അനായാസം, അതിസൂക്ഷ്മം റോബട്ടിക് സർജറി; വിജയകരമായി പൂർത്തീകരിച്ച് എച്ച്എംസി

Mail This Article
ദോഹ∙ റോബട്ടിക് സർജറി വിജയകരമായി പൂർത്തിയാക്കി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കിടയിലും മിഡിൽ ഈസ്റ്റിലും ഇത്തരമൊരു ശസ്ത്രക്രിയ ആദ്യമാണ്.
മധ്യവയസ്‌കയായ സ്ത്രീയുടെ കൊല്ലിഡോക്കൽ സിസ്റ്റ് നീക്കം ചെയ്യുന്നതിനാണ് റോബട്ടിക് സർജറി നടത്തിയത്. എച്ച്എംസിയുടെ റോബട്ടിക് സർജറി, ലിവർ സർജറി വകുപ്പുകൾ ചേർന്നാണ് റോബട്ടുകളുടെ സഹായത്തോടെ സർജറി നടത്തിയത്.
പരമ്പരാഗത ശസ്ത്രക്രിയകളിലെ സങ്കീർണതകൾ ഒഴിവാക്കാൻ 'ഡാവിഞ്ചി റോബട്ടിനെ' ഉപയോഗിച്ചാണ് സർജറി നടത്തിയതെന്ന് റോബട്ടിക് സർജറി വിഭാഗം ഡയറക്ടർ ഡോ.ഹാനി അത്‌ല വ്യക്തമാക്കി. പരമ്പരാഗത ശസ്ത്രക്രിയകൾക്ക് ശേഷം കുറഞ്ഞത് 7 ദിവസമെങ്കിലും വേണ്ടി വരുന്നിടത്ത് റോബട്ടിക് സർജറിയായതിനാൽ 3 ദിവസത്തിനകം രോഗിക്ക് സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്താമെന്നും ഡോ.അത്‌ല വിശദീകരിച്ചു.
രക്തം നഷ്ടമാകുന്നതും സർജറിക്കു ശേഷമുള്ള വേദനയും കുറയ്ക്കാമെന്നതിനൊപ്പം വേഗത്തിലുള്ള രോഗമുക്തിയും റോബട്ടിക് സർജറിയുടെ ഗുണങ്ങളാണ്. സർജറി ചെയ്യേണ്ട ഭാഗത്തേക്ക് കൃത്യവും അനായാസവുമുള്ള പ്രവേശനം ലഭിക്കുന്നതിനൊപ്പം നിർദിഷ്ട സ്‌ക്രീനിലൂടെ ഡോക്ടർമാർക്ക് റോബട്ടിനെ നിയന്ത്രിക്കാനും കഴിയും. കൺട്രോളർമാർ മുഖേനയാണ് ഡോക്ടർമാർ നൽകുന്ന നിർദേശം റോബട്ടുകൾ അതേപടി നടപ്പാക്കുന്നത്.