വേഗത്തിൽ ചാര്‍ജിങ്, കൂടുതല്‍ റേഞ്ച്; ഇലക്ട്രിക് കാലത്ത് ഹൈഡ്രജൻ കാറുകളുടെ ഭാവി എന്ത്?
Mail This Article
ഹരിത ഇന്ധനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാണ് ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള വാഹനങ്ങള്‍. ലോകത്തെ മുന്‍നിര കാര്‍ നിര്‍മാണ കമ്പനികള്‍ ഹൈഡ്രജന്‍ കാറുകളെ പിന്തുണയ്ക്കുന്നുണ്ട്. അവരില്‍ ചിലരെങ്കിലും ബാറ്ററി ഇവികളേയും ഹൈഡ്രജന്‍ കാറുകള്‍ മറികടക്കുമെന്ന പ്രതീക്ഷ പോലും പ്രകടിപ്പിക്കുന്നുണ്ട്. ശരിക്കും ഹൈഡ്രജന്‍ ഒരു ഹരിത ഇന്ധനമാണോ? ബാറ്ററി ഇവികളെ ഹൈഡ്രജന്‍ കാറുകള്‍ മറികടക്കുമോ? മലിനീകരണമില്ലാത്ത ബദല്‍ ഇന്ധനം എന്ന ലോകത്തിന്റെ അന്വേഷണം ഇനി ഹൈഡ്രജനിലാണോ ചെന്നു നില്‍ക്കുക?
ടൊയോട്ടയുടെ നിലപാട്
ഹൈഡ്രജന്‍ കാറുകള്‍ക്കുവേണ്ടി വാദിക്കുന്നവരില്‍ പ്രമുഖര്‍ ജാപ്പനീസ് കാര്‍നിര്‍മാതാക്കളായ ടൊയോട്ട തന്നെയാണ്. ബാറ്ററി വൈദ്യുത കാറുകള്‍ പരമാവധി ആകെ കാര്‍ വിപണിയുടെ 30 ശതമാനം വരെയേ എത്തുമെന്ന പ്രതീക്ഷ ടൊയോട്ട മേധാവി അകിയോ ടൊയോഡ കഴിഞ്ഞ മാസമാണ് പ്രകടിപ്പിച്ചത്. ബാക്കി കാര്‍ വിപണി പരമ്പരാഗത ഇന്റേണൽ കംപസ്റ്റ്യൻ എന്‍ജിനുകളും ഹൈഡ്രജന്‍ കാറുകളും ഭരിക്കുമെന്നാണ് ടൊയോട്ടയുടെ കണക്കുകൂട്ടല്‍. വലിയ തോതില്‍ വിപണി പിടിച്ച ഹൈഡ്രജന്‍ കാറുകളിലൊന്ന് ടൊയോട്ടയുടെ മിറായാണ്.
ബിഎംഡബ്ല്യുവിന്റെ ടെസ്റ്റിങ്
ഹൈഡ്രജന്‍ കാറുകളെക്കുറിച്ചുള്ള അഭിപ്രായം ജർമൻ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവും കഴിഞ്ഞ വര്‍ഷം പരസ്യമാക്കിയിരുന്നു. മലിനീകരണമില്ലാത്ത വാഹനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളിലെ നഷ്ടപ്പെട്ട ഭാഗമാണ് ഹൈഡ്രജന്‍ വാഹനങ്ങളെന്നാണ് ബിഎംഡബ്ല്യു തലവന്‍ ഒലിവര്‍ സിപ്‌സെ പറഞ്ഞത്. ബാറ്ററി സാങ്കേതികവിദ്യയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തുമ്പോഴും ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാര്‍ iX5 ബിഎംഡബ്ല്യു ടെസ്റ്റിങ് നടത്തുന്നുമുണ്ട്.
