കാതുകളിൽ ശബ്ദം പതിയില്ലെങ്കിലും മുബീൻ കണ്ണുകൾ കൊണ്ട് എല്ലാമറിയുന്നു
Mail This Article
ഷാർജ∙ കാതുകളിൽ ലോകത്തിന്റെ ആഹ്ളാദ ശബ്ദമൊന്നും കൃത്യമായി പതിക്കുന്നില്ലെങ്കിലും മുബീൻ അൻസാരി പകർത്തുന്ന ചിത്രങ്ങൾ കാഴ്ചക്കാരിലേയ്ക്ക് പകരുന്നത് ആനന്ദത്തിന്റെ ദൃശ്യങ്ങൾ. ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന എക്സ്പോഷര്‍ 2019ൽ പ്രദർശിപ്പിച്ച ഇൗ യുവ ഫൊട്ടോഗ്രഫർ കണ്ണുകൾ കൊണ്ട് തൊട്ടറിഞ്ഞ കാഴ്ചകളുടെ വിരുന്നാകുന്നു . പാക്കിസ്ഥാനിലെ തന്റെ സ്വന്തം പ്രദേശമായ റാവൽപിണ്ടിയിലേയും സ്ഥിര താമസമാക്കിയ ഇസ്‌ലാമാബാദിലെയും ഗ്രാമക്കാഴ്ചകളാണ് 32കാരൻ തന്റെ ക്യാമറയിൽ കൂടുതലും പകർത്തിയിരിക്കുന്നത്.
പ്രസവിച്ച് മൂന്നാഴ്ച പിന്നിട്ടപ്പോൾ ബാധിച്ച മഞ്ഞപ്പിത്തമാണ് മുബീനിന്റെ കേൾവി ശക്തി തകരാറിലാക്കിയത്. ഇപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെങ്കിലും കേൾവി വളരെ കുറവാണെന്ന് ഇദ്ദേഹം പറയുന്നു. പിതാവിന് ഫൊട്ടോഗ്രഫിയിലുള്ള താൽപര്യമാണ് ഇദ്ദേഹത്തെ ഇൗ രംഗത്തെത്തിച്ചത്. 1998 മുതൽ ക്യാമറ കൈയിലെടുത്തെങ്കിലും 2002 മുതലാണ് ഗൗരവമായി നിലയുറപ്പിച്ചത്. ഫൈൻ ആർട്സില്‍ ഡിപ്ലോമ നേടിയ ശേഷം പ്രദർശനങ്ങൾ നടത്താനും തുടങ്ങി. ഫൊട്ടോ ജേണലിസ്റ്റ് കൂടിയായ മുബീൻ പോർട്രെയിറ്റുകളും ലാൻഡ് സ്കേപുകളും ഒരു പോലെ ഇഷ്ടപ്പെടുന്നു. ചൈന, ഇറാഖ്, ഇറ്റലി, അമേരിക്ക കൂടാതെ ജനീവയിൽ യുഎൻ ഹെഡ് ക്വാർട്ടേഴ്സിൽ പോളിയോ ബാധിതരെ സഹായിക്കുന്നതിനു വേണ്ടിയും ഇതിനകം പ്രദർശനങ്ങൾ നടത്തി. യുഎഇയിൽ ഇതാദ്യമായാണ്.