ADVERTISEMENT

കഴിഞ്ഞ മെയില്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ പുതു തലമുറ സ്വിഫ്റ്റ് ഇന്ത്യയിലെ ജനപ്രിയ കാറുകളുടെ പട്ടികയില്‍ മുന്നിലുണ്ട്. പുറത്തിറങ്ങി നാലു മാസം കൊണ്ട് 67,000ത്തിലേറെ പുതുതലമുറ സ്വിഫ്റ്റുകളുടെ വില്‍പന നടന്നെങ്കിലും മാരുതി സുസുക്കി അടങ്ങിയിരിക്കാന്‍ ഉദ്ദേശമില്ല. തുറുപ്പു ചീട്ടായ സിഎന്‍ജി മോഡല്‍ പുറത്തിറക്കിയാണ് മാരുതി സുസുക്കി സ്വിഫ്റ്റിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. മോഹിപ്പിക്കുന്ന ഇന്ധന ക്ഷമതയാണ് സ്വിഫ്റ്റ് സിഎന്‍ജി മോഡലിന്റെ പ്രധാന ആകര്‍ഷണം. VXi, VXi[O], Zxi എന്നിങ്ങനെ മൂന്നു മോഡലുകളിലാണ് സ്വിഫ്റ്റ് സിഎന്‍ജിയുടെ വരവ്. 

പവര്‍ട്രെയിന്‍

ഏറ്റവും പുതിയ സ്വിഫ്റ്റിലെ Z സീരീസ് 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് സ്വിഫ്റ്റ് സിഎന്‍ജിയുടേയും കരുത്ത്. 69 ബിഎച്ച്പി കരുത്തും പരമാവധി 101.8എന്‍എം ടോര്‍ക്കും പുറത്തെടുക്കും സിഎന്‍ജി സ്വിഫ്റ്റ്. പെട്രോളിലാണെങ്കില്‍ 80ബിഎച്ച്പി 111.7എന്‍എം ടോര്‍ക്ക് എന്നിങ്ങനെ കരുത്തില്‍ വര്‍ധനവുണ്ടാവും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രം. പെട്രോളിലുള്ള ഓട്ടമാറ്റിക് സിഎന്‍ജി സ്വിഫ്റ്റിലില്ല. 

പെട്രോള്‍ സ്വിഫ്റ്റില്‍ ലീറ്ററിന് 24.8 കീലോമീറ്ററാണ് മൈലേജെങ്കില്‍ അതുക്കും മേലെ 32.85 കിലോഗ്രാം/ കീലോമീറ്ററാണ് സിഎന്‍ജി സ്വിഫ്റ്റിന്റെ മൈലേജ്. മുന്‍ തലമുറ സിഎന്‍ജി സ്വിഫ്റ്റിനേക്കാള്‍ ഇന്ധനക്ഷമതയില്‍ ആറു ശതമാനത്തിന്റെ വര്‍ധനവ്. പ്രധാന എതിരാളികളായ ഹ്യുണ്ടേയും ടാറ്റയുമെല്ലാം ട്വിന്റെ സിലിണ്ടര്‍ ലേ ഔട്ടിലേക്കു മാറിയെങ്കിലും മാരുതി സുസുക്കി സ്വിഫ്റ്റിന്റെ പുതിയ മോഡലിലും സിംഗിള്‍ ടാങ്കാണ് നല്‍കിയിരിക്കുന്നത്. 

ഫീച്ചറുകള്‍

ആറ് എയര്‍ബാഗുകളുടെ സുരക്ഷ, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ എസ് സിഎന്‍ജി മോഡലിലുണ്ട്. വകഭേദങ്ങള്‍ക്കനുസരിച്ച് സ്വിഫ്റ്റ് സിഎന്‍ജിയുടെ ഫീച്ചറുകളിലും മാറ്റങ്ങളുണ്ട്. പ്രൊജക്ടര്‍ ഹാലൊജന്‍ ഹെഡ്‌ലൈറ്റ്, പവര്‍ വിന്‍ഡോസ്, 14 ഇഞ്ച് സിറ്റീല്‍ വീല്‍, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നിവയാണ് VXi വകഭേദത്തിലുള്ളത്. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേഡ് ഫീച്ചറായി നല്‍കിയിരിക്കുന്നു. 

VXi[O] വകഭേദത്തില്‍ ഇതിനു പുറമേ ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും പിന്തുണക്കുന്ന 7 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകള്‍ സ്റ്റിയറിങ് മൗണ്ടഡ് കണ്‍ട്രോളുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയുമുണ്ട്. ഉയര്‍ന്ന വകഭേദമായ ZXiയില്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, എല്‍ഇഡി ഡിആര്‍എല്ലുകള്‍, 15 ഇഞ്ച് അലോയ് വീല്‍, ഓട്ടമാറ്റിക്ക് എയര്‍ കണ്ടീഷനിങ്, റിയര്‍ വാഷര്‍ വൈപ്പര്‍, വയര്‍ലസ് ചാര്‍ജിങ് എന്നിവയാണ് ശ്രദ്ധേയമായ ഫീച്ചറുകള്‍. 

വില

നേരത്തെ പറഞ്ഞതുപോലെ VXi, VXi[O], ZXi എന്നീ വകഭേദങ്ങളാണ് സ്വിഫ്റ്റിന്റെ പുതു തലമുറ സിഎന്‍ജി മോഡലിലുള്ളത്. എന്‍ട്രി ലെവല്‍ വകഭേദമായ സിഎന്‍ജി VXiയുടെ വില 8.19 ലക്ഷം രൂപ. VXi[O], Zxi വകഭേദങ്ങളുടെ വില യഥാക്രമം 8.46 ലക്ഷം രൂപയും 9.19 ലക്ഷം രൂപയുമാണ്. മാരുതി സുസുക്കിയുടെ 14ാമത് സിഎന്‍ജി മോഡലാണ് ഈ പുതിയ സ്വിഫ്റ്റ് സിഎന്‍ജി. ഒക്ടോബര്‍ 12 മുതല്‍ പുതിയ സിഎന്‍ജി സ്വിഫ്റ്റിന്റെ ഡെലിവറി ആരംഭിക്കും. 'പുതിയ സ്വിഫ്റ്റ് എസ് സിഎന്‍ജി അവതരിപ്പിച്ചതോടെ സ്വിഫ്റ്റിന്റെ പെരുമ പുതിയ തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പുതിയ സ്വിഫ്റ്റിലെ പ്രകൃതിയോടിണങ്ങുന്ന ഇന്ധനവും അതുല്യമായ ഡ്രൈവിങ് അനുഭവവും ഇന്ത്യന്‍ ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്' മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് വിഭാഗം സീനിയര്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ഥോ ബാനര്‍ജി പറയുന്നു.

English Summary:

Maruti Swift CNG launched; prices in India start at Rs. 8.19 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com