ഹൈഡ്രജന്‍ ഇന്ധനം എളുപ്പമല്ല
നമ്മുടെ പ്രപഞ്ചത്തില്‍ സുലഭമായ മൂലകമാണ് ഹൈഡ്രജന്‍. എന്നു കരുതി ഇത് എളുപ്പത്തില്‍ ഇന്ധനമായി ഉപയോഗിക്കാനാവുമെന്ന് കരുതരുത്. ശുദ്ധമായ ഹൈഡ്രജന്‍ വേര്‍തിരിച്ചെടുക്കാന്‍ മൂന്നു മാര്‍ഗങ്ങളുണ്ട്. ആദ്യത്തേത് മീഥെയ്ന്‍ വാതകത്തില്‍ നിന്നും കാര്‍ബണ്‍ പുറംതള്ളുമ്പോള്‍ ലഭിക്കുന്നതാണ് ഏറ്റവും ശുദ്ധമായ ഹൈഡ്രജന്‍. എന്നാല്‍ ഇതിനിടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നുവെന്നതാണ് ദോഷം. രണ്ടാമത്തെ രീതിയില്‍ ഹൈഡ്രജന്‍ നിര്‍മിക്കുമ്പോള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവരുന്നുണ്ടെങ്കിലും അത് ഭൂമിക്കടിയില്‍ സൂക്ഷിച്ചു വച്ച് മലിനീകരണം തടയുകയാണ് ചെയ്യുന്നത്. ഇതൊന്നുമല്ലാതെ വെള്ളം വിഘടിപ്പിച്ചും ഹൈഡ്രജന്‍ നിര്‍മിക്കാം. ഇതാണ് മലിനീകരണമില്ലാത്ത ഹരിതമാര്‍ഗം.
ഹൈഡ്രജനെ ഇന്ധനമായി ഉപയോഗിക്കണമെങ്കില്‍ ഒന്നുകില്‍ കത്തിക്കണം അല്ലെങ്കില്‍ ഫ്യുവല്‍ സെല്ലില്‍ ഉപയോഗിക്കണം. ബാറ്ററി സെല്ലുകള്‍ ഇതുപയോഗിച്ച് ചാര്‍ജ് ചെയ്ത് ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ചെയ്യുന്നത്. സ്റ്റെല്ലാന്റിസിലെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വെഹിക്കിള്‍ ഡെവലപ്‌മെന്റ് സിടിഒ ഷോണ്‍ മൈക്കിള്‍ ബില്ലിങ് പറയുന്നത് നാലു മിനിറ്റുകൊണ്ട് ഹൈഡ്രജന്‍ റീഫ്യൂവലിങ് പൂര്‍ത്തിയാവുമെന്നാണ്. വേഗത്തിലുള്ള ചാര്‍ജിങും കൂടുതല്‍ റേഞ്ചുമാണ് പ്രധാന സവിശേഷത. കൂടാതെ ടെയിൽ പൈപ്പ് എമിഷനായി വെള്ളവും വായുവും മാത്രം. കഴിഞ്ഞ മാസം മുതല്‍ ഫ്രാന്‍സിനും പോളണ്ടിനും വേണ്ടി ഹൈഡ്രജന്‍ വാനുകള്‍ സ്‌റ്റെല്ലാന്റിസ് നിര്‍മിച്ചു തുടങ്ങിയിരുന്നു. ചാര്‍ജിങിന് ഒരുപാടു സമയം വേണ്ടി വരുമെന്നതാണ് ബാറ്ററി ഇവികളുടെ പ്രധാന കുറവുകളിലൊന്ന്. ദീര്‍ഘസമയം നിര്‍ത്തിയിടേണ്ടി വരുന്ന ടാക്‌സി എന്നതിന്റെ അര്‍ഥം ധനനഷ്ടമാണെന്നും ബില്ലിങ് ഓര്‍മിപ്പിക്കുന്നുണ്ട്.
ഇലോണ്‍ മസ്‌കിന്റെ ചോദ്യം
അതേസമയം എല്ലാ വാഹന നിര്‍മാതാക്കളും ഹൈഡ്രജന്റെ കാര്യത്തില്‍ ശുഭ പ്രതീക്ഷയുള്ളവരല്ല. പ്രത്യേകിച്ച് ടെസ്‌ല മുതലാളി ഇലോണ്‍ മസ്‌ക്. ഹൈഡ്രജന്‍ കാറുകളുടെ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയെ ഫൂള്‍ സെല്‍സ് എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്. വൈദ്യുതി ഉപയോഗിച്ച് കാര്‍ ഓടിക്കാമെന്നിരിക്കെ പിന്നെന്തിനാണ് വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജന്‍ വേര്‍തിരിച്ച് അതുപയോഗിച്ച് കാറോടിക്കുന്നതെന്നാണ് ഇലോണ്‍ മസ്‌കിന്റെ ചോദ്യം.
