ADVERTISEMENT

എടത്വ (ആലപ്പുഴ) ∙ കുവൈത്ത് അബ്ബാസിയയിലെ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ വിഷപ്പുക ശ്വസിച്ചു മരിച്ച തലവടി സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. തലവടി നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വർഗീസ് മുളയ്ക്കൽ (42), ഭാര്യ ലിനി ഏലിയാമ്മ (38), മക്കളായ എട്ടാം ക്ലാസ് വിദ്യാർഥി ഐറിൻ റേച്ചൽ മാത്യൂസ് (14), നാലാം ക്ലാസ് വിദ്യാർഥി ഐസക് മാത്യൂസ് മുളയ്ക്കൽ (10) എന്നിവരുടെ മൃതദേഹങ്ങളാണു എത്തിച്ചത്.

കുവൈത്തിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴിയാണ് ഇന്നലെ രാവിലെ 9ന് മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചത്. ബന്ധുക്കളായ സിബി, മാത്യു, ഗ്ലാഡ്ജി, അലക്സ് എന്നിവർ ചേർന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങി. വിമാനത്താവളത്തിൽ വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥനകൾ‌ നടത്തിയ ശേഷം 4 ആംബുലൻസുകളിലായി മൃതദേഹങ്ങൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മോർച്ചറിയിലേക്കു മാറ്റി. മോർച്ചറിയിലേക്കു മാറ്റുന്നതിനു മുൻപായി പൊതുദർശനം നടത്തി.

വ്യാഴം പുലർച്ചെ 5.30നു വിലാപയാത്രയായി വീട്ടിൽ എത്തിക്കുന്ന മൃതദേഹങ്ങൾ 11.30 വരെ പൊതു ദർശനത്തിനായി വയ്ക്കും. തുടർന്നു ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്കു 2നു തലവടി പടിഞ്ഞാറേക്കര മാർത്തോമ്മാ പള്ളിയിൽ തയാറാക്കിയിട്ടുള്ള കല്ലറയിൽ അടക്കം ചെയ്യും. 

മാത്യൂസിന്റെ മാതാവ് റേച്ചൽ, സഹോദരങ്ങളായ ഷീബ, ഷീജ, ജീമോൻ, ലിനിയുടെ മാതാപിതാക്കളായ പി.കെ. ഏബ്രഹാം, ഡില്ലി എന്നിവർ തിരുവല്ലയിൽ എത്തിയിരുന്നു. കലക്ടറെ പ്രതിനിധീകരിച്ചു തഹസിൽദാർമാരായ പി.വി. ജയേഷ്, എസ്. അൻവർ, ഡപ്യൂട്ടി തഹസിൽദാർ വി.എസ്. സൂരജ് എന്നിവരും എത്തി.

English Summary:

Bodies of malayali family killed in fire in Kuwait brought back

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com