പി.കുമരന്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയി ചുമതലയേല്‍ക്കും

Mail This Article
ദോഹ∙ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയി ചുമതലയേല്‍ക്കും. ഖത്തറിലെ സേവന കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. പി.കുമരനെ സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആയി നിയമിച്ച വിവരം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ആയി ഡോ.ദീപക് മിത്തല്‍ അടുത്ത മാസം ചുമതലയേല്‍ക്കുമെന്നാണ് സൂചന.
2016 ഒക്‌ടോബര്‍ 5 നാണ് പി.കുമരന്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ആയി സ്ഥാനമേറ്റത്. ഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ കോണ്‍സുലാര്‍, പാസ്‌പോര്‍ട്, വീസ വകുപ്പില്‍ ജോയിന്റ് സെക്രട്ടറി ആയി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഖത്തറിലേക്ക് നിയമിതനായത്. 1992 മുതല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ പ്രവേശിച്ചു. കെയ്‌റോ, ട്രിപ്പോളി, വാഷിങ്ടണ്‍, ബ്രസല്‍സ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റിതു കുമരന്‍ ആണ് ഭാര്യ. രണ്ടു മക്കളാണുള്ളത്.
വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് ഡോ.ദീപക് മിത്തല്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പദവിയിലേക്ക് എത്തുന്നത്. 1998 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. 2017 ല്‍ പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവ് കേസില്‍ രാജ്യാന്തര നീതിന്യായ കോടതിയില്‍ (ഐസിജെ) ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചതിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.