ADVERTISEMENT

ഇന്ത്യക്കാര്‍ക്കിടയിലെ ഏറ്റവും ജനകീയമായ കാര്‍ ഫീച്ചര്‍ ഏതെന്നു ചോദിച്ചാല്‍ ഒരുപക്ഷേ സണ്‍റൂഫ് എന്നായിരിക്കും ഉത്തരം. അത്രയേറെ ജനപ്രീതിയുണ്ട് സണ്‍റൂഫ് എന്ന ഫാന്‍സി ഫീച്ചറുള്ള മോഡലുകള്‍ക്ക്. അധിക വില്‍പനക്കുള്ള മാര്‍ഗമായി കാര്‍നിര്‍മാണ കമ്പനികളും തിരിച്ചറിഞ്ഞതോടെ സണ്‍റൂഫ് ജനകീയ മോഡലുകളുടേയും അവിഭാജ്യ ഘടകമായി. അപ്പോഴും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സണ്‍റൂഫിന് എത്രത്തോളം പ്രായോഗിക ഉപയോഗമുണ്ടെന്നത് ചോദ്യമായി അവശേഷിക്കുന്നുണ്ട്. പ്രത്യേകിച്ച് അടുത്തിടെ വരാണസിയിലുണ്ടായ ഒരു സംഭവം ഈ ചോദ്യത്തെ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുമ്പോള്‍. 

ഒറ്റ നോട്ടത്തില്‍ തന്നെ ആഡംബരം അനുഭവിപ്പിക്കുമെന്നതാണ് സണ്‍റൂഫുകളേയും പ്രത്യേകിച്ച് പനോരമിക് സണ്‍റൂഫുകളേയും വലിയ തോതില്‍ ജനകീയമാക്കിയത്. പിന്‍ സീറ്റുകളിലെ യാത്രകളില്‍ കൂടുതല്‍ വിശാലമായ കാഴ്ച്ചകള്‍കൊണ്ട് നിറക്കാന്‍ പനോരമിക് സണ്‍റൂഫുകള്‍ക്ക് സാധിച്ചു. സ്റ്റാന്‍ഡേഡ് ഇലക്ട്രിക് സണ്‍റൂഫുകളേക്കാള്‍ സ്വാഭാവികമായും പനോരമിക് സണ്‍റൂഫിന് ആരാധക പിന്തുണയും കൂടുതലായി. 

നീലാകാശവും മരങ്ങളും കണ്ടുകൊണ്ടുള്ള യാത്രകളും സണ്‍റൂഫ് തുറന്നു വച്ചുകൊണ്ട് കാറിനകത്തേക്ക് ശുദ്ധവായുവിനെ കയറ്റിക്കൊണ്ടുള്ള യാത്രകളും വ്യത്യസ്ത അനുഭവമാണ് സമ്മാനിക്കുന്നത്. ഇതെല്ലാം പനോരമിക് സണ്‍റൂഫുള്ള മോഡലുകള്‍ക്ക് വലിയ ജനപ്രീതി സമ്മാനിച്ചു. അപ്പോഴും കാറിന്റെ പ്രധാന ഭാഗമായ മുകള്‍ഭാഗത്തിന്റെ കരുത്ത് പനോരമിക് സണ്‍റൂഫുകള്‍ കുറക്കുമെന്ന ആശങ്കയും സജീവമാണ്. 

ഇന്ത്യയെ പോലുള്ള ചൂടും പൊടിയും കൂടുതലുള്ള രാജ്യങ്ങളില്‍ സണ്‍റൂഫുകള്‍ തുറന്നിട്ട് യാത്ര ചെയ്യുന്നത് അത്ര പ്രായോഗികമല്ലെന്നതാണ് മറ്റൊരു കാര്യം. നഗരങ്ങളില്‍ മലിനീകരണങ്ങള്‍ക്കിടയില്‍ സണ്‍റൂഫ് തുറക്കാന്‍ അധികമാരും താല്‍പര്യപ്പെട്ടെന്നു വരില്ല. യാത്രകള്‍ക്കിടെ കുട്ടികളും മറ്റും സണ്‍റൂഫിലൂടെ തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതും വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. ഇത്തരം യാത്രകള്‍ക്ക് നിയമപരമായും അനുമതിയില്ല.

ആഡംബരമെന്ന തോന്നലും വ്യത്യസ്ത അനുഭവവും സമ്മാനിക്കുമ്പോഴും കാറിന് അത്ര സുരക്ഷിതമല്ല സണ്‍റൂഫുകള്‍ എന്ന് തെളിയിക്കുന്ന സംഭവം ഉത്തര്‍പ്രദേശിലെ വരാണസിയിലാണ് ഉണ്ടായത്. റോഡിനരികില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ സണ്‍റൂഫിലേക്ക് ഒരു കുരങ്ങന്‍ വീഴുകയായിരുന്നു. കുരങ്ങിന്റെ ഭാരം താങ്ങാനാവാതെ സണ്‍റൂഫ് തകരുന്നതും കാറിനുള്ളിലേക്കു വീണ കുരങ്ങ് പെട്ടെന്നു തന്നെ പുറത്തേക്കോടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. 

സണ്‍റൂഫുളള കാറുകളുടെ വില്‍പന പൊടിപൊടിക്കുമ്പോഴും ഇത് വാഹനത്തിന്റെ സുരക്ഷ കുറക്കുമെന്ന ആശങ്കയെ വര്‍ധിപ്പിക്കുന്നതാണ് പുറത്തുവന്ന വിഡിയോ. ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് സണ്‍റൂഫ് എന്ന ഫീച്ചറിന്റെ ഗുണങ്ങളും പരിമിതികളും താരതമ്യപ്പെടുത്തിക്കൊണ്ട് അന്തിമ തീരുമാനമെടുക്കാന്‍ കാറുടമകളെ സഹായിക്കുകയും ചെയ്യും.

English Summary:

Are sunroofs practical in India? We explore the pros and cons, safety concerns, and a recent incident that highlights the potential risks.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com