ADVERTISEMENT

മലിനീകരണം പൂജ്യം, ഇനി വാഹനങ്ങളുടെ ഭാവി ഇലക്ട്രിക്... കാലം കുറച്ചായി ഈ വാക്കുകൾ നാം കേൾക്കാൻ തുടങ്ങിയിട്ട്. ഇന്ധന വില ദിനം തോറും വർധിക്കുന്ന കാലത്ത് ഇനി ഇലക്ട്രിക് അല്ലേ നല്ലത് എന്ന ചിന്ത ആളുകൾക്ക് വന്നും തുടങ്ങി. എന്നാൽ ഇവയൊന്നും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന ഒരു പരിധിയിലധികം ഉയർത്തുന്നില്ല.

kiwi-ev-1

വിലയാണ് ഇവിടുത്തെ പ്രധാന പ്രശ്നം. നിലവിൽ അത്യാവശ്യം റേഞ്ചുള്ള ഇലക്ട്രിക് കാർ സ്വന്തമാക്കണമെങ്കിൽ ചുരങ്ങിയത് 15 ലക്ഷം രൂപയെങ്കിലും മുടക്കണം. പരിസ്ഥിതി മലീനികരണം കുറഞ്ഞ ഇലക്ട്രിക് കാറുകൾ വ്യാപകമാകണമെങ്കിൽ വില കുറഞ്ഞ ചെറു ഇ കാർ പുറത്തിറങ്ങിയേ തീരു. ചൈനയിൽ അടക്കമുള്ള വിപണികളിൽ വില കുറഞ്ഞ ഇലക്ട്രിക് കാറുകളുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ സാന്നിധ്യം അറിയിച്ചിട്ടില്ല, ഇവിടെ എത്തിയാൽ സൂപ്പർഹിറ്റ് ആകാൻ സാധ്യതയുള്ള ചെറു വാഹനങ്ങൾ ഏതെന്നുനോക്കാം.

ബവ്‌ജുൻ കിവി– 305 കിലോമീറ്റർ റേഞ്ച്

കഴിഞ്ഞ വർഷം ബവ്ജുൻ ചൈനയിൽ അവതരിപ്പിച്ച കാറാണ് ബവ്‌ജുൻ കിവി. ചൈനയിലെ മറ്റ് മിനി ഇലക്ട്രിക് വാഹനങ്ങളെക്കാൾ വില കൂടുതലാണെങ്കിലും ഉയർന്ന റേഞ്ചാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. കിവി, ബവ്ജുനിന്റെ തന്നെ ഇ 300 എന്ന മോഡലിന്റെ പരിഷ്കരിച്ച രൂപമാണ്. കഴിഞ്ഞ ഷാങ്ഹായ് ഓട്ടോഷോയിൽ ആദ്യ പ്രദർശനം. വില വരും മുമ്പേ 3000 ബുക്കിങ് ലഭിച്ചു. മനോഹര രൂപഭംഗി. കാറിൽ 4 പേർക്ക് സഞ്ചരിക്കാം. നിർമാണം ബവ്ജുനിന്റെ പുതിയ ഇന്റർസ്റ്റെല്ലർ ഡിസൈൻ ഭാഷ്യത്തിൽ.

kiwi-ev

യുവാക്കളെ ആകർഷിക്കാൻ സ്പിറ്റ് ബോഡി ഡിസൈൻ, കണ്ണഞ്ഞിപ്പിക്കുന്ന നിറങ്ങൾ. 40 കിലോവാട്ട് കരുത്തും 150 എൻഎം ടോർക്കും നൽകുന്ന മോട്ടർ. ഒരു മണിക്കൂറിൽ 80 ശതമാനം ചാർജ്. ഉയർന്നവേഗം 100 കിലോമീറ്റർ. ഒറ്റ ചാർജിൽ 305 കിലോമീറ്റർ റേഞ്ച് നൽകുന്ന 31.9 കിലോവാട്ട് അവർ ബാറ്ററി. നീളം 2894 എംഎം, വീതി 1655 എംഎം ഉയരം 1595 എംഎം വീൽബെയ്സ് 2020 എംഎം. രണ്ടുമോഡലുകൾ വില 69,800 യുവനും (8.45 ലക്ഷം രൂപ)  78,800 യുവനും (9.54 ലക്ഷം രൂപ)

ചൈനീസ് നാനോ– 270 കിലോമീറ്റർ

സായ്കും അമേരിക്കയിലെ ജനറൽ മോട്ടോഴ്സും ചൈനയുടെ തന്നെ വൂളിങ് മോട്ടോഴ്സും ചേർന്ന് ഉണ്ടാക്കിയ സംയുക്ത സംരംഭമായ എസ്ജിഎംഡബ്യു ആണ് എംജി ഇ200 എന്ന നാനോ ഇലക്ട്രികിന്റെ നിർമാതാക്കൾ. 3 ഡോർ ഹാച്ച്ബാക്ക് എന്ന വിഭാഗത്തിലാണ് ഈ വാഹനം ഉൾപ്പെടുന്നത്. എന്നാൽ‌, രണ്ടു ഡോറുകളും ഒരു കുഞ്ഞു ഹാച്ചും (പിന്നിലെ ചെറിയ വാതിൽ) ഉള്ള മൈക്രോ കാർ ആണിത്. സായ്ക് ‘ബാഒജിൻ ഇ200’ എന്നും വൂളിങ് മോട്ടോഴ്സ് ‘നാനോ ഇവി’ എന്നും വിളിക്കുന്നു.

