ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; സൗദിയിൽ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
Mail This Article
ദമാം ∙ ദമാമിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പിഞ്ചുകുഞ്ഞ് മരിച്ചു. മംഗലാപുരം സ്വദേശി ഫഹദിന്റെയും സല്‍മാ കാസിയുടെയും ഇളയ മകന്‍ സായിക് (3) ആണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയിൽ മരിച്ചത്. ഇവരുടെ മൂത്ത മകന്‍ അഞ്ചു വയസ്സുള്ള സാഹിര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ആറു മാസമായി ദമാം അല്‍ ഹുസൈനിയിൽ രണ്ടു നിലയുള്ള വില്ലയില്‍ താമസിച്ചു വരികയായിരുന്നു കുടുംബം.
ഇന്നലെ രാത്രി വില്ലയിലെ താഴെ നിലയിലുള്ള അടുക്കളയില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു തീപ്പിടിക്കുകയും വീടിനുള്ളില്‍ ശക്തമായ പുക പടരുകയുമായിരുന്നു. നിലവിളി കേട്ടവര്‍ ഓടിയെത്തിയെങ്കിലും തീയും പുകയും കാരണം അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. തുടർന്ന് അഗ്നിശമന സേനയെത്തി തീ അണയ്ക്കുകയും അബോധാവസ്ഥയില്‍ ആയ കുടുംബാംഗങ്ങളെ ആശുപത്രികളില്‍ എത്തിക്കുകയുമായിരുന്നു.
ഗുരുതര നിലയിലായ ഫഹദ് ദമാം അല്‍ മന ആശുപത്രിയിലും ഭാര്യ സല്‍മാ കാസി ദമാം സെന്‍ട്രല്‍ ആശുപത്രി അത്യാഹിത വിഭാഗത്തിലും കഴിയുകയാണ്. സായികിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.