ഭർത്താവിന്‍റെ ബിസിനസ് സ്വന്തം പേരുകളിലായതിനാൽ ജയിലിലായ സ്ത്രീകൾ; യുഎഇയിലെ പാർട്ട്ണർഷിപ് ബിസിനസിലെ ചതിയുടെ കാണാപുറങ്ങൾ
Mail This Article
ദുബായ്∙ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ പ്രവാസി നിക്ഷേപകരുടെ വിളനിലമാണ്. മലയാളികൾക്കടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് ഇവിടെ സംരഭങ്ങളുണ്ട്. പല രാജ്യങ്ങളിലും ഇന്ത്യൻ ബിസിനസുകാർ ശ്രദ്ധേയമായ നിലയിൽ ബിസിനസ് നടത്തി ഉന്നതിയിലെത്തി. അതുപോലെ പുതുതായി ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തോടെ ഇപ്പോഴും ആളുകൾ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും പേരുകേട്ട ഈ നിക്ഷേപ സൗഹൃദ രാജ്യത്ത് എത്തുന്നു. എന്നാൽ, പലരും ഇവിടുത്തെ കമ്പനി നിയമങ്ങളറിയാതെയും ശ്രദ്ധക്കുറവും കൊണ്ട് പാർട്ണർഷിപ്പിൽ ബിസിനസ് ആരംഭിച്ച് കുഴിയിൽ ചാടുന്നുമുണ്ട്. ചെറുതും വലുതുമായ ബിസിനസ് സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്ന കാരണങ്ങൾ ഏറെ. ഒരാൾ യുഎഇയിൽ വന്ന് ഒരു കമ്പനി ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ വിശദീകരിക്കുകയാണ് യുഎഇയിലെ പ്രമുഖ അഭിഭാഷകയും മലയാളിയുമായ പ്രീതാ ശ്രീറാം മാധവ്:
മികച്ചൊരു ജോലി എന്ന സ്വപ്നവുമായാണ് അധികം ആൾക്കാരും യുഎഇയിലേയ്ക്ക് വരുന്നത്. എന്നാൽ ഒരു സ്ഥിരവരുമാനമുള്ള ജോലി കിട്ടി ആ കമ്പനിയിൽ പരിചയ സമ്പന്നനാകുകയും സ്ഥാപനം വൻ ലാഭത്തിലാണ് മുന്നോട്ടുപോകുന്നത് എന്നുമറിയുമ്പോൾ സ്വന്തമായി എന്തുകൊണ്ട് ഒരു കമ്പനി തുടങ്ങിക്കൂടാ എന്ന ചിന്തയാണ് പുതിയൊരു ബിസിനസ് സ്ഥാപനത്തിന് തുടക്കമിടുന്നത്.
ഒരു പുതിയ ബിസിനസ് സ്ഥാപനത്തിന്റെ തുടക്കം ചിലർ ജോലി രാജിവച്ച്, നാട്ടിൽ നിന്ന് കടം വാങ്ങിയോ സ്ഥലമോ സ്വർണമോ വീടോ പണയം വച്ചോ, വിറ്റോ പണം കണ്ടെത്തിയാണ് . സാധാരണഗതിയിൽ ഇവർക്ക് ഈ ബിസിനസ്സിനെക്കുറിച്ചുള്ള അറിവ് വളരെ കുറവാണ്. വ്യാപാര ലൈസൻസ്, ഓഫിസ്, വീസാ ചെലവുകൾ കൈയിലുണ്ടെങ്കിൽ കമ്പനി നന്നായിട്ട് നടത്താം എന്നാണ് അവരുടെ കാഴ്ചപ്പാട് . ജോലി ചെയ്ത് കൊണ്ടിരുന്ന പഴയ കമ്പനിയുടെ ക്ലെയിന്‍റസുകൾ മാത്രമാണ് ഇവരുടെ ബലം.
