
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ സുരക്ഷ നേടുന്ന ആദ്യ വാഹനങ്ങൾ എന്ന ചരിത്ര നേട്ടം സ്വന്തമാക്കി ടാറ്റ ഹാരിയറും സഫാരിയും. ഡിസംബർ 15 ന് നടത്തിയ ആദ്യത്തെ ഭാരത് ക്രാഷ് ടെസ്റ്റിലാണ് ഹാരിയറിനും സഫാരിക്കും അഞ്ച് സ്റ്റാർ ലഭിച്ചത്. നേരത്തെ ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിലും സഫാരിയും ഹാരിയറും അഞ്ച് സ്റ്റാർ നേടിയിരുന്നു.
ഭാരത് ക്രാഷ് ടെസ്റ്റിൽ ടാറ്റ വാഹനങ്ങൾ അഞ്ച് സ്റ്റാർ സ്വന്തമാക്കിയ വിവരം കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ടാറ്റയുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദനവും ഗഡ്കരി അർപ്പിച്ചിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷയ്ക്ക് 32 ൽ 30.08 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 44.54 പോയിന്റും ഇരുവാഹനങ്ങളും കരസ്ഥമാക്കി.
സൈഡ് ബാരിയർ ടെസ്റ്റില്‍ 16 ൽ 16 പോയിന്റും ഫ്രണ്ടൽ ഓഫ് സെറ്റ് ബാരിയർ ടെസ്റ്റില്‍ 16 ൽ 14.08 പോയിന്റ് ടാറ്റ വാഹനങ്ങൾ കരസ്ഥമാക്കി. ഡിസംബർ 2023 ൽ നിർമിച്ച ആറ് എയർബാഗുകളുള്ള വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയത്. ഹാരിയർ മാനുവൽ, ഓട്ടമാറ്റിക് മോഡലുകൾക്കും സഫാരി മാനുവൽ, ഓട്ടമാറ്റിക് വകഭേദങ്ങള്‍ക്കും റേറ്റിങ് ബാധകമാണെന്നാണ് ബിഎൻസിഎപി അറിയിക്കുന്നത്.
ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ മുതിർന്നവരുടെ സുരക്ഷയിൽ 34 പോയിന്റിൽ 33.05 പോയിന്റും ഇരുവാഹനങ്ങളും നേടിയിരുന്നു. ടെസ്റ്റിൽ 2 വാഹനങ്ങളും ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണമാണ് നൽകിയത്. ചെസ്റ്റിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വാഹനം സൈഡ് ഇംപാക്ടിൽ കർട്ടൻ എയർബാഗുകളുടെ സുരക്ഷ കൃത്യമായി നിർവഹിച്ചിട്ടുണ്ട്.
ഈ വർഷം ഒക്ടോബറിലാണ് ടാറ്റ പുതിയ ഹാരിയറിനേയും സഫാരിയേയും ടാറ്റ പുറത്തിറക്കിയത്. ടാറ്റ ഹാരിയറിന്റെ വില 15.49 ലക്ഷം രൂപ മുതലും സഫാരിയുടെ വില 16.19 ലക്ഷം രൂപ മുതലും ആരംഭിക്കുന്നത്. ബിഎസ് 6.2 എൻജിനാണ് ഇരു വാഹനങ്ങളിലും. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ഡീസൽ എൻജിൻ. ഇക്കോ, സിറ്റി, സ്പോർട്സ് ഡ്രൈവ് മോഡുകളും നോർമൽ, വെറ്റ്, റഫ് ടെറൈൻ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക് കണ്‍വേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സുകൾ.