ADVERTISEMENT

ദമാം ∙ സൗദിയിലെ ജുബൈലിൽ ഒരു മലയാളിക്കും നാല് സ്വദേശികൾക്കുമുള്ള വധശിക്ഷ ബുധനാഴ്ച നടപ്പിലാക്കിയെന്ന വാർത്തയുടെ പിന്നാമ്പുറം തേടുകയായിരുന്നു ആകാംക്ഷയോടെ സൗദിയിലെമ്പാടുമുള്ള പ്രവാസി ലോകം. സാധാരണ കൊല്ലപ്പെട്ട കുടുംബം മാപ്പ് നൽകുന്ന പക്ഷം പ്രതികൾക്ക് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാം. ഏറെ ക്രൂരമായ ഒരു കൊലപാതകമായതിനാൽ കുടുംബം മാപ്പിനുള്ള എല്ലാ സാധ്യതകളും തള്ളിയിരുന്നു. സൗദി പ്രോസിക്യൂഷൻ ഈ കേസ് രാജ്യദ്രോഹ വകുപ്പിൽ പെടുത്തിയാണ് പരിഗണിച്ചത്. അതുകൊണ്ടു തന്നെ കുടുംബത്തിന്റേതായ ഒരുതരത്തിലുമുള്ള  മാപ്പു കൊണ്ടും കാര്യമുണ്ടാകുമായിരുന്നില്ല. നിരാലംബനും നിരായുധനും നിഷ്‌കളങ്കരുമായവരെ കൊല്ലുന്നതിന് മാപ്പില്ലെന്ന് വിധിയിൽ കോടതി വിശദീകരിച്ചിരുന്നു. രാജ്യത്തിന്റെയും വ്യക്തികളുടേയും സുരക്ഷ ഭേദിക്കുന്നവർക്ക് ഇതാകും വിധിയെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

∙ ചെറിയ പെരുന്നാൾ ദിനത്തിൽ കണ്ടെത്തിയ മൃതദേഹം
2016 ജൂലൈ 6, ചെറിയ പെരുന്നാൾ ദിനം. ജുബൈലിലെ വർക്ക്ഷോപ്പുകൾ പ്രവർത്തിക്കുന്ന ഏരിയയിലെ മണലും സിമന്റും വിൽക്കുന്ന ഭാഗത്ത് ഒരു മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. കോഴിക്കോട്, കൊടുവള്ളി ,വേലാട്ടു കുഴിയിൽ അഹമ്മദ് കുട്ടിയുടേയും ഖദീജയുടേയും മകൻ സമീറിന്റെ മൃതദേഹം ഒരു ബ്ലാങ്കറ്റിൽ പൊതിഞ്ഞുകെട്ടിയ നിലയിലാണ് കാണപ്പെട്ടത്.

സൗദിയിലെ പ്രവാസി മലയാളികളെ ആകെ ഭയചകിതരാക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്ത കൊലപാതകമായിരുന്നു അത്. സൗദി പൊലീസിന്റെ പഴുതടച്ചുള്ള ഊർജിതമായ അന്വേഷണത്തിൽ കൊലപാതകത്തിനു പിന്നിലെ കുറ്റവാളികളെ വളരെ വേഗം പിടികൂടി. കൊലപാതകത്തിന്റെ പിന്നിലെ പ്രതികളെ വെളിച്ചത്തു കൊണ്ടുവന്നപ്പോഴാണ് മലയാളികൾ ശരിക്കും നടുങ്ങിയത്. രണ്ടു മലയാളികളും ഉൾപ്പെട്ട 6 അംഗ കൊലയാളി സംഘത്തെയാണ് പൊലീസ് അറസ്റ്റുചെയ്തത്. അല്‍ കോബാറില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ എരിയാട് സ്വദേശി നൈസാം സാദിഖ് എന്ന് പേരുള്ള നിസാമുദീന്‍ (34), കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ ഹമീദ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

കൂടാതെ  സൗദി പൗരന്മാരായ ജാഫര്‍ ബിന്‍ സാദിഖ് ബിന്‍ ഖമീസ് അല്‍ ഹാജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍ ‍അവാദ്, ഇദ്‌രീസ് ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍ സമീൽ, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍ മുസല്ലമി എന്നിവരെയുമാണ് ജുബൈൽ പൊലീസ് പിടികൂടിയത്. ഇതിൽ നൈസാം സാദിഖ് അടക്കമുള്ള അഞ്ചു പേരുടെ വധശിക്ഷയാണ് ഇന്നലെ (ജൂലൈ 31) നടപ്പാക്കിയത്. മറ്റൊരു മലയാളിയായ അജ്മല്‍ ഹമീദ് ഇപ്പോഴും ജയിലിൽ കഴിയുന്നു.