ബിസിനസ് നടത്താനുള്ള മൂലധനം ഒന്നും ഇങ്ങനത്തെ ബിസിനസ് ഓണേഴ്സിന്റെ കൈയ്യിൽ കാണാറില്ല. ജോലിയിൽ നിന്നുകൊണ്ട് ഒരു ബിസിനസ് തുടങ്ങാൻ നിയമപരമായി സാധിക്കാത്തതിനാൽ ഭാര്യയുടേയോ മാതാവിന്റേയോ പേരിലാണ് മറ്റുചിലർ ബിസിനസ് തുടങ്ങുന്നത്. കൃത്യമായ മൂലധനമോ ബിസിനസിൽ പരിചയസമ്പത്തോ ഇല്ലാതെ കമ്പനി ഒടുവിൽ ലൈസൻസ് പുതുക്കാൻ പറ്റാതെയും ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ വിതരണക്കാർക്ക് പണം നൽകാനോ ഓഫിസിന്റെയും വെയർഹൗസിന്റെയും വാടക കൊടുക്കാനോ കഴിയാതെയും പ്രതിസന്ധിയിലാകുന്നു.
തുടർന്ന് ചെക്ക് കേസുകളിലും കെട്ടിട വാടക കേസുകളിലും ലേബർ കേസുകളിലും കുടുങ്ങി മുന്നോട്ട് നീങ്ങേണ്ടത് എങ്ങനെയെന്ന് അറിയാതെ വരുമാനമാർഗം അടഞ്ഞു ദുരിതത്തിലായവർ ഏറെയാണ്. ഭർത്താവിന്‍റെ ബിസിനസ് തങ്ങളുടെ പേരുകളിലായതിനാൽ പല സ്ത്രീകളും യുഎഇ യുടെ പല എമിറേറ്റ്സിലെ ജയിലുകളിലും കിടപ്പുണ്ട്. കമ്പനിയുടെ സിഗ്നേറ്ററി അഥവാ മാനേജർ അവരായത് കൊണ്ട് മാത്രം ഒരു തെറ്റും ചെയ്യാതെ ജയിലിൽ കിടന്ന സ്ത്രീകളെ ഇന്ത്യൻ കോൺസുലേറ്റും ദുബയ് പൊലീസും സാമൂഹിക പ്രവർത്തകരും ചേർന്ന് ജയിലിൽ നിന്ന് മോചിപ്പിച്ച് നാട്ടിലേയ്ക്ക് അയക്കുന്ന സംഭവവും നിരവധിയാണ്.
പലവിധ കാരണങ്ങൾ കൊണ്ട് കമ്പനിയിൽ പ്രശ്നമായി ഒട്ടേറെ ഉടമകളും പാർട്ട്ണർമാരും യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ജയിലുകളിൽ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
സിവിൽ കേസിലെ പിഴ അടയ്ക്കാൻ നിർവ്വാഹമില്ലാത്തത് കൊണ്ട് ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നവർ ഏറെ. അവരുo അവരുടെ കുടുംബവും മക്കളുടെ വിദ്യാഭ്യാസം പോലും മുടങ്ങി നാട്ടിലേക്ക് പോകാൻ പറ്റാതെയായിട്ടുണ്ട്. യുഎഇയിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും അവരുടെ എമിറേറ്റ്സ് ഐഡി, പാസ് പോർട്ട് കോപ്പി അടക്കമുള്ള താമസ രേഖകളും തങ്ങൾ ഏത് കമ്പനിയിൽ എന്ത് ജോലി ചെയ്യുന്നതെന്നുമൊക്കെയുള്ള തെളിവുകൾ ഇന്ത്യയിലോ മറ്റോ ഉള്ള തങ്ങളുടെ കുടുംബാംഗങ്ങൾക്കോ ആശ്രിതർക്കോ നിർബന്ധമായും നൽകണം. കേസ് പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഇത് അവരെ നിയമപരമായി സഹായിക്കാൻ അത്യാവശ്യമാണെന്നും അഡ്വ.പ്രീത പറഞ്ഞു.
∙ പാർട്ണേഴ്സ് കമ്പനികൾ എളുപ്പം പ്രശ്നത്തിലാകുന്നതെന്തുകൊണ്ട്?
