ADVERTISEMENT

ഷാർജ ∙ ഷാർജയിലെ എല്ലാ സ്വദേശികൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭിക്കുന്ന ഒരു ദിവസം വരുമെന്ന് യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഡയറക്ട് ലൈൻ റേഡിയോ പ്രോഗ്രാമിലൂടെയാണ് അദ്ദേഹം സന്തോഷവാർത്ത അറിയിച്ചത്.

ഷാർജ സർക്കാർ അതിന്റെ ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും മുതിർന്ന എമിറാത്തികൾക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്നുണ്ട്. എന്നാൽ  ഈ കവറേജ് വിപുലീകരിക്കുകയാണ്. അടുത്തിടെ 'വയോജനങ്ങൾക്കുള്ള ഇൻഷുറൻസ്' പദ്ധതിയുടെ പ്രായപരിധി കുറച്ചിരുന്നു. ഇത് ഷാർജ ആരോഗ്യവിഭാഗം (എസ്എച്ച്എ) സ്ഥിരീകരിക്കുകയും ചെയ്തു. ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന കാര്യത്തിൽ പിന്നോട്ടില്ല. വെട്ടിക്കുറയ്ക്കുകയുമില്ല.

എന്നാൽ ഞങ്ങൾ വിഷയം സാവധാനത്തിലാണ് എടുക്കുന്നത് – ഷെയ്ഖ് ഡോ. സുൽത്താൻ പറഞ്ഞു. ഇപ്പോൾ, 45 വയസ്സുള്ളവർക്ക് ഇൻഷുറൻസ് നൽകും. എങ്കിലും യോഗ്യത നേടുന്നതിന് അവർ യുഎഇ പൗരനും എമിറേറ്റിലെ താമസക്കാരനും ആയിരിക്കണമെന്ന് എസ്എച്ച്എയുടെ മെഡിക്കൽ ഇൻഷുറൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് ഫലാഹ് പറഞ്ഞു. നേരത്തെ ഒരു മുതിർന്ന എമിറാത്തിക്ക് സർക്കാർ സ്പോൺസർ ചെയ്യുന്ന ഇൻഷുറൻസിന് യോഗ്യത നേടുന്നതിന് കുറഞ്ഞത് 50 വയസ്സുണ്ടായിരിക്കണമായിരുന്നു.

ഈ സ്കീമിന് പുറമേ, എല്ലാ ജീവനക്കാർക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് 2025 ജനുവരിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷാർജ. ദുബായിലെയും അബുദാബിയിലെയും എല്ലാ ജീവനക്കാർക്കും ഇതിനകം തന്നെ പ്രാദേശിക നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കി മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടെങ്കിലും ഷാർജയിലും വടക്കൻ എമിറേറ്റുകളിലും ഇത് ആദ്യമായാണ് ഇത്തരമൊരു നിബന്ധന നടപ്പിലാക്കുന്നത്.

തൊഴിലുടമകൾക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ചില സൗകര്യങ്ങൾ നൽകുന്ന അടിസ്ഥാന പാക്കേജ് വികസിപ്പിക്കുന്നതിന് അബുദാബിയിലും ദുബായിലും പ്രാദേശിക സർക്കാർ അധികാരികൾ നയങ്ങൾ അവലോകനം ചെയ്യുന്നതായി വിദഗ്ധർ പറഞ്ഞു. ഷാർജയിലെയും വടക്കൻ എമിറേറ്റുകളിലെയും ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ ദുബായിൽ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ താങ്ങാനാവുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary:

Sharjah Ruler Promises Health Insurance to Every Citizens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com