∙ കേസിനാസ്പദമായ സംഭവത്തിന്റെ നാൾ വഴികൾ
സമീറിനെ മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കാണാതാകുന്നത്. പൊലീസും ബന്ധുക്കളുമൊക്കെ നടത്തിയ തിരിച്ചിലിലൊടുവിലാണ് ജുബൈലിലെ വര്‍ക്ക്ഷോപ്പ് മേഖലയിലെ മുനിസിപ്പാലിറ്റി മാലിന്യപെട്ടിക്ക് സമീപം കൊല്ലപ്പെട്ട നിലയിൽ സമീറിന്‍റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ഒരു ബ്ലാങ്കറ്റിൽ മൂടിക്കെട്ടിയ സ്ഥിതിയിലായിരുന്നു. ശരീരത്തിലെ മുറിപ്പാടുകളും പരിക്കുകളും മറ്റ് സാഹചര്യ തെളിവുകളും പരിശോധിച്ച പൊലീസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തി. ജുബൈല്‍ പൊലീസിലെ ക്രിമിനല്‍ കേസ് മേധാവി മേജര്‍ തുര്‍ക്കി നാസ്സര്‍ അല്‍ മുതൈരി, രഹസ്യാന്വേഷണ വിഭാഗം ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ്, ക്യാപ്റ്റന്‍ ഖാലിദ് അല്‍ ഹംദി, എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ 17 ദിവസത്തെ സമഗ്ര അന്വേഷണത്തെ തുടർന്ന് പ്രതികളെല്ലാവരും പിടിയിലായി. മലയാളികളടക്കം നിരവധി പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

അല്‍ കോബാറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊടുങ്ങല്ലൂര്‍ എരിയാട് സ്വദേശി നൈസാം സാദിഖ് എന്ന് വിളിക്കുന്ന നിസാമുദീന്‍, കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ ഹമീദ് എന്നീ മലയാളികളും, കൂടാതെ സൗദി പൗരന്മാരായ ജാഫർ ബിന്‍ സാദിഖ് ബിന്‍ ഖമീസ് അല്‍ഹജി, ഹുസൈന്‍ ബിന്‍ ബാഖിര്‍ ബിന്‍ ഹുസൈന്‍ അല്‍അവാദ്, ഇദ്‌രീസ്, ബിന്‍ ഹുസൈന്‍ ബിന്‍ അഹമ്മദ് അല്‍സമീല്‍, ഹുസൈന്‍ ബിന്‍ അബ്ദുല്ല ബിന്‍ ഹജി അല്‍മുസല്ലമി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ‌‌

അനധികൃത പണമിടപാട് നടത്തുന്നവരെയും വ്യാജമദ്യ വാറ്റ് കേന്ദ്രങ്ങൾ നടത്തുന്നവരെയുംക്കുറിച്ചുള്ള വിവരങ്ങൾ മനസിലാക്കി അവരിൽ നിന്നും പണം തട്ടുന്ന സംഘമായിരുന്നു കൊലപാതികൾ. സംഘം ആളുമാറി സമീറിനെ തട്ടി കൊണ്ടുപോവുകയായിരുന്നു. സമീറില്‍നിന്നും പണം കവർച്ച നടത്താനുള്ള ഉദ്ദേശ്യമായിരുന്നു ലക്ഷ്യം. പണം തങ്ങൾക്കു കിട്ടാനായി മൂന്ന് ദിവസത്തോളം ബന്ദിയാക്കി കടത്ത ശാരീരിക മര്‍ദ്ദനമുറകൾ നടത്തി. കടുത്ത മുറകൾ പ്രയോഗിച്ച് അവശനായിട്ടും ഇയാളിൽ നിന്നും പണം കിട്ടില്ലെന്നു തോന്നിയതോടെ സംഘം സമീറിനെ വഴിയരികിൽ തള്ളുകയായിരുന്നു.