യു എ ഇയിൽ ചെറുതും വലുതും പഴയതും പുതിയതുമായ കമ്പനികൾ ഇങ്ങനെ ടോട്ടൽ ലോസായി പോകുന്നതിന്റെയോ അല്ലെങ്കിൽ കമ്പനിക്ക് ചെക്കിന്റെ പ്രശ്നം വരുന്നതിന്റെയോ പ്രധാന കാരണം കൂടുതലും ഇവിടെ പാർട്ട്ണർഷിപ്പ് കമ്പനികളാണ് എന്നതാണ്. രണ്ടും മൂന്നും നാലും അഞ്ചും അതിൽ കൂടുതലും പാർട്ണേഴ്സ് ചേർന്നാണ് പല കമ്പനികൾ പ്രവർത്തിക്കുന്നത്. ഇങ്ങനെ പാർട്ടണേഴ്‌സ് ചേർന്ന് നടത്തുന്നതായത് കൊണ്ട് കമ്പനി രൂപപ്പെടുത്തുമ്പോൾ തന്നെ ചെയ്യേണ്ട പല മാനദണ്ഡങ്ങളും അവർ ചെയ്യുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം.
∙ എംഒഎ കൂടാതെ സൈഡ് എഗ്രിമെന്‍റും നിർബന്ധം
സാധാരണയായി ഒരു കമ്പനി രൂപീകരിക്കുമ്പോൾ ഒരു എംഒഎ((മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ) റജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. എന്നാൽ പാർട്ണർമാരുള്ള കമ്പനിയിൽ എംഒഎ രൂപികരിക്കുന്നതിന് മുൻപ് സൈഡ് എഗ്രിമെന്റ് ഉണ്ടാക്കേണ്ടതാണ്. ആ സൈഡ് എഗ്രിമെന്‍റ് പാർട്ട്‌ണേഴ്സ് എല്ലാവരും കൂടി ഇരുന്ന് ചർച്ച ചെയ്ത് ഉറപ്പിച്ച കാര്യങ്ങൾ സൈഡ് എഗ്രിമെന്റിൽ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ, പാർട്ട് ണേഴ്സ് കൂടിയാലോചിച്ചുണ്ടാക്കിയ ടേംസ് ആൻഡ് കണ്ടീഷൻസ് എല്ലാം രേഖപ്പെടുത്തേണ്ടതുമാണ്. ആരെല്ലാം ഏതെല്ലാം റോളുകളാണ് കൈകാര്യം ചെയ്യുന്നത്, ഓരോരുത്തരും എത്ര സംഖ്യയാണ് നിക്ഷേപിക്കുന്നത് എന്നും രേഖപ്പെടുത്തണം. ഓരോ പാർട്ട്ണേഴ്സും അവരവരുടെ നോമിനിയെയും രേഖപ്പെടുത്തണം. കൂടാതെ, ഓരോരുത്തരുടെയും ലാഭവിഹിതം എത്രയാണെന്നും ഉൾപ്പെടുത്തേണ്ടതാണ്.
ഒരു കമ്പനി നടത്തുമ്പോൾ അതിൽ ബിസിനസ്സിനെ പറ്റി അറിയുന്നവരും പണം മാത്രം ഇറക്കുന്നവരും ഓപറേഷൻ മാനേജരായി തുടരുന്നവരും സൈലന്റ് പാർട്ട് ണേഴ്സും ഉണ്ടാകും. ഇവരുടെ എല്ലാ കാര്യങ്ങളും വ്യക്തമായി സൈഡ് എഗ്രിമെന്റിൽ രേഖപ്പെടുത്തുന്നത് പാർട്ട്ണർഷിപ്പുള്ള കമ്പനിയിൽ അത്യാവശ്യമാണ്. വേറെ ചില കമ്പനിയിൽ കണ്ടു വരുന്ന ഒരു പ്രധാന പ്രശ്നം കൂടുതൽ ഇൻവെസ്റ്റ് ചെയ്ത പാർട്ട്ണർക്ക് യുഎഇയിലും പുറത്തും വേറെ കമ്പനികൾ ഉള്ളതിനാൽ ഇത് മാനേജ് ചെയ്യാൻ പുറത്തുനിന്നുള്ളയാളെ നിയമിക്കുന്നതാണ്. ഈ മാനേജർ ഒരു ഇൻവെസ്റ്റും ചെയ്യാത്ത ആളായിരിക്കും അങ്ങനത്തെ അവസ്ഥയിൽ പല കമ്പനികളിൽ പറ്റുന്ന അബദ്ധം എന്തെന്നാൽ, ഈ മാനേജർക്ക് അവരുടെ കുടുംബത്തിലുള്ള ആരുടെയെങ്കിലും പേരിൽ ഇതേപോലുള്ള പുതിയ കമ്പനി രൂപപ്പെടുത്തുന്നു. എന്നിട്ട് ഈ കമ്പനിയിൽ വരുന്ന ബിസിനസെല്ലാം അവർ പുതിയ കമ്പനിയിലേയ്ക്ക് മാറ്റുന്നു. ഇങ്ങനെ വരുമ്പോൾ ആദ്യത്തെ കമ്പനി നഷ്ടത്തിലാവുകയും അത് അടച്ച് പൂട്ടേണ്ട അവസ്ഥയും വരുന്നു. ഏതെങ്കിലും പാർട്ട്‌ണേഴ്സിന് കമ്പനി സംബന്ധമായ രേഖകൾ ആവശ്യമെങ്കിൽ അത് ലഭിക്കുന്ന തരത്തിലുള്ള സൈഡ് എഗ്രിമെന്റ് ഉണ്ടാക്കേണ്ടതാണ്. ഒരു കമ്പനിയുടെ അസറ്റ്സ് വിൽക്കാനുള്ള അവകാശം വെറേ ആൾക്കാർക്ക് ട്രാൻസർ ചെയ്ത് കൊടുക്കാനുള്ള അനുവാദം ഒരു മാനേജറിനോ ഒരു പാർട്ട്ണറിനോ ഉണ്ടാകാൻ പാടില്ല. ഇതിന് എല്ലാവരുടേയും അനുമതി അത്യാവശ്യമാണെന്ന് വ്യക്തമായും സൈഡ് എഗ്രിമെന്റിൽ രേഖപ്പെടുത്തേണ്ടതാണ്.
∙ കമ്പനി പാർട്ണർ നാട്ടിൽ നിന്ന് തിരിച്ചുവരുമ്പോൾ ജയിലിലാകുന്നു
കമ്പനി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പാർട്ട്ണർ നാട്ടിലേയ്ക്ക് പോകുന്നു എന്നിരിക്കട്ടെ, തിരിച്ച് നാട്ടിൽ നിന്ന് വരുമ്പോൾ അയാൾ ജയിലിൽ അടയ്ക്കപ്പെടുന്നു. കമ്പനിയുടെ സ്ഥിതിഗതികൾ അറിയാതെ ഇരിക്കുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് കമ്പനിയുടെ എല്ലാ സ്ഥിതിഗതികളും എല്ലാ പാർട്ട് ണേഴ്സും ഒരുപോലെ അറിഞ്ഞിരിക്കണമെന്നുള്ള കാര്യങ്ങളും സൈഡ് എഗ്രിമെന്റിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അങ്ങനെ വരുമ്പോൾ നാട്ടിൽ പോയ പാർട്ട് ണേഴ്സിന് തിരിച്ച് വരുമ്പോൾ ഒരു പ്രശ്നവും ഉണ്ടാവില്ല. ഇത്തരം കാര്യങ്ങൾ സൈഡ് എഗ്രിമെന്‍റിൽ കൃത്യമായി രേഖപ്പെടുത്താതുകൊണ്ട് ഇവിടെയുള്ള പാർട്ണർമാര്‍ തന്നെ നാട്ടിലുള്ള പാർട്ണർക്കെതിരെ കേസ് കൊടുത്ത് ഇങ്ങോട്ടുവരാതിരിക്കാൻ ശ്രമിച്ച കേസുകൾ ഒട്ടേറെ ഇവിടെയുണ്ടാകുന്നുണ്ട്. ഒരുപാട് ആളുകൾ നാട്ടിൽ പോയിട്ട് തിരിച്ച് വരാൻ സാധിക്കാതെ ഇന്ത്യയിലും ലോകത്തിന്റെ പല ഭാഗത്തും ഇപ്പോഴും ഉണ്ട്. അവർക്ക് തിരിച്ചുവരാനുള്ള വഴി തേടി എന്നെ ബന്ധപ്പെടാറുമുണ്ട്.