പ്രശ്‌നം ഫ്യുവല്‍ സെല്ലുകളല്ല
ഹൈഡ്രജന്‍ കാറുകളുടെ പ്രധാന പ്രശ്‌നം ഫ്യുവല്‍ സെല്ലുകളല്ല. മറിച്ച് ശുദ്ധമായ ഹൈഡ്രജന്‍ ആവശ്യമായ സമയത്ത് ലഭിക്കുന്നില്ലെന്നതും അപകട സാധ്യതയുമാണ്. വളരെയെളുപ്പം തീപിടിക്കുന്ന വാതകമാണ് ഹൈഡ്രജന്‍. ഉയര്‍ന്ന മര്‍ദത്തില്‍ സൂക്ഷിക്കേണ്ട ഇന്ധനമാണിത്. അതുകൊണ്ടു തന്നെ ചോര്‍ച്ചക്കുള്ള സാധ്യത കൂടുതലാണ്. ഹൈഡ്രജന്‍ സ്റ്റേഷനുകളുടെ അപര്യാപ്തതയാണ് ഒരു പ്രധാന പ്രശ്‌നം. യൂറോപിലാകെ 178 ഹൈഡ്രജന്‍ സ്റ്റേഷനുകള്‍ മാത്രമാണുള്ളത്. ഇതില്‍പാതിയും ജര്‍മനിയിലാണ്. ബ്രിട്ടനില്‍ ആകെ ഒമ്പത് ഹൈഡ്രജന്‍ സ്റ്റേഷനുകള്‍ മാത്രമേയുള്ളൂ. എന്നാല്‍ 8300 പെട്രോള്‍ സ്‌റ്റേഷനുകളും 31,000 പൊതു ചാര്‍ജിങ് സ്റ്റേഷനുകളുമുണ്ട് (വീടുകളിലെ ചാര്‍ജിങ് സൗകര്യം കൂട്ടാതെ).
എങ്കിലും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി കണക്കുകൂട്ടുന്നത് 2050 ആകുമ്പോഴേക്കും 16 ശതമാനം വാഹനങ്ങള്‍ ഹൈഡ്രജനാകണമെന്നാണ്. ഇതില്‍ കൂടുതലും വലിയ വാഹനങ്ങളാവുമെന്നതാണ് സവിശേഷത. ഹൈഡ്രജന്‍ കാറുകളെന്നത് ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ടൊയോട്ട പോലും സമ്മതിക്കുന്നുമുണ്ട്. അതേസമയം ദീര്‍ഘദൂര ചരക്കുവാഹനങ്ങളും യാത്രാ വാഹനങ്ങളും ഹൈഡ്രജന്‍ ഇന്ധനത്തിന്റെ കാര്യത്തില്‍ ഒരു സാധ്യതയായാണ്. കൂടിയ റേഞ്ചും കുറഞ്ഞ സമയം കൊണ്ട് ഇന്ധനം നിറക്കാനാവുമെന്നതും ഹൈഡ്രജന്‍ വാഹനങ്ങളുടെ ഗുണമാണ്.
സാങ്കേതികവിദ്യ മാറുന്നതാണ് ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കാനുള്ള ഒരു സാധ്യത. ഭൂമിക്കടിയില്‍ നിന്നും ഹൈഡ്രജന്‍ ഖനനം ചെയ്‌തെടുക്കുന്നതു പോലുള്ള സാധ്യതകളുമുണ്ട്. ഇതിനകം തന്നെ പെട്രോള്‍-ഡീസല്‍ കാറുകളുടെ പിന്തുടര്‍ച്ചാവകാശിയായി ബാറ്ററി കാറുകള്‍ മാറിക്കഴിഞ്ഞു. ബ്രിട്ടനില്‍ മാത്രം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പത്തു ലക്ഷം വൈദ്യുത കാറുകളാണ് വിറ്റത്. എന്നാല്‍ ഹൈഡ്രജന്‍ കാറുകളുടെ എണ്ണം വെറും 300 മാത്രം. ബാറ്ററികളുടെ ഗവേഷണത്തിനും മറ്റുമായി വലിയ തോതില്‍ നിക്ഷേപം ഒഴുകുകയാണ്. ഇത് ബാറ്ററി കാറുകളുടെ സാങ്കേതികവിദ്യയിലും ചാര്‍ജിങ് സമയത്തിലും റേഞ്ചിലുമെല്ലാം വലിയ മാറ്റങ്ങളുണ്ടാക്കിയേക്കാം. ICE കാറുകളുടെ പിന്തുടര്‍ച്ചാവകാശികളുടെ നിലയിലേക്ക് ഹൈഡ്രജന്‍ കാറുകള്‍ എത്തണമെങ്കില്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.