ദുബായിൽ 65 കി.മീ. ട്രാക്ക് നിർമിക്കുന്നു; 10 പാർക്കുകളിൽ സൈക്കിളിൽ കറങ്ങാം

Mail This Article
ദുബായ് ∙ സൈക്കിൾ യാത്രക്കാരുടെ എണ്ണം ഉയർന്നതോടെ കൂടുതൽ ട്രാക്കുകൾക്കുള്ള പദ്ധതി അതിവേഗം മുന്നോട്ട്. ഹത്തയടക്കം ദുബായ് എമിറേറ്റിലെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്നതിനു പുറമേ പാർക്കുകളിലും സൈക്കിൾ ട്രാക്കുകൾ നിർമിക്കും. 10 പാർക്കുകളിലായി 65 കിലോമീറ്റർ ട്രാക്ക് നിർമിക്കുന്ന പദ്ധതി പുരോഗമിക്കുന്നു. അൽ ബർഷ പോണ്ട് പാർക്ക് (1.5 കിലോമീറ്റർ), അൽ വർഖ 3 പാർക്ക് (3 കി.മീ), മുഷ്റിഫ് പാർക്ക് (4 കി.മീ), ഖുറാനിക് പാർക്ക് (3.2 കി.മീ) എന്നിവിടങ്ങളിൽ പൂർത്തിയായി. സ്മാർട് നിരീക്ഷണ സംവിധാനത്തോടു കൂടിയ ട്രാക്കുകളാണ് മലയോരമേഖലകളിലടക്കം നിർമിക്കുന്നത്.
നിലവിലുള്ള 463 കി.മീ. സൈക്കിൾ ട്രാക്ക് 2026 ആകുമ്പോഴേക്കും 759 കിലോമീറ്ററാക്കും. സന്ദർശകർക്കും താമസക്കാർക്കും ഉല്ലാസത്തിനും വ്യായാമത്തിനും രാജ്യാന്തര നിലവാരമുള്ള സൈക്കിൾ ട്രാക്കുകൾ നിർമിക്കാൻ കൂടി ലക്ഷ്യമിടുന്നതാണ് 'ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാൻ'.
ജുമൈറ, ഒമാൻ അതിർത്തിയിലുള്ള മലയോര ഗ്രാമമായ ഹത്ത, അൽ മർമൂം ഡെസെർട് കൺസർവേഷൻ റിസർവ് മേഖലകളെ ബന്ധിപ്പിച്ച് രാജ്യാന്തര മത്സരങ്ങൾ നടത്താൻ കഴിയുന്ന ഹൈടെക് സൈക്ലിങ് ട്രാക്ക് സജ്ജമാക്കാനും പർവതമേഖലകളിലെ സാഹസിക ട്രാക്കുകളെ ഇതര സൈക്ലിങ് ട്രാക്കുകളുമായി ബന്ധിപ്പിക്കാനുമുള്ള പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്. നഗര മേഖലകൾ, മരുഭൂമി, പർവതമേഖലകൾ എന്നിവയെ ബന്ധിപ്പിച്ചുള്ള സൈക്കിൾ ട്രാക്കുകൾ ഇതര എമിറേറ്റുകളിലേക്കുള്ള യാത്രയും എളുപ്പമാക്കും.
ദുബായിൽ ൈസക്ലിങ് നടത്തുന്നവരിൽ 13% പേർ 50 വയസ്സിനു മുകളിലുള്ളവരാണെന്നാണ് റിപ്പോർട്ട്. സുരക്ഷിത യാത്രയ്ക്ക് ഡൗൺടൗൺ ദുബായ്, ദുബായ് വാട്ടർ കനാൽ, അൽ സുഫൂഹ്, ദുബായ് മറീന, ജുമൈറ ബീച്ച് റോഡ്, സെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, അൽ റിഗ്ഗ, ജബൽഅലി, അൽഖൂസ്, അൽഖുദ്ര, സായിഹ് അൽ സലാം, ബാബ് അൽ ഷംസ്, അൽ ബർഷ, ഹോർ അൽ അൻസ്, ഖിസൈസ്, ഊദ്മേത്ത, മൻഖൂൽ, കരാമ, ഖവനീജ്, വർഖ, എക്സ്പോ 2020, നാദ് അൽ ഷെബ എന്നിവിടങ്ങളിൽ ഹൈടെക് സൈക്കിൾ ട്രാക്കുണ്ട്.
74 കേന്ദ്രങ്ങൾ, 760 സൈക്കിളുകൾ
ദുബായിൽ എക്സ്പോ വേദിയുൾപ്പെടെ സൈക്കിൾ വാടകയ്ക്കു നൽകുന്ന 74 കേന്ദ്രങ്ങളിലായി ജിപിഎസ് ശൃംഖല വഴി ബന്ധിപ്പിച്ച 760 സൈക്കിളുകളുണ്ടെന്ന് ആർടിഎ അറിയിച്ചു. സ്മാർട് ഫോൺ വഴി നിശ്ചിതസമയത്തേക്ക് ബുക് ചെയ്യാം.
ആപ്പിൽ ലഭ്യമാകുന്ന കോഡ് ഉപയോഗിച്ചാണ് സൈക്കിൾ അൺലോക്ക് ചെയ്യേണ്ടത്. സൈക്കിൾ റാക്കുകൾ സൗരോർജത്തിലാണു പ്രവർത്തിക്കുന്നത്. എക്സ്പോ വേദിയോടനുബന്ധിച്ച് 10 കിലോമീറ്റർ ട്രാക്കാണുള്ളത്. ഈ മേഖലയിലെ 23 സ്റ്റേഷനുകളിലായി 230 സൈക്കിളുകളുണ്ട്.
ട്രാക്കിൽ വമ്പൻ അൽ ഖുദ്ര
മരുഭൂമിയിലെ കാഴ്ചകൾ ആസ്വദിക്കാവുന്ന 135 കിലോമീറ്റർ അൽ ഖുദ്ര ട്രാക്കാണ് ഏറ്റവും നീളം കൂടിയത്. അൽ ബരാരി, ബാബ് അൽ ഷംസ് മേഖലയിലൂടെ കടന്നുപോകുന്ന ട്രാക്ക് പ്രഫഷനലുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. മൗണ്ടെയ്ൻ ബൈക്കിങ്ങിന് എത്തുന്നവരുടെ എണ്ണവും കൂടുകയാണ്. ഹത്തയിൽ ഇതിനായി 52 കിലോമീറ്റർ പ്രത്യേക പാതയൊരുക്കി. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ് സാഹസിക സവാരി നടത്താം.
പഠിക്കാം, ശാസ്ത്രീയമായി
ദുബായ് ഓട്ടോഡ്രോമിൽ സൈക്കിൾ ഓടിക്കാൻ പരിശീലിക്കാം. 2.46 കിലോമീറ്റർ മേഖലയിൽ എല്ലാ പ്രായക്കാർക്കും രാജ്യാന്തര നിലവാരമുള്ള പരിശീലനം നേടാനാകും. സൈക്കിളുകളും ഇ-സ്കൂട്ടറുകളും വൻ വിജയമായതോടെ സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമാവലിക്കു രൂപം നൽകും. സ്പോർട്സ് സൈക്കിൾ, കാർഗോ സൈക്കിൾ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി തിരിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കും.
ട്രാക്കും സ്മാർട്
സൈക്കിൾ യാത്രക്കാരെ നിരീക്ഷിക്കാനും ട്രാക്കുകളിലെ സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള സ്മാർട് സംവിധാനം ആർടിഎ കൂടുതൽ മേഖലകളിൽ നടപ്പാക്കുകയാണ്. നിർമിതബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) എന്നിവ ഉപയോഗപ്പെടുത്തിയുള്ള നിരീക്ഷണ ശൃംഖലയിൽ സൈക്കിൾ യാത്ര 100% സുരക്ഷിതമാക്കുകയാണു ലക്ഷ്യം.വേഗപരിധി ലംഘിക്കുന്നുണ്ടോയെന്നും ഹെൽമറ്റ് ധരിക്കുന്നതടക്കമുള്ള നിയമങ്ങൾ യാത്രക്കാർ പാലിക്കുന്നുണ്ടോയെന്നും കണ്ടെത്താം. യാത്രക്കാരന് ഹെൽമറ്റ്, റിഫ്ലക്റ്റീവ് ജാക്കറ്റ് എന്നിവ നിർബന്ധമാണ്.
ആയാസമില്ലാതെ ആരോഗ്യം
∙ എയ്റോബിക് വ്യായാമമായ സൈക്ലിങ് ഏറെ ആരോഗ്യകരമെന്ന് ആരോഗ്യവിദഗ്ധർ. തുറസ്സായ പ്രദേശങ്ങളിൽ സൈക്കിൾ ചവിട്ടുമ്പോൾ ധാരാളം ശുദ്ധവായു ലഭ്യമാകുന്നു. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂട്ടുകയും ഉന്മേഷം നൽകുകയും ചെയ്യുന്നു.
∙ കാൽമുട്ടുകൾ കൃത്യമായി മടങ്ങുകയും നിവരുകയും ചെയ്യുന്നു. കാലിന്റെ കണ്ണ, ഇടുപ്പ് എന്നിവിടങ്ങൾക്കും നല്ലതാണ്. കഠിന വ്യായാമം ചെയ്യുമ്പോൾ മുട്ടുകൾക്കും മറ്റും ഉണ്ടാകുന്ന വേദന സൈക്ലിങ്ങിന് ഇല്ല. പേശികൾക്കു ബലം ലഭിക്കുകയും വയറിന്റെയും അരക്കെട്ടിന്റെയും ഉറപ്പ് കൂടുകയും ചെയ്യും.
∙ മാനസിക സമ്മർദം, പ്രമേഹം, രക്തസമ്മർദം എന്നിവ കുറയ്ക്കും.
∙ തുടക്കക്കാർ കൂടുതൽ ആയാസപ്പെടുന്നതും ദീർഘദൂരം സഞ്ചരിക്കുന്നതും ഒഴിവാക്കണം. തെളിഞ്ഞ അന്തരീക്ഷമുള്ള പുലർച്ചെയാണ് അനുയോജ്യം.
English Summary : Dubai to expand cycle tracks by 2026 in line with ‘Dubai 2040 Urban Master Plan’