ADVERTISEMENT

പുറത്തിറങ്ങി നാലു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വില്‍പനയുള്ള കാർ എന്ന നേട്ടം സ്വന്തമാക്കി ടെ‌സ്‌ല മോഡൽ വൈ. ജാട്ടൊ ഡൈനാമിക്‌സ് പുറത്തുവിട്ട കാര്‍വില്‍പനയുടെ കണക്കുകളിലാണ് 2023ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റ കാറായി മോഡല്‍ വൈ എത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു ഇലക്ട്രിക് കാര്‍ ലോകത്തെ ഒന്നാം നമ്പര്‍ വില്‍പനയുള്ള കാറായി മാറുന്നത്.

പ്രവര്‍ത്തനം തുടങ്ങി രണ്ടു ദശാബ്ദക്കാലം മാത്രമായ ടെസ്‌ലയുടെ വിജയത്തിന്റെ വലിയൊരു പങ്ക് മോഡല്‍ വൈ എന്ന അവരുടെ കാറിന് അവകാശപ്പെട്ടതാണ്. യൂറോപിലും ചൈനയിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കാറും മോഡല്‍ വൈ തന്നെ. 2023 തുടക്കം മുതല്‍ വില്‍പന പട്ടികയില്‍ മുന്നിലുണ്ടായിരുന്നു മോഡല്‍ വൈ. ആദ്യ പാദത്തില്‍ ഒന്നാമതെത്തിയ മോഡല്‍ മികവ് വര്‍ഷം മുഴുവന്‍ നിലനിര്‍ത്തുകയായിരുന്നു.

Tesla Model Y
Tesla Model Y

വില്‍പനയുടെ പട്ടികയില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ടൊയോട്ടയാണ് സ്വന്തമാക്കിയത്. 2022ലെ ബെസ്റ്റ് സെല്ലിങ് കാറായിരുന്ന ടൊയോട്ട RAV4 2023ല്‍ മോഡല്‍ വൈയുടെ കുതിപ്പോടെ രണ്ടാം സ്ഥാനത്തേക്കൊതുങ്ങി. ടൊയോട്ടയുടെ ഹാച്ച്ബാക്ക് മോഡലായ ടൊയോട്ട കൊറോളയാണ് മൂന്നാം സ്ഥാനത്തുള്ളത്. മൂന്നു ദശാബ്ദത്തിലേറെയായി ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്തിട്ടുള്ള ടൊയോട്ടയുടെ എവര്‍ഗ്രീന്‍ മോഡലുകളാണ് RAV4ഉം കൊറോളയും. ടൊയോട്ടയാവട്ടെ 90 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള വാഹന നിര്‍മാതാക്കളും.

കഴിഞ്ഞ വര്‍ഷം 12 ലക്ഷം മോഡല്‍ വൈ കാറുകളാണ് ലോകത്താകെ ടെസ്‌ല വിറ്റത്. ടെസ്‌ല 2023ല്‍ വിറ്റ പാസഞ്ചര്‍ കാറുകളില്‍ മൂന്നില്‍ രണ്ടും മോഡല്‍ വൈ ആയിരുന്നുവെന്നതും മറ്റൊരു സവിശേഷത. 10.7 ലക്ഷം ടൊയോട്ട RAV4 കാറുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. മൂന്നാം സ്ഥാനത്തുള്ള കൊറോളയുടെ 10.1 ലക്ഷം യൂണിറ്റുകളും 2023ല്‍ വിറ്റഴിഞ്ഞു.

മോഡല്‍ വൈയുടെ വില്‍പനയിലെ കുതിപ്പിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ പലപ്പോഴായി ടെസ്‌ല മോഡല്‍ വൈയുടെ വില കുറച്ചതും വില്‍പനയെ സഹായിച്ചു. വൈദ്യുത വാഹനങ്ങളില്‍ ആഡംബരവും സുരക്ഷയും ഉറപ്പിച്ചതും വൈദ്യുത കാര്‍ നിര്‍മാതാക്കളെന്ന നിലയില്‍ ടെസ്‌ല നേടിയ വിശ്വാസ്യതയും മോഡല്‍ വൈയ്ക്കു ഗുണമായി.

മോഡല്‍ വൈയുടെ വില്‍പന വര്‍ധിച്ചതില്‍ ചൈനക്കും നിര്‍ണായക പങ്കുണ്ട്. പോയവര്‍ഷം 4.56 ലക്ഷത്തിലേറെ മോഡല്‍ വൈ കാറുകള്‍ ചൈനയില്‍ വില്‍ക്കാന്‍ അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ടെസ്‌ലക്കായി. 2022നെ അപേക്ഷിച്ച് 45 ശതമാനം വില്‍പന വളര്‍ച്ചയാണ് മോഡല്‍ വൈ ചൈനയില്‍ നേടിയത്. യൂറോപിലും മോഡല്‍ വൈ ജൈത്രയാത്ര തുടര്‍ന്നു. 2023ല്‍ 2.55 ലക്ഷം മോഡല്‍ വൈ കാറുകളാണ് യൂറോപിലാകെ വിറ്റത്. ഇതിന്റെ ഇരട്ടി വില്‍പന ചൈനയില്‍ മോഡല്‍ വൈക്കുണ്ടെന്നതും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം രാജ്യാന്തരതലത്തില്‍ 18 ലക്ഷം കാറുകളാണ് ടെസ്‌ല വിറ്റത്. 17.7 ലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ഇതില്‍ വലിയ പങ്കും മോഡല്‍ 3, മോഡല്‍ വൈ കാറുകളാണ് സ്വന്തമാക്കിയത്.

English Summary:

Auto News, Tesla Model Y first EV to be crowned world’s best-selling car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com