അഹ്‍ലൻ മോദി സമ്മേളനം 13ന്; 60,000 കടന്ന് റജിസ്ട്രേഷൻ
Mail This Article
അബുദാബി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ ഈ മാസം 13ന് അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഒരുക്കുന്ന അഹ്‍ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 60,000 കവിഞ്ഞു. വൈകിട്ട് 4നാണ് അബുദാബിയിൽ പൊതുസമ്മേളനം. അബുദാബി കൾചറൽ ഡിസ്ട്രിക്ടിൽ നിർമിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ക്ഷേത്രം ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം 14ന് മോദി നിർവഹിക്കും. ഇന്ത്യൻ എംബസിയുടെ മേൽനോട്ടത്തിൽ 150ലേറെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മറ്റ് എമിറേറ്റുകളിൽ നിന്ന് എത്തുന്നവർക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് തൊഴിലാളികളും മറുനാട്ടിൽ മോദിയെ കാണാനെത്തും. ഇന്ത്യയുടെയും യുഎഇയുടെയും സൗഹൃദ ബന്ധത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും ഇഴയടുപ്പം പരിപാടികളിൽ നിറയും.
ആകർഷണമായി കലാസാംസ്കാരിക പരിപാടി
അബുദാബിയിൽ പതിനായിരക്കണക്കിനു പ്രവാസികളെ അഭിസംബോധന ചെയ്യുന്ന മോദി ഇന്ത്യയുടെ ഭൂത, വർത്തമാന, ഭാവി കാലങ്ങളെക്കുറിച്ചും വിശദീകരിക്കും. എഴുനൂറിലേറെ കലാകാരന്മാർ പങ്കെടുക്കുന്ന കലാസാംസ്കാരിക പരിപാടികളാകും മുഖ്യ ആകർഷണം. വിവിധ സംസ്ഥാനങ്ങളുടെ തനതു പരിപാടികൾ ചേർത്ത് ആവിഷ്ക്കരിക്കുന്ന കലാവിരുന്ന് മറുനാട്ടുകാർക്ക് പുതുമ പകരും. യുഎഇയിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും പരിപാടിക്കെത്തും. മറുനാട്ടിൽ നാനാത്വത്തിൽ ഏകത്വം പ്രകടമാകുന്ന പരിപാടിയാകും ഇതെന്നും സംഘാടകർ പറഞ്ഞു. പ്രധാനമന്ത്രിയായശേഷമുള്ള മോദിയുടെ ഏഴാമത്തെ യുഎഇ സന്ദർശനമാണിത്.
∙ ഹെൽപ് ലൈൻ
+971 56 385 8065 (വാട്സാപ്)
∙ വെബ്സൈറ്റ്
www.ahlanmodi.ae