പ്രളയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് 3000 കോടി ദിർഹമിന്റെ ഓവുചാല്‍ പദ്ധതി; വെളളപ്പൊക്കത്തിൽ നിന്ന് ശ്വാശ്വത പരിഹാരം: ദുബായ് മാതൃക
Mail This Article
ദുബായ് ∙ കാലാവസ്ഥ വ്യതിയാനം മഴക്കെടുതിയുടെ രൂപത്തില്‍ യുഎഇയെ പിടിച്ചുലച്ചത് ഇക്കഴിഞ്ഞ ഏപ്രിലില്‍. രാജ്യ ചരിത്രത്തില്‍ തന്നെ ഏറ്റവും ഉയർന്ന തോതിലുളള മഴയാണ് ഏപ്രില്‍ 16 ന് പെയ്തത്. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമല്ല ദുബായുടെ പ്രധാന റോഡായ ഷെയ്ഖ് സായിദ് റോഡില്‍ ഉള്‍പ്പടെ വെളളം കയറി, ജനജീവിതം സ്തംഭിച്ചു. മെട്രോ മുതല്‍ വിമാനം വരെയുളള ഗതാഗത സംവിധാനങ്ങളെയും മഴ ബാധിച്ചു. പേരിനുമാത്രം മഴ പെയ്യുന്ന രാജ്യത്ത് ഏപ്രില്‍ 16 ന് മാത്രം പെയ്തത് 75 വർഷത്തിനിടെ പെയ്ത ഏറ്റവും ഉയർന്ന തോതിലുളള മഴ.
ദുബായില്‍ ഏകദേശം 127 മില്ലിമീറ്റർ മഴയാണ് 24 മണിക്കൂറില്‍ പെയ്തത്. എന്നാല്‍ മഴ മാറിയതോടെ ദ്രുതഗതിയിലുളള പ്രവർത്തനങ്ങളിലൂടെ മഴ ദുരിതത്തില്‍ നിന്നും കരകയറി ദുബായ്. വരും വർഷങ്ങളിലും കാലാവസ്ഥ വ്യതിയാനമുള്‍പ്പെടെയുളള പല കാരണങ്ങള്‍ കൊണ്ടും മഴ പ്രതീക്ഷിക്കുന്നുണ്ട് രാജ്യം. അതുകൊണ്ടുതന്നെ മഴവെളളം ഒഴുകിപ്പോകാന്‍ ഫലപ്രദമായ മാർഗവും സജ്ജമാക്കുകയാണ് ഭരണാധികാരികള്‍.
മഴക്കെടുതിക്ക് ദ്രുതഗതിയില്‍ താല്ക്കാലിക പരിഹാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ തന്നെ വരും തലമുറകള്‍ക്ക് കൂടി ഉപകാരപ്പെടുന്ന തരത്തില്‍ ദീർഘ വീക്ഷണത്തോടെയുളള പരിഹാരം തേടുകയാണ് രാജ്യം. ദുബായിലെ വിവിധ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് 3000 കോടി ദിർഹത്തിന്റെ മഴവെളള ഓവുചാല്‍ ശൃംഖല വികസിപ്പിക്കുന്നതിനുളള പദ്ധതി പ്രഖ്യാപിച്ചുകഴിഞ്ഞു. പദ്ധതി നടപ്പിലായാല്‍ എമിറേറ്റിലെ മഴവെളളം ഒഴുക്കിവിടാനുളള ശേഷി 700 ശതമാനം വർധിക്കും. 2033 ഓടെ പൂർത്തിയാകുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്.
യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയാണ് ഇത്തവണയുണ്ടായത്. വരും വർഷങ്ങളിലും കാലാവസ്ഥ വ്യതിയാനം ചൂട് കൂടുന്നതിനും അതേസമയം തന്നെ മഴയുടെ തോത് വർധിക്കുന്നതിനും ഇടയാക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നത്. വലിയ സാമ്പത്തിക നാശ നഷ്ടത്തിന് ഇടയാക്കുന്ന വെളളപ്പൊക്ക ദുരിതത്തില്‍ നിന്ന് ശ്വാശ്വതമായ പരിഹാരമാണ് ദുബായ് ലക്ഷ്യമിടുന്നത്. യുഎഇ മാത്രമല്ല, മറ്റ് ഗള്‍ഫ് രാജ്യങ്ങളും കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഫലപ്രദമായ മഴവെളള ഓവുചാല്‍ പദ്ധതിയാണ് പ്രധാന പരിഹാരമാർഗം. ജനസംഖ്യ 3.7 ദശലക്ഷമെത്തിനില്‍ക്കുന്ന ദുബായ് പോലൊരുനഗരത്തില്‍ ഇത് അത്യന്താപേക്ഷിതമാണ്. പൊതുജനാരോഗ്യത്തില്‍ തുടങ്ങി സാമ്പത്തിക വളർച്ച വരെയുളള സുസ്ഥിര നഗരവികസനത്തിന്റെ മൂലക്കല്ലുകൂടിയാണിത്.
ഡ്രെയിനേജ് എന്നർഥം വരുന്ന തസ്രീഫ് സംവിധാനം മഴവെളളം ഒഴുക്കി വിടാനുളള ദുബായുടെ ശേഷി 700 ശതമാനം വർധിപ്പിക്കും. കാലാവസ്ഥയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ നേരിടാന്‍ നഗരത്തെ സജ്ജമാക്കും. 100 വർഷം മുന്നില്‍ കണ്ട് നിർമാണം പൂർത്തിയാക്കുന്ന പദ്ധതി ദുബായിലെ എല്ലാ പ്രദേശങ്ങളും ഉള്‍ക്കൊളളുകയും പ്രതിദിനം 20 ദശലക്ഷം ക്യൂബിക് മീറ്ററിലധികം വെളളം ആഗിരണം ചെയ്യാന്‍ ശേഷിയുളളതാണ്.
ദുബായ് മീഡിയ ഓഫിസ് പുറത്തുവിട്ട രേഖാചിത്രം പ്രകാരം ദുബായ് സൗത്ത് - ബിസിനസ് ബെ- ഷാർജ അതിർത്തിവരെയുളള മേഖലകള്‍ ഉള്‍ക്കൊളളുന്നതാണ് പദ്ധതി. വരും വർഷങ്ങളില്‍ യുഎഇയില്‍ ലഭിക്കുന്ന മഴയുടെ തോതില്‍ 30 ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. മഴക്കെടുതികള്‍ തടയാന്‍ കൂടുതല്‍ പരിഹാരമാർഗങ്ങളും ആവശ്യമാണ്. പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ താല്‍ക്കാലിക പരിഹാരത്തിനപ്പുറം ദീർഘവീക്ഷണത്തോടെയുളള പദ്ധതികള്‍ നടപ്പിലാക്കുകയെന്നുളളതു കൂടിയാണ് ഭരണകൂടങ്ങളുടെ ചുമതല.