ADVERTISEMENT

അബുദാബി/റാസൽഖൈമ∙ സാഹസിക സഞ്ചാരികൾക്ക് മലകയറാനുള്ള സൂത്രവിദ്യകളും അതിജീവനത്തിന്റെ പാഠങ്ങളും പകർന്ന് റാസൽഖൈമ പൊലീസ്. കാലാവസ്ഥ അനുകൂലമായതോടെ മലകയറാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതിനാലാണ് ബോധവൽക്കരണം. ട്രെക്കിങ് ആഗ്രഹിക്കുന്നവർക്ക് അറിയേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി വിഡിയോയും പുറത്തിറക്കി. റാസൽഖൈമ ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടെ സമൂഹമാധ്യമങ്ങളിലൂടെയും ബോധവൽക്കരണം നടത്തുന്നുണ്ട്. അറബിക്, ഇംഗ്ലിഷ് ഭാഷകളിലാണ് മാർഗനിർദേശങ്ങൾ.

കഴിഞ്ഞ ദിവസം ഹത്തയിലെ മലയിൽ കുടുങ്ങിയ ആറംഗ കുടുംബത്തെ ദുബായ് പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. മലകയറിയ മാതാപിതാക്കളും നാലു മക്കളും തിരിച്ചിറങ്ങാനാകാതെ വന്നതോടെ പൊലീസ് സഹായം തേടുകയായിരുന്നു. ഡ്രോൺ വഴി തിരച്ചിൽ നടത്തി സ്ഥലം മനസ്സിലാക്കിയ പൊലീസ് മിനിറ്റുകൾക്കകം കുടുംബത്തെ രക്ഷപ്പെടുത്തി. 

തയാറെടുപ്പ് വേണം

ട്രെക്കിങ്ങിന് പോകുന്ന പർവതപ്രദേശങ്ങളെക്കുറിച്ച് മനസിലാക്കി സുരക്ഷിത ഭാഗം മലകയറാനായി തിരഞ്ഞെടുക്കാം. ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള കാലാവസ്ഥാ പ്രവചനം പരിശോധിച്ച്  കാലാവസ്ഥ അനുകൂലമാണെന്ന് ഉറപ്പാക്കാം. എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന സമയം കുടുംബാംഗങ്ങളെ അറിയിക്കണം. 

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്രഥമശുശ്രൂഷ കിറ്റ് കരുതണം. ഭക്ഷണവും വെള്ളവും കൂടുതൽ എടുക്കണം. പൂർണമായി ചാർജ് ചെയ്ത ഫോണിനൊപ്പം പവർ ബാങ്കും വേണം. 

ഇങ്ങനെ തയാറെടുക്കാം...

∙ദൂരെനിന്നു കാണാവുന്ന വിധം നിറമുള്ളതും അയഞ്ഞതുതമായ വസ്ത്രം ധരിക്കുക

∙മലകയറ്റത്തിനു അനുയോജ്യമായ ബൂട്ടുകളും സോക്സും ധരിക്കുക

∙ചൂട്, തണുപ്പ്, മഞ്ഞ്, മഴ എന്നിവയിൽനിന്നുള്ള സംരക്ഷണത്തിന് തൊപ്പി, സൺഗ്ലാസ് തുടങ്ങിയവ കരുതുക

∙ ജലാംശം നിലനിർത്താൻ അര മണിക്കൂർ ഇടവേളകളിൽ വെള്ളം കുടിക്കുക 

∙ ബാലൻസ് നിലനിർത്താനുള്ള ഹൈക്കിങ് പോൾ കരുതുക

∙ ക്ഷീണം തോന്നിയാൽ സുരക്ഷിത സ്ഥലത്ത് വിശ്രമിച്ച ശേഷം മാത്രം തുടരുക

∙ പൂർണമായും ചാർജ് ചെയ്ത ഹെഡ്‌ലാംപ് നിർബന്ധം

∙ ചിത്രങ്ങളും ദൃശ്യങ്ങളും എടുത്തും ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചും ഫോൺ ബാറ്ററി തീർക്കരുത്

∙ അധിക ബാറ്ററികൾ ഉണ്ടെന്ന് ഉറപ്പാക്കുക

∙ജനശ്രദ്ധ ആകർഷിക്കാനായി ഒരു വിസിൽ കരുതുക

∙കൃത്യസമയത്ത് മലകയറ്റം പൂർത്തിയാക്കുക

∙മല മുകളിൽ ക്യാംപ് ചെയ്യുന്നവർ ടെന്റും സ്ലീപിങ് ബാഗും എടുക്കുക

∙അടിയന്തര ഘട്ടങ്ങളിൽ 999 നമ്പറിൽ പൊലീസിന്റെ സഹായം തേടുക

English Summary: RAK police share vital tips to adventurers for survival while mountain climbing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com