ഒരു കമ്പനിയുടെ പാർട്ണർമാർ അതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനി ആരംഭിക്കാൻ പാടില്ല എന്നതും ഉൾപ്പെടുത്തേണ്ടതാണ്. ചില സമയത്ത് ഇതിൽ ചില പാർട്ട്ണർമാർ അതേ പ്രവർത്തനമുള്ള കമ്പനി തുടങ്ങുന്നതും കണ്ടുവരുന്ന പ്രവണതയാണ്. ഇങ്ങനെ എന്തെങ്കിലും കമ്പനി പാർട്ട്ണേഴ്സോ കുടുംബാംഗങ്ങളോ സെയിം ആക്ടിവിറ്റിയുള്ള കമ്പനി തുടങ്ങുമ്പോൾ അത് ഡിക്ലയർ ചെയ്യണമെന്നുള്ള നിബന്ധന സൈഡ് എഗ്രിമെന്റിൽ നിർബന്ധമാക്കണം.
കമ്പനി പൊളിയാനുള്ള പ്രധാന കാരണം പാർട്ട് ണേഴ്സ് തമ്മിലുള്ള പ്രശ്നമാണ്. അതുകൊണ്ട് വാക്കാൽ ചർച്ച ചെയ്യുന്ന എല്ലാ കാര്യങ്ങളും സൈഡ് എഗ്രിമെന്റിൽ വച്ചാൽ ഒരു വിധം എല്ലാ പാർട്ട് ണേഴ്സ് പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും.
∙ പാർട്ണർമാരുടെ ഉത്തരവാദിത്തങ്ങൾ
പാർട്ണർമാരുടെ എല്ലാവരുടേയും ശരിയായ ഉത്തരവാദിത്തം എഴുതി വയ്ക്കേണ്ടതാണ്. സൈലന്റ് പാർട്ട്ണർ ആര് ? മാനേജർ ആര് ? മാനേജർക്ക് എന്തെല്ലാം അധികാരം ഉണ്ട് എന്നിങ്ങനെയുള്ള കമ്പനിയുടെ എല്ലാ പ്രവർത്തനരീതികളും രേഖകളും എല്ലാ പാർട്ട് ണേഴ്സിനും നല്‍കേണ്ടതുമാണ്. മിനിറ്റ്സ് ഓഫ് മീറ്റിങ്ങും ഇതേപോലെ രേഖാമൂലം എല്ലാ പാർട്ട് ണേഴ്സിനും കൈമാറണം. അങ്ങനെ കമ്പനി മുന്നോട്ട് കൊണ്ട് പോവാൻ ഉചിതമായ എല്ലാ കാര്യങ്ങളും സൈഡ് എഗ്രിമെന്റിൽ എഴുതിച്ചേർക്കാവുന്നതാണ്. തുടർന്ന് ഈ എഗ്രിമെന്‍റ് നോട്ടറിയിൽ റജിസ്റ്റർ ചെയ്യാവുന്നതുമാണ്. ഇങ്ങനെ ചെയ്താൽ ലാഭത്തിന്‍റെ പേരിൽ പിന്നെ അതൊരു കേസിനോ പ്രശ്നത്തിനോ പോകാതെ നോക്കാൻ പറ്റും. ഒരു പാർട്ണർ കുറച്ച് കാലത്തേയ്ക്ക് ഇവിടെ നിന്ന് മാറിനിൽക്കുമ്പോൾ അയാൾ മറ്റു പാർട്ണർമാർക്കോ മറ്റോ നൽകുന്ന പവർ ഓഫ് അറ്റോർണി നിയമപരമായി പരിശോധിച്ച് വ്യക്തത വരുത്തി മാത്രം നൽകാൻ ശ്രമിക്കുക. ഇല്ലെങ്കിൽ കമ്പനി പ്രശ്നങ്ങളില്‍പ്പെട്ട് നാട്ടിലുള്ളയാൾക്ക് എല്ലാം നഷ്ടപ്പെടുന്നു.
