കുവൈത്തിൽ പാസി മെഷീനുകളിൽ തിരിച്ചറിയൽ കാർഡുകൾ കെട്ടിക്കിടക്കുന്നു

Mail This Article
കുവൈത്ത് സിറ്റി∙ സിവിൽ ഇൻഫർമേഷൻ അതോറിറ്റി (പാസി) മെഷീനുകളിൽ 2 ലക്ഷം തിരിച്ചറിയൽ കാർഡുകൾ കെട്ടിക്കിടക്കുന്നു. ഫീസ് അടച്ച് പുതുക്കിയ കാർഡുകൾ ഉടമകൾ ഏറ്റെടുക്കാത്തതാണ് കാരണം. കുവൈത്തിന് പുറത്തായിരിക്കെ ഓൺലൈൻ സംവിധാനത്തിൽ ഇഖാമ പുതുക്കുകയും പുതിയ കാർഡിനായി അപേക്ഷിക്കുകയും ചെയ്തവരുടേതാണ് കെട്ടിക്കിടക്കുന്ന കാർഡുകളിൽ ഒട്ടേറെയും.
പഴയ കാർഡ് മെഷീനിൽ നിക്ഷേപിച്ചാൽ മാത്രമേ യന്ത്രത്തിൽ നിന്ന് പുതിയ കാർഡ് ലഭിക്കുകയുള്ളൂ. രാജ്യത്തിന് പുറത്തുള്ളവരുടെ പഴയ കാർഡ് സ്വാഭാവികമായും അവരുടെ കൈവശമായിരിക്കും എന്നതിനാൽ പകരം ആളെവിട്ട് പുതിയ കാർഡ് എടുക്കുന്നതും സാധ്യമാകില്ല. ഓൺലൈനിൽ ഇഖാമ പുതുക്കിയവർക്ക് തിരിച്ചറിയൽ കാർഡ് `മൈ ഐഡൻറിറ്റി` ആപ്പ് വഴി ലഭിക്കുന്നുണ്ട്.
യാത്രാ രേഖ തുടങ്ങി ഔദ്യോഗിക ആവശ്യങ്ങൾക്ക് ആപ്പ് കാർഡ് മതിയാകും. മെഷീനുകളിൽ പതിനായിരക്കണക്കിന് കാർഡുകൾ കെട്ടിക്കിടക്കുന്നതിനാൽ പുതിയ കാർഡുകൾ നിക്ഷേപിക്കുന്നതിന് അധികൃതർ പ്രയാസം നേരിടുന്നുമുണ്ട്. അതേസമയം അടിയന്തരമായി സിവിൽ ഐഡി കാർഡ് ആവശ്യമുള്ളവർക്ക് പെട്ടെന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി അതോറിറ്റി അറിയിച്ചു.
5 വയസ്സിന് താഴെയുള്ളവർ, ഗാർഹിക തൊഴിലാളികൾ തുടങ്ങി ഇതിനകം `മൈ ഐഡൻറിറ്റി` ആപ്പിൽ തിരിച്ചറിയൽ കാർഡ് കരസ്ഥമാക്കിയിട്ടില്ലാത്തവർക്ക് കാർഡിനായി അധികൃതരെ സമീപിക്കാവുന്നതാണ്.