Wuling NANO EV
Wuling NANO EV

ഇ100 എന്ന കാറിന്റെ പരിഷ്കരിച്ച പതിപ്പാണ് ഇ200. ഈ വർഷം മുതലാണ് വൂളിങ് ഈ ‘ഇവി’ കുട്ടിയെ നാനോ എന്നു പേരു ചൊല്ലി വിളിച്ചു വിൽപന തുടങ്ങിയത്. ഒരു ഫുൾ ചാർജിൽ 210 മുതൽ 270 കിലോമീറ്റർ വരെ ഓടുന്ന വേരിയന്റുകൾ ഉണ്ട് ഇ200ന്. 24, 29 കിലോവാട്ട് അവർ ശേഷിയുള്ള ബാറ്ററി പാക്കുകളായിരിക്കും വിവിധ വേരിയന്റുകളിൽ വരിക. 39 ബിഎച്ച്പി കരുത്തു പുറത്തെടുക്കുന്ന ഇലക്ട്രിക് മോട്ടർ ആണ് ഇതിന്. 110 എൻഎം ആണു കുതിപ്പുശേഷി. പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ. വില ഏകദേശം 5.50 ലക്ഷം രൂപ.

ഹോങ് ഗ്വാങ് മിനി – 170 കിലോമീറ്റർ

കഴിഞ്ഞ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ എംജി പ്രദർശിപ്പിച്ച രണ്ടു വാഹനങ്ങളിലൊന്നാണ് ഹോങ് ഗ്വാങ് മിനി. ചൈനയിൽ ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് വാഹനവും ഇതുതന്നെ. ചൈനീസ് വിപണിയിൽ ടെസ്‌ലയെ പിന്തള്ളി ആഗോളതലത്തിൽതന്നെ ഏറ്റവുമധികം വിൽപനയുള്ള വൈദ്യുത വാഹന(ഇവി)മെന്ന പെരുമയാണു വുലിങ്ങിന്റെ മിനി സ്വന്തമാക്കിയിരുന്നു. ചൈനയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറായ മിനിക്ക് 28,800 യുവാനാണ് വില (3.26 ലക്ഷം രൂപ).

wuling-mini-2

ചൈനയിലെ പൊതുമേഖല സ്ഥാപനമായ ‘സായ്കും’ വുലിങ് മോട്ടോഴ്സും യുഎസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സും ചേർന്നുള്ള സംയുക്ത സംരംഭമാണ് ‘ഹോങ്  ഗ്വാങ് മിനി’ ഇവി നിർമിക്കുന്നത്. ചൈനീസ് വിപണിയിൽ വുലിങ് എന്ന ചുരുക്കപ്പേരിലാണ് ഈ കമ്പനി അറിയപ്പെടുന്നത്. വലുപ്പത്തിലും ‘മിനി ഇ വി’ തീർത്തും ചെറുകാറാണ്. 2921 എംഎം നീളവും 1499 എംഎം വീതിയും 1626 എം എം ഉയരവുമാണു കാറിനുള്ളത്. 1940 എംഎം വീൽ ബേസുള്ള കാറിന്റെ ഭാരമാവട്ടെ 665 കിലോഗ്രാം മാത്രമാണ്. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ കാറിനാവുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം; പരമാവധി വേഗം മണിക്കൂറിൽ 100 കിലോമീറ്റർ.

Ora Black Cat
Ora Black Cat

ഓറ ആർ വൺ – 351 കിമീ റേഞ്ച്

ഗ്രേറ്റ് വാൾ മോട്ടോഴ്സ് 2020 ൽ ന്യൂഡൽഹിയിൽ നടന്ന ഓട്ടോഎക്സ്ഷോയിൽ പ്രദർശിപ്പിച്ച വാഹനമാണ് ഓറ ആർ വൺ. ഗ്രേറ്റ്‌വാൾ മോട്ടോഴ്സിന്റെ ഉപകമ്പനിയായ ഓറയാണ് കാർ നിർമിക്കുന്നത്. ചെറു കാർ വിപണിയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന കാർ ഒറ്റ ചാർജിൽ 351 കിലോമീറ്റർ സഞ്ചരിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.  ഏകദേശം 59800 യുവാനാണ് (ഏകദേശം 6 ലക്ഷം രൂപ) വാഹനത്തിന്റെ വില.

English Summary: Budget Electric Cars In The World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com