ചില നിക്ഷേപകർക്ക് ട്രേഡ് ലൈസൻസിൽ പേര് വരാൻ താത്പര്യമുണ്ടാകാറില്ല. അവർക്ക് നോട്ടറി അറ്റസ്റ്റ് ചെയ്ത സൈഡ് എഗ്രിമെന്‍റിലൂടെ കമ്പനിയുടെ ഭാഗമാകാവുന്നതാണ്. കമ്പനിയിലെ പാർട്ട് ണർമാരുടെ എഗ്രിമെന്റ്‌പോലെ വളരെ പ്രധാനപ്പെട്ട കാര്യമാണ് കമ്പനിക്ക് വേണ്ടി വാങ്ങുന്ന അസറ്റുകൾ, ഓഫിസുകള്‍, വെയർ ഹൗസുകൾ എന്നിവ സംബന്ധിച്ച് ശരിയായ എഗ്രിമെന്റ് ഉണ്ടാക്കുക എന്നത്. ഇങ്ങനെ ചെയ്യാതിരുന്നാൽ ഓഫിസ്, വെയർഹൗസ് തുടങ്ങിയവയ്ക്ക് പണമടക്കുകയും തുടർന്ന് വൈദ്യുതി മുടക്കമോ മറ്റു കാരണങ്ങളാലോ ഇവ സമയത്ത് തുറക്കാൻ പറ്റാതെയായാൽ, ഈ സമയം കൃത്യമായി റിയൽ എസ്റ്റേറ്റു കാരോട് ആശയവിനിമയം നടത്തിയാൽ നിങ്ങൾക്ക് നിയമപരമായി മുന്നോട്ട് പോകാവുന്നതാണ്.
നിയമപരമായി ഇ– മെയിലിലോ മറ്റു രേഖാ മൂലമോ ബന്ധപ്പെടാതിരുന്നാൽ അതനുസരിച്ച് മുന്നോട്ട് പോകാനും ബുദ്ധിമുട്ടാണ്. അതുകൊണ്ട് കമ്പനിക്ക് വേണ്ടി ചെലവാക്കുന്ന ഓരോ ദിർഹവും ചെക്ക് ത്രൂ ട്രാൻസ്ഫർ ചെയ്യാൻ 100 ശതമാനവും ശ്രദ്ധിക്കേണ്ടതാണ്. ചെക്ക് ത്രൂ പേയ്മെന്‍റ് ട്രാൻസ്ഫർ ചെയ്താൽ ഏത് സാമ്പത്തിക പ്രശ്നത്തിനും പരിഹാരമുണ്ട്.
പിന്നെ ഈ കമ്പനികൾക്ക് പറ്റുന്ന വേറെ ഒരു തെറ്റ്, പാർട്ട് ണേഴ്സ് ആകുന്ന ആളുകൾ അധികവും ബന്ധുക്കളോ വളരെ അടുത്ത സുഹൃത്തുക്കളോ ആയിരിക്കും. ആ കാരണത്താൽ നമ്മൾ ഇവർക്ക് പേയ്മെന്റ് ക്യാഷായി പലപ്പോഴും കൊടുക്കും. ഇതുമൂലം പിന്നീട് എന്തെങ്കിലും കാരണത്താൽ ഇവർ നിങ്ങൾക്കെതിരെ തിരിഞ്ഞാൽ ഒരു തെളിവും ഉണ്ടായിരിക്കില്ല. അത് കൊണ്ട് ഏത് പേയ്മെന്റും ചെക്ക് മുഖേന കൊടുക്കുവാൻ ശ്രമിക്കുക. ബാധ്യതകൾ മറച്ചുവച്ച് കമ്പനി മറിച്ചു വിൽക്കുന്നതോ വിൽക്കാൻ ശ്രമിക്കുന്നതോ ക്രമിനൽ കുറ്റമാണ്.
