സിഎൻജി മൈലേജിന് മുന്നിൽ: സ്വിഫ്റ്റ് സിഎൻജിയും എതിരാളികളും ഒരു താരതമ്യം
Mail This Article
നാലാം തലമുറ സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡൽ ഒരാഴ്ച്ച മുമ്പാണ് മാരുതി സുസുക്കി പുറത്തിറക്കിയത്. സ്വിഫ്റ്റിന്റെ ഇസഡ് 12 ഇ എന്‍ജിനില്‍ ആദ്യമായാണ് സിഎന്‍ജി കിറ്റ് മാരുതി സുസുക്കി അവതരിപ്പിച്ചത്. വിഎക്സ്ഐ, വിഎക്സ്ഐ (ഒ), ഇസഡ്എക്സ്ഐ എന്നിങ്ങനെ മൂന്നു മോഡലുകളിലായാണ് നാലാം തലമുറ സ്വിഫ്റ്റ് എത്തുന്നത്. ഹ്യുണ്ടേയ് i10 നിയോസ് സിഎന്‍ജി, ടാറ്റ ടിയാഗോ സിഎന്‍ജി എന്നിവയാണ് സ്വിഫ്റ്റ് സിഎന്‍ജിയുടെ പ്രധാന എതിരാളികള്‍. ഈ മൂന്നു മോഡലുകളുടേയും കരുത്തും സവിശേഷതകളും പരിചയപ്പെടാം.
നീളത്തിന്റേയും വീതിയുടേയും കാര്യത്തില്‍ ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജിയേയും (3815എംഎം, 1680 എംഎം) ടിയാഗോ സിഎന്‍ജിയേയും (3765 എംഎം, 1677 എംഎം) സ്വിഫ്റ്റ് സിഎന്‍ജി (3860 എംഎം, 1735 എംഎം) പിന്നിലാക്കിയിട്ടുണ്ട്. എന്നാല്‍ ഉയരത്തിന്റെ കാര്യം വരുമ്പോള്‍ ടിയാഗോ സിഎന്‍ജി (1535 എംഎം)യാണ് സ്വിഫ്റ്റിനേക്കാളും ഗ്രാന്‍ഡ് ഐ10 നിയോസിനേക്കാളും (1520എംഎം) മുന്നില്‍. വീല്‍ബേസില്‍ മാരുതി സുസുക്കി സിഎന്‍ജിയും ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജി (2450എംഎം) മുന്നിലും ടിയാഗോ സിഎന്‍ജി (2400എംഎം) അല്പം പിന്നിലുമാണ്. മാരുതി സ്വിഫ്റ്റില്‍ സിംഗിള്‍ സിലിണ്ടര്‍ സിഎന്‍ജി കിറ്റ് മാത്രമാണുള്ളത്. അതേസമയം ടാറ്റ ടിയാഗോ സിഎന്‍ജിയിലും ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസിലും ഡ്യുവല്‍ സിലിണ്ടറുണ്ട്. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസില്‍ സിംഗിള്‍ സിലിണ്ടര്‍ ഓപ്ഷനും നല്‍കിയിട്ടുണ്ട്.
മാരുതി സ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍ എന്ജിന് 70 എച്ച്പി കരുത്തും 102 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ടിയാഗോ സിഎന്‍ജി 73 എച്ച്പി കരുത്തും ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്‍ജി 69 എച്ച്പി കരുത്തുമാണ് പുറത്തെടുക്കുക. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് സ്വിഫ്റ്റിലും ഗ്രാന്‍ഡ് ഐ10ലുമുള്ളത്. ടാറ്റ ടിയാഗോയില്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ലഭ്യമാണ്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍ സ്വിഫ്റ്റ് തന്നെയാണ് മുന്നില്‍. ഒരു കിലോഗ്രാമിന് 32.85 കീലോമീറ്ററാണ് സ്വിഫ്റ്റ് സിഎന്‍ജിയുടെ ഇന്ധനക്ഷമത. ടാറ്റ ടിയാഗോയുടെ ഇന്ധനക്ഷമത കിലോഗ്രാമിന് 26.49 കീലോമീറ്ററാണ്.
ഈ മൂന്നു മോഡലുകളില്‍ ഏറ്റവും വില കുറഞ്ഞ മോഡലുള്ളത് ടാറ്റ ടിയാഗോ സിഎന്‍ജിക്കാണ്. 7.40 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന ടിയാഗോയുടെ ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 8.75 ലക്ഷം രൂപയാണ് വില. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ് സിഎന്ജിയാവട്ടെ 7.75 ലക്ഷം മുതല്‍ 8.30 ലക്ഷം രൂപ വരെയുള്ള വിലകളില്‍ ലഭിക്കും. മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിയുടെ വില ആരംഭിക്കുന്നത് 8.20 ലക്ഷം രൂപ മുതലാണ്. ഏറ്റവും ഉയര്‍ന്ന വകഭേദത്തിന് 9.20 ലക്ഷം രൂപ വില വരും.