ADVERTISEMENT

ഫോഡ് ഇന്ത്യന്‍ വാഹന വിപണിയിലേക്കു തിരിച്ചുവരുന്നുവെന്ന പ്രചാരം ശക്തമാണ്. എസ്‌യുവി വിപണിയിലേക്ക് ഒരു വാഹനം ഇറക്കിക്കൊണ്ടായിരിക്കും അമേരിക്കന്‍ വാഹന നിര്‍മാതാക്കളുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവെന്നാണ് കരുതപ്പെടുന്നത്. മാരുതി ഗ്രാന്‍ഡ് വിറ്റാരക്കും ഹ്യുണ്ടേയ് ക്രേറ്റക്കുമെല്ലാം വെല്ലുവിളിയാവുന്ന ഫോഡിന്റെ ആ കോംപാക്ട് എസ് യു വിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാം. 

ഇന്ത്യയിലേക്കുള്ള ഫോഡിന്റെ എസ്‌യുവി എന്ന നിലയില്‍ ഫോര്‍ഡ് സി - എസ് യു വിയുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്നപ്പോള്‍ ഫോഡിന്റെ എന്‍ട്രി ലെവല്‍ എസ്‌യുവിയായിരുന്ന ഇകോസ്‌പോര്‍ടിന് പകരക്കാരനായിട്ടാവും ഫോര്‍ഡ് സി- എസ് യു വിയുടെ വരവ്. ഇക്കോസ്‌പോര്‍ടുമായി ചില സാമ്യതകളും ഫോര്‍ഡ് സി - എസ് യു വിക്കുണ്ട്. 

മറ്റു ഫോഡ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യത്യസ്തമാണ് സി-എസ്‌യുവി. മുന്നില്‍ വലിയ ഗ്രില്ലും ഗ്രില്ലിന് നടുവിലായി ഫോഡ് ലോഗോയും നല്‍കിയിരിക്കുന്നു. കുത്തനെയുള്ള എല്‍ഇഡി ഡിആര്‍എല്ലുകളും ഇന്‍ഡിക്കേറ്ററുകളും വരെ എത്തുന്നുണ്ട് ഗ്രില്‍. എസ്‌യുവിയാണെന്നു കരുതി ബംപറിന് പ്രത്യേകം പരുക്കന്‍ ലുക്ക് നല്‍കിയിട്ടില്ല. കുത്തനെയുള്ള ഹെഡ് ലാംപുകള്‍ ഒരു പ്രീമിയം എസ് യു വി ലുക്കാണ് നല്‍കുന്നത്. വീല്‍ ആര്‍ക്ക് ക്ലാഡിങില്‍ ക്രോം പോഷനുകളുണ്ട്. 

ബംപറിന്റെ താഴെയുള്ള ഭാഗം ഗ്ലോസ് ബ്ലാക്ക് ഫിനിഷിലാണ് ചെയ്തിരിക്കുന്നത്. ഇതുപോലെ തന്നെയാണ് വശങ്ങളിലെ റണ്ണിങ് ബോര്‍ഡിന്റെയും ഡിസൈന്‍. റൂഫില്‍ ഷാര്‍ക്ക് ഫിന്‍ ആന്റിനയോ സണ്‍റൂഫോ ഇല്ല. വാഹനത്തിന്റെ ഇടതുവശത്താണ് ഫ്യുവല്‍ ലിഡ്. പിന്നിലെ ടെയില്‍ ലാംപുകള്‍ എല്‍ഇഡി ആയിരിക്കുമെന്നാണ് കരുതുന്നത്. 

പ്രീമിയം എസ്‌യുവി ലുക്കിലാണ് സി - എസ്‌യുവിയുടെ വരവ്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെതര്‍ അപ്പോള്‍സ്ട്രി, മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം. പുറത്തെ ലുക്ക് പോലെ ഉള്ളിലും പ്രീമിയം സൗകര്യങ്ങള്‍ക്ക് ഫോര്‍ഡ് കുറവു വരുത്താനിടയില്ല. 

ഫോര്‍ഡിന്റെ വിഎക്‌സ്-772 പ്ലാറ്റ്‌ഫോമിലായിരിക്കും ഫോഡിന്റെ പുതിയ എസ്‌യുവി എത്തുക. മഹീന്ദ്രയുടെ 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മഹീന്ദ്രയുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നും ഫോഡ് പുതിയ എന്‍ജിനാണ് ഈ മോഡലില്‍ ഉപയോഗിക്കുകയെന്നും സൂചനയുണ്ട്. സി - എസ് യു വിക്ക് ഡീസല്‍ മോഡലും ഫോഡ് പുറത്തിറക്കാനിടയുണ്ട്. 

എസ് യു വി മോഡലുകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത വിപണിയാണ് ഇന്ത്യയിലേത്. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നീ മോഡലുകളുമായിട്ടാണ് പ്രധാന മത്സരം. ഇന്ത്യയില്‍ അവതരിപ്പിക്കുന്ന സി- എസ് യു വിയെ തെക്കേ അമേരിക്ക, വടക്കേ അമേരിക്ക, യൂറോപ്, ഓസ്‌ട്രേലിയ വിപണികളിലും അവതരിപ്പിക്കാന്‍ ഫോര്‍ഡിന് പദ്ധതിയുണ്ട്.

English Summary:

Ford files a small SUV patent targeting emerging markets. Will it come to India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com