‘സ്വപ്ന കാർ, പറ്റിക്കാനാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യരുത്, തിരിച്ചു തരൂ’; അഭ്യർത്ഥിച്ച് നടൻ
Mail This Article
ആഗ്രഹിച്ചു സ്വന്തമാക്കിയ കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മോഷണം പോയതിന്റെ വിഷമം പങ്കുവെച്ച് നടനു റിയാലിറ്റി ഷോ താരവുമായ കരണ്‍ കുന്ദ്ര. സമൂഹമാധ്യമങ്ങളിലൂടെയാണ് കരണ്‍ കുന്ദ്ര കാര്‍ നഷ്ടമായതിന്റെ വിഷമം പങ്കുവച്ചിരിക്കുന്നത്. സംഭവം മോഷണമാണെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാമെങ്കിലും അതൊരു പ്രാങ്കായിരുന്നുവെന്ന് വിശ്വസിക്കാനാണ് കരണ്‍ കുന്ദ്ര ഇഷ്ടപ്പെടുന്നത്. പരിചയക്കാരായാലും അല്ലെങ്കിലും പ്രാങ്ക് അവസാനിപ്പിച്ച് തന്റെ കാര്‍ തിരിച്ചു തരണമെന്നും നടന് പറയുന്നുണ്ട്.
ബുധനാഴ്ച്ച ഒരു വിന്റേജ് കോണ്ടസ കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് കുന്ദ്ര ഒരു പോസ്റ്റിട്ടിരുന്നു മണിക്കൂറുകള്‍ക്കുള്ളില്‍ ഇതേ കാര്‍ മോഷണം പോയ വിവരം കൂടി പങ്കുവെക്കേണ്ടി വന്ന ഞെട്ടലിലാണ് നടന്. വിന്റേജ് കാറായതിനാല്‍ തന്നെ ആധുനിക സുരക്ഷാ സൗകര്യങ്ങളൊന്നും വാഹനത്തിലില്ലായിരുന്നു. ഇത് പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നുമുണ്ട്.
'ഇത് ആരു ചെയ്താലും എനിക്കൊന്നേ പറയാനുള്ളൂ. ഇത് തമാശയല്ല. നിങ്ങള്‍ സുഹൃത്തായാലും തമാശയല്ലെന്ന് ഓര്‍മിപ്പിക്കുന്നു. പ്രാങ്ക് കളിക്കാനുള്ള സമയമല്ലിത്. ആ കാര്‍ ഒന്ന് ശരിക്ക് ഓടിച്ചു നോക്കാന്‍ പോലും എനിക്കായിട്ടില്ല. പര്‍വേശ് രാത്രി വന്ന് പറഞ്ഞു കാര്‍ മിസ്സിങാണെന്ന്. സെക്യൂരിറ്റി സംവിധാനങ്ങളോ ക്യാമറകളോ ഇല്ലാത്ത കാറാണത്' എന്നാണ് വിഡിയോയില്‍ കരണ്‍ കുന്ദ്ര പറയുന്നത്.
കരണ്‍ കുന്ദ്രയുടെ നഷ്ടമായ കാറിന് ഒരു കേരള ബന്ധമുണ്ട്. മൂന്നാറില്‍ വന്നപ്പോഴായിരുന്നു കരണ്‍ കുന്ദ്ര ഈ കാര്‍ ആദ്യമായി കണ്ടത്. പിന്നീട് കാര്‍ സ്വന്തമാക്കിയ ശേഷം സോഷ്യല്‍മീഡിയയില്‍ ഇങ്ങനെ കുറിച്ചു. 'ഈ ബ്യൂട്ടിയെ മൂന്നാറില്‍ വെച്ചാണ് കണ്ടത്. അപ്പോഴേ ഇഷ്ടമായി... എച്ച്എം കോണ്ടസ എന്ന് അറിയപ്പെട്ട വോക്സ്ഹാളിന്റെ ഒറിജിനല്‍ കാര്‍. ഇപ്പോള്‍ ആ കാര്‍ എന്റെ ഗരാജിലുണ്ട്'
നടനും ബിഗ് ബോസ് 15ലെ മത്സരാര്‍ഥിയുമായിരുന്ന കരണ്‍ കുന്ദ്ര ഒരു കാര്‍ പ്രേമി കൂടിയാണ്. ജീപ്പ് റാഗ്ലര്‍ റൂബികോണ്‍, മിനി കൂപ്പര്‍ കണ്‍വെര്‍ട്ടബിള്‍, ലംബോര്‍ഗിനി ഗല്ലാര്‍ഡോ, ഫോഡ്, റേഞ്ച് റോവര്‍ എന്നിവ നേരത്തേ കുന്ദ്രയുടെ ഗരാജിലുണ്ട്. ഹാര്‍ലി ഡേവിഡ്സണും ഡുകാട്ടി ഡയാവെലും അടക്കമുള്ള സൂപ്പര്‍ബൈക്കുകളുടെ ശേഖരവും കരണ്‍ കുന്ദ്രക്കുണ്ട്.