ടാക്സി ഡ്രൈവര്‍ എന്ന വ്യാജേന കഴിഞ്ഞിരുന്ന നൈസാമും അജ്മലും ക്രിമിനല്‍ സംഘങ്ങൾക്കായി ഇത്തരക്കാരെ കാണിച്ചു കൊടുക്കുന്ന ഏജന്റുമാരായി പ്രവര്‍ത്തിക്കുകയായിരുന്നു. ദമാം, അല്‍ കോബാര്‍, അല്‍ ഹസ എന്നിവടങ്ങൾ കേന്ദ്രീകരിച്ച് ഇവരുടെ സംഘം അനേകം അക്രമങ്ങള്‍ ഇതിനകം നടത്തിയതായും കോടതിയിൽ സമ്മതിച്ചു. ഹവാല പണം ഇടപാടുകൾ നടത്തുന്നവർ, അനധികൃത ലോട്ടറി കച്ചവടക്കാർ, മദ്യ വാറ്റ് കേന്ദ്രങ്ങള്‍, മദ്യ വില്‍പ്പനക്കാര്‍, എന്നിവരെ ഉന്നമിട്ടായിരുന്നു  സംഘം പണം തട്ടിയിരുന്നത്.

അനധികൃത കേന്ദ്രങ്ങളെയും നടത്തിപ്പുകാരെയും കൈകാര്യം ചെയ്ത് ഇത്തരത്തിൽ അനധികൃതമായി സമ്പാദിച്ച് ധാരാളം പണം  കൈവശം വെക്കുന്നവരെയുംക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ഇന്ത്യക്കാരടക്കം പല വിദേശികളും ഇവരുടെ സഹായം പറ്റി പ്രവര്‍ത്തിച്ചിരുന്നു. ഒറ്റുകാരുടെ സഹായത്തോടെ ഇവര്‍ ഈ കേന്ദ്രങ്ങളിലെത്തുകയും  പണം കൈക്കലാക്കുകയും ചെയ്യുകയാണ് പതിവ്. പണം കൈവശമില്ലെങ്കില്‍ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിപ്പിക്കുകയും സിഐഡികളാണെന്ന വ്യാജേന പെരുമാറുകയും സംസാരിക്കുകയും ചെയ്യും. ഇതിനിടയില്‍ പണം കിട്ടുന്നതുവരെ ശാരീരിക ഉപദ്രവം നടത്തും. അനധികൃത ഇടപാടുകളായതിനാല്‍ തട്ടിപ്പുസംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ടവരാരും പൊലീസില്‍ പരാതി നല്‍കാൻ തയാറായിരുന്നില്ല.

കൊലപാതക സംഘത്തിന് മാപ്പ് കൊടുക്കാൻ കൊല്ലപ്പെട്ട സമീറിന്റെ കുടുംബം തയാറായിരുന്നില്ല. നിയമനടപടികളെല്ലാം പൂർത്തിയാക്കിയാണ് പ്രതികൾക്ക് കഴിഞ്ഞദിവസം വധശിക്ഷ നടപ്പാക്കിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുന്ന അജ്മൽ കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്. 

കൊല്ലപ്പെടുന്നതിന് രണ്ട് വർഷം മുമ്പായിരുന്നു സമീർ സൗദിയിലെത്തിയത്. മൊബൈൽ കടയിൽ ജോലി ചെയ്തിരുന്ന സമീറിനെ ജോലിക്ക് വരാത്തതിനെ തുടർന്ന് സ്പോൺസർ ഹുറൂബാക്കുകയും ചെയ്തിരുന്നു. കുടുംബത്തിന്റെ അത്താണിയായിരുന്ന സമീറിന്റെ മരണം വൃദ്ധരായ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും ജീവിതം കൂടുതൽ ദുരിതത്തിലാക്കിയിരുന്നു. നിയമനടപടികൾ പൂർത്തിയാക്കി സമീറിന്റെ മൃതദേഹം നാട്ടിലെത്തിച്ചാണ് സംസ്കരിച്ചത്. ആയിഷയാണ് സമീറിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സിനാൻ, സന ഫാത്തിമ.

English Summary:

Crime News: Story Behind the Execution of Malayali and Four Saudi Nationals in Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com