ഒമാന്‍ നിര്‍മിത സ്‌കൂള്‍ ബസുകള്‍ നിരത്തിലേക്ക്
Mail This Article
മസ്‌കത്ത് ∙ ഒമാന്‍ നിര്‍മിത സ്‌കൂള്‍ ബസുകള്‍ നിരത്തിലേക്ക്. പുതിയ അധ്യായന വര്‍ഷം മുതല്‍ ബസുകള്‍ സ്‌കൂളുകള്‍ക്ക് ലഭ്യമാക്കിത്തുടങ്ങും. അഞ്ച് വര്‍ഷത്തിനകം മുഴുവന്‍ സ്‌കൂളുകള്‍ക്കും കര്‍വ മോട്ടോര്‍സിന്റെ ഒമാന്‍ നിര്‍മിത ബസുകള്‍ ലഭ്യമാക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മികച്ച സുരക്ഷാ സംവിധാനങ്ങളും ഉയര്‍ന്ന നിലവാരത്തിലുള്ളതുമായ ബസുകളാണ് കര്‍വ മോട്ടോര്‍സ് അവതരിപ്പിച്ചിരിക്കുന്നത്. 23 കുട്ടികള്‍ക്ക് ഒരു ബസില്‍ ഒരേ സമയം യാത്ര ചെയ്യാനാകും.
ബസിന് അകത്തും പുറത്തും ക്യാമറകള്‍, സുരക്ഷാ ഡോറുകള്‍, എമര്‍ജന്‍സി ഡോറുകള്‍, സെന്‍സര്‍ സംവിധാനമുള്ള സൈഡ് ഡോറുകള്‍ തുടങ്ങിയവയും ബസിന്റെ പ്രത്യേകതയാണ്. ഫസ്റ്റ് ഐഡ് ബോക്‌സ്, എന്‍ജിന്‍ സെന്‍സര്‍, ജി പി എസ് ഉപയോഗിച്ചുള്ള ബസ് ട്രാക്കിങ് സംവിധാനം, ഡ്രൈവറുടെ പ്രകടനം നിരീക്ഷിക്കുന്ന മോണിറ്ററിങ് സംവിധാനം എന്നവയും ബസിലുണ്ടാകും.
ഈ വര്‍ഷം മുതല്‍ തന്നെ പ്രാദേശിക വിപണിയിലും ബസുകള്‍ ലഭ്യമാക്കിത്തുടങ്ങും. പ്രതിവര്‍ഷം ആയിരം ബസുകള്‍ വീതമാണ് നിര്‍മാണം പൂര്‍ത്തിയാക്കി സ്‌കൂളുകള്‍ക്ക് കൈമാറുക. ദുകം പ്രത്യേക സാമ്പത്തിക മേഖലയിലാണ് കര്‍വ മോട്ടോര്‍സിന്റെ ബസ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.