അടിമുടി മാറി സൗദി എയർലൈൻസ്; ആർട്ടിഫിഷ്യൽ ഇന്റലിജൻസും സൗദി വിഭവങ്ങളും ഉൾപ്പെട അനവധി മാറ്റങ്ങൾ
Mail This Article
ജിദ്ദ∙ അടിമുടി മാറി സൗദി എയർലൈൻസ്. ജിദ്ദയിൽ നടന്ന പരിപാടിയിൽ പുതിയ ലോഗോ അവതരിപ്പിച്ചു. ചെറിയ പരിഷ്കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ.
രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ് അവതരിപ്പിച്ച പുതിയ ലോഗോ. അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായ പതാകയുടെ നിറം ഉൾക്കൊള്ളുന്ന പച്ച, സൗദിയുടെ ഔദാര്യം, സംസ്കാരം, ആതിഥ്യ മര്യാദ എന്നിവയുടെ പ്രതീകമായ ഈന്തപ്പനയുടെ നിറം, രാജ്യത്തിന്റെ കടലിന്റെയും ആകാശത്തിന്റെയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറം, രാജ്യത്തിന്റെ സമ്പന്നതയുടെ പ്രതീകവും ആധികാരിതയും അടിയുടച്ച വേരുകളും അടയാളപ്പെടുത്തുന്ന മണൽ നിറം എന്നിവ ഉൾച്ചേർന്നതാണ് പുതിയ ലോഗോ.
ഇതോടൊപ്പം പുതിയ യൂണിഫോമും പുറത്തിറക്കി. വിമാനത്തിൽ ഈന്തപ്പഴങ്ങളും ഉയർന്ന നിലവാരമുള്ള സൗദി ഖഅ്വയും യാത്രക്കാർക്ക് നൽകും. ഭക്ഷണത്തിൽ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന വസ്തുക്കളായിരിക്കും ഉപയോഗപ്പെടുത്തുക. സൗദിയുടെ സംസ്കാരത്തിലും ദേശീയ സ്വത്വത്തിലും ഉള്ള താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും വിമാനത്തിനുള്ളിലെ ഭക്ഷണ മെനുകൾ. സവിശേഷമായ 40ലധികം തരത്തിലുള്ള സൗദി ഭക്ഷണങ്ങൾ ഇതിലുൾപ്പെടുന്നു. യാത്രക്കാർക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഭക്ഷണ വൈവിധ്യത്തെക്കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒരു കൂട്ടം പരമ്പരാഗത സുഗന്ധമുള്ള ടിഷ്യുകളും പുറത്തിറക്കി.
സിനിമകൾ, ചാനലുകൾ, ഓഡിയോ പ്രോഗ്രാമുകൾ എന്നിവ പ്രാദേശിക സൗദി ഉള്ളടക്കമുള്ളതായിരിക്കും. വിമാനത്തിനുള്ളിലെ വിനോദ സംവിധാനങ്ങളെ സമ്പന്നമാക്കുന്ന സംഗീത ട്യൂണുകൾ സൗദിയിലെ സംഗീതോപകരണങ്ങൾ ഉപയോഗിച്ചായിരിക്കും.
അതിഥി സേവന സംവിധാനത്തിൽ അഭൂതപൂർവമായ മാറ്റങ്ങൾക്കും പ്രവർത്തനങ്ങൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിയന്ത്രിക്കാനും തീരുമാനിച്ചിട്ടുണ്ട്.
English Summary: Saudia enters a new era through major rebranding strategy