കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ല; ട്രംപിന്റെ നയം മോശമായി അവസാനിക്കും: മാർപാപ്പ

Mail This Article
വത്തിക്കാൻ സിറ്റി ∙ അനധികൃത കുടിയേറ്റക്കാരോടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയം മോശമായി അവസാനിക്കുമെന്നു ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ്. യുഎസിലുള്ള ബിഷപ്പുമാർക്ക് അയച്ച കത്തിലാണു ട്രംപിന്റെ നയത്തെ മാർപാപ്പ വിമർശിച്ചത്. അനധികൃത കുടിയേറ്റക്കാരെല്ലാം കുറ്റക്കാരല്ലെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.
മതിയായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്ന ട്രംപിന്‍റെ പ്രസ്താവനയെ, ഇറ്റാലിയൻ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ നേരത്തേയും മാർപാപ്പ വിമർശിച്ചിരുന്നു. നാടുകടത്തൽ വാർത്തകൾ ശരിയാണെങ്കിൽ, അത് ഒരു വിപത്തായിരിക്കുമെന്നും കാര്യങ്ങൾ പരിഹരിക്കാനുള്ള വഴി ഇതല്ലെന്നുമായിരുന്നു മാർപാപ്പയുടെ വാക്കുകൾ.
മെക്‌സിക്കോയുമായുള്ള യുഎസ് അതിർത്തിയിൽ വേലി കെട്ടാനുള്ള ട്രംപിന്‍റെ പദ്ധതിയെ വിമർശിച്ചുകൊണ്ടു, “മതിലുകൾക്കു പകരം സമൂഹങ്ങൾ തമ്മിലുള്ള പാലങ്ങൾ നിർമിക്കണം” എന്ന് 2017 ൽ ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നതും ചർച്ചയാവുന്നുണ്ട്.