കേരള ബ്ലാസ്റ്റേഴ്സിന്റെ ഇ-മൊബിലിറ്റി പാർട്ണറായി വാൻ ഇലക്ട്രിക്ക് മോട്ടോ
Mail This Article
ഇലക്ട്രിക് വാഹനനിർമാണ രംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്ബിന്റെ ഔദ്യോഗിക ഇ-മൊബിലിറ്റി പാർട്ണറായി. കായികരംഗത്തെ മികവുയർത്തുന്നതിനൊപ്പം സുസ്ഥിരഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് സഹകരണം. ഇതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പുതിയ മൗണ്ടൈൻ ബൈക്ക് മോഡലായ സ്റ്റെൽവിയോ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് അവതരിപ്പിച്ചു. സ്റ്റെൽവിയോയുടെ ഔദ്യോഗിക വീഡിയോ പ്രകാശനം ഇന്ത്യൻ പോർട്സ് ഗ്ലോബൽ എംഡി സുനിൽ മുകുന്ദൻ നിർവഹിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് “ബ്ലാസ്റ്റേഴ്‌സ് എഡിഷൻ” എന്ന പേരിൽ ലിമിറ്റഡ് എഡീഷൻ മൗണ്ടൈൻ ബൈക്കുകളും കമ്പനി അവതരിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിലെ താരങ്ങളായ മിലോസ് ഡ്രിഞ്ചിക്, ഡാനിഷ് ഫാറൂഖ്, ഡായിസുകെ സകായി എന്നിവർ ചേർന്നാണ് ലിമിറ്റഡ് എഡീഷൻ ബൈക്കുകൾ അവതരിപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് എഡീഷന്റെ വീഡിയോ പ്രശസ്ത സിനിമാതാരം സംസ്കൃതി ഷേണായ് പ്രകാശനം ചെയ്തു. ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായും പ്രഖ്യാപിച്ചു.
ഇറ്റാലിയൻ വാഹനനിർമാതാക്കളായ ബെനലിയുടെ ഇലക്ട്രിക് ബൈക്ക് വിഭാഗമാണ് ഇപ്പോൾ പുറത്തിറക്കുന്ന രണ്ട് സൈക്കിളുകളും നിർമിച്ചിട്ടുള്ളത്. സ്റ്റെൽവിയോക്ക് ജിഎസ്ടി ഉൾപ്പെടെ 94,500 രൂപയാണ് വില. ബ്ലാസ്റ്റേഴ്സിന്റെ ലിമിറ്റഡ് എഡീഷൻ ബൈക്കുകൾ 99,000 രൂപയ്ക്കും സ്വന്തമാക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ vaanmoto.com ൽ ബുക്കിങ് ആരംഭിച്ചു. ലോഞ്ച് ഓഫറായി തുടക്കത്തിൽ 5000 രൂപയുടെ ഡിസ്‌കൗണ്ടും സ്റ്റെൽവിയോ ബൈക്കുകൾക്ക് കമ്പനി നൽകുന്നുണ്ട്. കേരളത്തിന് പുറമെ ഉയർന്ന വില്പനസാധ്യതകളുള്ള മുംബൈ, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലും ബൈക്ക് ലഭ്യമാകും.