ADVERTISEMENT

അബുദാബി ∙ വീട്ടുജോലിക്കാർ ഉൾപ്പെടെ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്കു ജനുവരി ഒന്നുമുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. അതിനകം ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.

ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നുമുതൽ പുതിയ വീസ എടുക്കാനും നിലവിലുള്ളവ പുതുക്കാനും സാധിക്കില്ല. നിലവിൽ അബുദാബി, ദുബായ് എമിറേറ്റുകളിലെ വീസക്കാർക്കു മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇതാദ്യമായാണ് ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്കു കൂടി പദ്ധതി വ്യാപിപ്പിക്കുന്നത്. 

 നിർബന്ധിത ഇൻഷുറൻസ് പദ്ധതി വടക്കൻ എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് പ്രവാസി തൊഴിലാളികൾക്ക് ആശ്വാസകരമാകും. വിവിധ രോഗങ്ങളുള്ളവർ വർധിച്ച ചെലവു കാരണം കൃത്യമായി ചികിത്സ തേടാറില്ല. അവധിക്കു നാട്ടിലേക്കു പോകുമ്പോഴാണ് പലരും ചികിത്സ തേടുന്നത്. അങ്ങനെ കാത്തിരിക്കുന്നതു രോഗാവസ്ഥ ഗുരുതരമാക്കിയിട്ടുമുണ്ട്.

നിയമപ്രകാരം, തൊഴിലുടമയാണ് ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഒരുക്കേണ്ടത്. അതിനായി ജീവനക്കാരിൽനിന്ന് പണം ഈടാക്കാൻ പാടില്ല. ഫാമിലി വീസയുള്ള ജീവനക്കാർ അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം. 

ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത് തൊഴിലുടമകൾക്ക് അധിക ബാധ്യത വരുത്തുമെങ്കിലും കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുഎഇയിലെ ഇൻഷുറൻസ് കമ്പനികൾ. ദുബായ്, അബുദാബി എമിറേറ്റുകളെക്കാൾ കുറവായിരിക്കും ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും ഇൻഷുറൻസ് പ്രീമിയമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. അതേസമയം, കുറഞ്ഞ പ്രീമിയമുള്ള ഇൻഷുറൻസുള്ളവർക്ക് നിലവാരം കൂടിയ ആശുപത്രികളിൽ ചികിത്സയ്ക്ക് നിയന്ത്രണമുണ്ടാകും. എന്നാൽ, ഓരോ കമ്പനിയുടെയും ആവശ്യപ്രകാരം കൂടുതൽ ആനുകൂല്യങ്ങളുള്ള പാക്കേജ് നൽകാനാകുമെന്നും ഇൻഷുറൻസ് കമ്പനികൾ വ്യക്തമാക്കുന്നു.

പിഴ 500 ദിർഹം
ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകിയില്ലെങ്കിൽ ആളൊന്നിന് മാസം 500 ദിർഹം വീതം പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

English Summary:

Health insurance has been made mandatory for private sector workers in the UAE, including domestic workers, from January 1.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com