ADVERTISEMENT

ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളില്‍ മൂന്നാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്‌സ് 2024ല്‍ പുതിയ കുതിപ്പിനൊരുങ്ങുകയാണ്. നിലവില്‍ ഇന്ത്യന്‍ കാര്‍വിപണിയില്‍ 13.76 ശതമാനം വിപണിവിഹിതവുമായി മൂന്നാം സ്ഥാനത്താണ് ടാറ്റ മോട്ടോഴ്‌സ്. 2023ല്‍ 5.50 ലക്ഷം വാഹനങ്ങള്‍ വില്‍ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന ടാറ്റമോട്ടോഴ്‌സ് എക്കാലത്തേയും മികച്ച അഞ്ചുശതമാനം വില്‍പന വളര്‍ച്ചയാണ് ഇതുവഴി കൈവരിക്കുക. ഇതുതന്നെ മികച്ച നേട്ടമാണെങ്കിലും അടുത്തവര്‍ഷം അതുക്കും മേലെ നേടാനാണ് ടാറ്റ മോട്ടോഴ്‌സ് ശ്രമിക്കുന്നത്. 

ഏതാണ്ട് പത്തു ശതമാനത്തോളം വില്‍പന വളര്‍ച്ച 2024ല്‍ കൈവരിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നത്. പരമ്പരാഗത ഐ സി ഇ വാഹനങ്ങള്‍ക്കു പുറമേ സി എന്‍ ജി, ഇ വി വിഭാഗത്തിലും പുതിയ മോഡലുകള്‍ കൂടി എത്തുന്നതോടെ ഈ ലക്ഷ്യം സാധ്യമാണന്നാണ് ടാറ്റ മോട്ടോഴ്‌സ് കണക്കുകൂട്ടുന്നത്. അടുത്ത വര്‍ഷം ഇറങ്ങാനിരിക്കുന്നതു മാത്രമല്ല 2023 അവസാനത്തില്‍ ഇറങ്ങിയ മോഡലുകളും വില്‍പനയുടെ വേഗത കൂട്ടുന്നുണ്ട്. 

മുഖം മിനുക്കിയെത്തിയ നെക്‌സോണിനും നെക്‌സോണ്‍ ഇ വിക്കും ഹാരിയറിനും സഫാരിക്കുമെല്ലാം മികച്ച സ്വീകാര്യതയാണ് ഇന്ത്യന്‍ വിപണിയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. നെക്‌സോണും നെക്‌സോണ്‍ ഇ വിയും ചേര്‍ന്ന് ഒരു ലക്ഷത്തിലേറെ ബുക്കിങ് സ്വന്തമാക്കിയെന്നും ഇതില്‍ 85,000 ബുക്കിങ് ഐ സി ഇ വകഭേദത്തിനാണെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വിഭാഗം എംഡി ശൈലേഷ് ചന്ദ്ര അറിയിച്ചിരുന്നു.

പുതിയ മോഡലുകള്‍ക്കൊപ്പം ടാറ്റയുടെ വാഹനങ്ങള്‍ സൗകര്യങ്ങളിലും സുരക്ഷയിലും മുന്നില്‍ നില്‍കുന്നതും വില്‍പനയെ സഹായിക്കുന്നുണ്ട്. ഗ്ലോബല്‍ എന്‍സിഎപി, ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ ടാറ്റയുടെ എസ് യു വികള്‍ 5 സ്റ്റാര്‍ന നേടിയത് ഉപഭോക്താക്കളില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ഹാരിയറും സഫാരിയുമെല്ലാം ഓരോ മാസം കഴിയുമ്പോഴും കൂടുതല്‍ എണ്ണം വിറ്റുപോവുന്നതും ടാറ്റക്ക് പുതിയ ലക്ഷ്യങ്ങള്‍ കണക്കുകൂട്ടാന്‍ കാരണമായി. നവംബറിലെ ടാറ്റ സഫാരിയുടെ വില്‍പന കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 64.70 ശതമാനമാണ് വര്‍ധിച്ചത്. 

2024ല്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ടാറ്റ മോട്ടോഴ്‌സിന്റെ മോഡല്‍ ടാറ്റ കര്‍വാണ്. വലിയ മത്സരം നടക്കുന്ന എസ്.യു.വി വിഭാഗത്തിലേക്കാണ് കര്‍വിന്റെ വരവ്. ഹ്യുണ്ടേയ് ക്രറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ഹോണ്ട എലിവേറ്റ് എന്നിങ്ങനെ നിലവില്‍ വിപണി പിടിച്ചിരിക്കുന്ന മോഡലുകളുമായിട്ടാവും ടാറ്റ  കര്‍വിന്റെ മത്സരം. വൈദ്യുത വാഹനമായും ഐ സി ഇ വാഹനമായും കര്‍വ് എത്തും. ഇതില്‍ ആദ്യം പുറത്തിറങ്ങുക കര്‍വിന്റെ വൈദ്യുത മോഡലായിരിക്കും. പിന്നീട് ഐ സി ഇ മോഡലും വിപണിയിലെത്തും. 

ഇന്ത്യയിലെ വൈദ്യുത കാര്‍ വിപണിയില്‍ നേടിയ മേല്‍ക്കോയ്മ നിലനിര്‍ത്താനുള്ള ശ്രമങ്ങളും ടാറ്റ മോട്ടോഴ്‌സ് നടത്തുന്നുണ്ട്. പഞ്ചിന്റെ വൈദ്യുത മോഡല്‍ 2024ല്‍, അതും ജനുവരിയില്‍ തന്നെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ വൈദ്യുത എസ്.യു.വി എന്ന സ്ഥാനം ലക്ഷ്യമാക്കിയാണ് പഞ്ച് ഇ വിയുടെ വരവ്. 2026 ആവുമ്പോഴേക്കും 10 ഇ വി മോഡലുകള്‍ പുറത്തിറക്കുകയെന്നതാണ് ദീര്‍ഘകാല ലക്ഷ്യമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇതില്‍ ഹാരിയര്‍, സഫാരി, സിയേറ എന്നിവയുടെ ഇ വി മോഡലുകളും പെടും. വൈദ്യുത കാറുകള്‍ക്കു മാത്രമായി ഷോറൂമുകള്‍ ആരംഭിച്ചതും ടാറ്റ മോട്ടോഴ്‌സിന്റെ കുതിപ്പിന് കരുത്താവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com