അതുപോലെ വേറെ ചിലർ ബാധ്യതകളിൽ നിന്ന് രക്ഷനേടാൻ കമ്പനി നിയമപരമായി അല്ലാതെ അടച്ചുപൂട്ടുന്നു. അങ്ങനെയുള്ളവർ അറിയുക, കമ്പനി നിങ്ങളുടേതായ സമയത്ത് ഉണ്ടായിരുന്ന എല്ലാ ബാധ്യതകളും നിങ്ങളുടേത് മാത്രമായിരിക്കും. ഏത് സമയത്തും നിങ്ങളുടെ പേരിൽ കേസുണ്ടായേക്കാം. അതുകൊണ്ട് ബാധ്യതയുള്ള കമ്പനി ക്ലോസ് ചെയ്താലോ വിറ്റാലോ നിങ്ങൾക്ക് ആ ബാധ്യതയിൽ നിന്ന് രക്ഷപ്പെടാനാവില്ല. ഈ സന്ദർഭങ്ങളിൽ നിയമോപദേശം തേടുന്നത് നന്നായിരിക്കും. നിങ്ങൾ കമ്പനി നടത്തിയ കാലയളവിലെ എല്ലാ ബാധ്യതകളും നിങ്ങളുടേത് മാത്രമാണ്; അത് സ്വന്തം പേരിലായാലും കമ്പനിയുടെ പേരിലായാലും. എന്നാല്‍ ഇതിനെല്ലാം തീര്‍ച്ചയായും നിയമപരിഹാരവുമുണ്ട്.
അതുപോലെ നിങ്ങൾ ഒരു കമ്പനിയുടെ ഉടമയോ പാർട്ട്ണറോ ആണെങ്കിൽ നിർബന്ധമായും വിൽ പത്രം എഴുതി വയ്ക്കേണ്ടതാണ്. കോവിഡ്19 കാലത്തും ഇപ്പോഴും ആരെങ്കിലും എന്തെങ്കിലും കാരണത്താൽ വളരെ പെട്ടെന്ന് മരണപ്പെടുമ്പോൾ അവർ വിൽപത്രം എഴുതാത്തത് കൊണ്ട് അവരുടെ കുടുംബത്തിന് ലഭിക്കേണ്ടുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. ഈ സമയം ഇയാളുടെ പാർട്ട് ണേഴ്സ് എന്തെങ്കിലും തുച്ഛമായ തുക കൊടുത്ത് അവരെ ആസ്ഥാപനത്തിൽ നിന്ന് ഒഴിവാക്കുന്നു. അതുപോലെ ഇവിടെ ജോലി ചെയ്യുന്ന എല്ലാവരും വിൽപത്രം എഴുതുന്നത് നന്നായിരിക്കുമെന്നാണ് ഉപദേശിക്കാനുള്ളത്. ആരെങ്കിലും പെട്ടെന്ന് മരണപ്പെടുകയാണെങ്കിൽ അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങളും ശമ്പളകുടിശ്ശികയുമൊക്കെ എളുപ്പത്തിൽ ലഭ്യമാകാൻ ഇതു സഹായകമാകും.
∙ വിദേശത്തേയ്ക്ക് മുങ്ങിയ കമ്പനിയുടമകളുടെ ശ്രദ്ധയ്ക്ക്
ഇവിടെ കമ്പനി നടത്തി നഷ്ടത്തിലാവുകയോ, പാർട്ണർമാരുടെ ചതിയിൽപ്പെട്ട് യുഎഇയിലേയ്ക്ക് മടങ്ങാൻ കഴിയാതെയോ വരുമ്പോൾ പലരും പ്രതിസന്ധിയിലാകുന്നു. കമ്പനി റജിസ്ട്രേഷൻ നിയമപരമായി റദ്ദാക്താതെ ഇന്ത്യയിലേയ്ക്കോ മറ്റു വിദേശരാജ്യങ്ങളിലേയ്ക്കോ ഒളിച്ചോടിയവർ മലയാളികളടക്കം ഒട്ടേറെയുണ്ട്. ഇവർക്ക് ആഗ്രഹമുണ്ടെങ്കിലും തിരിച്ചുവരാൻ നിയമത്തെ ഭയമാണ്. എന്നാൽ, അവിടെ നിന്നുകൊണ്ടു തന്നെ നിയമപരമായി കമ്പനി റജിസ്ട്രേഷൻ ഒഴിവാക്കാനും അതേ കമ്പനി വീണ്ടും തുറക്കാനും സാധിക്കുന്നതാണ്. കൂടാതെ, ഇവർക്ക് തിരിച്ചുവരാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക്:+971 52 731 8377 (അഡ്വ.പ്രീത ശ്രീറാം മാധവ്).
English Summary: Fraudulent Practices in UAE Partnership Businesses