ചോർ ബസാറിലെ അവിശ്വസനീയ വിലക്കുറവ്: വിൽപനയ്ക്ക് കുതിരലാടം മുതൽ സൈക്കിൾ വരെ, മനംകീഴടക്കും ‘ആഴ്ച ചന്ത’

Mail This Article
മനാമ∙ ഒരു ഹൈപ്പർമാർക്കറ്റിൽ ലഭിക്കുന്ന എല്ലാ സാധനങ്ങളും പകുതി വിലയ്‌ക്കോ നാമമാത്രമായ വിലയ്‌ക്കോ ലഭിക്കുന്ന ഒരു സ്‌ഥലമുണ്ട് ബഹ്‌റൈനിൽ. വെള്ളിയാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന ഇസാ ടൗണിലെ ചോർ ബസാർ എന്നറിയപ്പെടുന്ന ആഴ്ച ചന്ത. പണ്ട് കാലത്ത് മോഷണ മുതലുകൾ വിൽക്കുന്ന ചന്ത ആയതുകൊണ്ടോ എന്തുകൊണ്ടോ ഇപ്പോഴും ഈ ആഴ്ച ചന്തയുടെ പേര് അറിയപ്പെടുന്നത് 'ചോർ ബസാർ' എന്നാണ്.
സെക്കൻഡ് ഹാൻഡ് സാധനങ്ങളാണ് വിൽക്കുന്നവയിൽ കൂടുതൽ എങ്കിലും ഇപ്പോൾ ചോർ ബസാറിൽ ഉപയോഗിച്ച സാധനങ്ങൾ വാങ്ങാൻ വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമാക്കി ഫ്രഷ് ഇനങ്ങളും വിൽപനയ്‌ക്കെത്തുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണ് ഈ ആഴ്ച ചന്തയിൽ സാധനങ്ങൾ വാങ്ങാൻ എത്തുക.

∙വിപണിയിൽ ലഭിക്കാത്ത പലതും ഇവിടെ ലഭിക്കും
പലപ്പോഴും വില കൂടിയ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങളോ ഇലക്ട്രിക് സാമഗ്രികളോ പഴയ ശ്രേണിയിൽ ഇറങ്ങിയവയ്ക്ക് കേടുപാടുകൾ സംഭവിച്ചാൽ അവയുടെ പാർട്‌സ് മാർക്കറ്റിൽ നിലവിൽ ലഭ്യമായിരിക്കില്ല. അതുകൊണ്ട് മാത്രം ഉപയോഗശൂന്യമായ ഉപകരണങ്ങളുടെ പാർട്‌സ് ഒരുപക്ഷേ, ചോർ ബസാറിൽ വന്ന് തിരഞ്ഞാൽ ലഭ്യമായേക്കാം. ആരെങ്കിലും ഉപേക്ഷിച്ചു പോകുന്ന വിലകൂടിയ ഉപകരണങ്ങൾ, കളിക്കോപ്പുകൾ തുടങ്ങി നിത്യജീവിതത്തിൽ നമുക്ക് ഉപകരിക്കുന്ന പലതും ഇവിടെ തുച്ഛമായ വിലയ്ക്ക് ലഭ്യമാണ് എന്നതാണ് ചോർ ബസാറിന്റെ പ്രത്യേകത.

സ്ക്രാപ്പ് കടകളിൽ പോലും അന്വേഷിച്ച് ലഭ്യമല്ലാത്ത വാഹനങ്ങളുടെ ഭാഗങ്ങൾ പലതും ചോർ ബസാറിൽ ലഭ്യമാകാറുണ്ട്. അതുപോലെതന്നെ ഗൃഹോപകരണങ്ങളുടെ കേടാകുന്ന നോബുകൾ, പഴയ ബ്രാൻഡുകളിൽ ഇറങ്ങിയ മിക്സി, ഗ്രൈൻഡർ തുടങ്ങിയവയുടെ ഭാഗങ്ങൾ, ഡ്രില്ലറുകൾ, ഫാൻ, എയർകണ്ടീഷണറുകളുടെ ഭാഗങ്ങൾ, റിമോട്ടുകൾ, പവർ വയറുകൾ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.

സമ്പന്നർ ഉപേക്ഷിക്കുന്നത് സാധാരണക്കാർ തിരഞ്ഞെടുക്കുന്നു. പലപ്പോഴും സമ്പന്നരായ കുടുംബങ്ങൾ അവരുടെ മക്കൾക്കുവേണ്ടി വാങ്ങിയതോ അല്ലെങ്കിൽ അവരുടെ വീടുകളിൽ വളരെ കുറച്ചു കാലം മാത്രം ഉപയോഗിച്ച് വീടുകൾ മാറുമ്പോഴോ അല്ലെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ലഭിക്കുമ്പോൾ ഉപേക്ഷിക്കുന്നതോ ആയ സാധനങ്ങൾ പലതും സാധാരണക്കാർക്ക് തുച്ഛമായ വിലയിൽ ഇവിടെ ലഭ്യമാകുന്നു. വളരെ ചെറിയ കേടുപാടുകൾ മാത്രമുള്ള വില കൂടിയ നിരവധി കളിപ്പാട്ടങ്ങളും സൈക്കിളുകളുമാണ് ചോർ ബസാറിൽ കാണാൻ കഴിഞ്ഞത്.

∙ ഭാഗ്യാന്വേഷികൾ കുതിരലാടം പോലും അന്വേഷിച്ചെത്തുന്ന ഇടം
കുതിരകളുടെ കുളമ്പിനടിയിൽ പിടിപ്പിക്കുന്ന ലോഹഭാഗമായ കുതിരലാടം വീടുകളിൽ തൂക്കിയിട്ടാൽ ഭാഗ്യം വരും എന്നാണ് സ്വദേശികളുടെ ഇടയിലുള്ള വിശ്വാസം. ഇത് ഉപയോഗിച്ചവ തന്നെയാവണം എന്നുമുണ്ട്. അത്തരം വിശ്വാസികൾ അവ വാങ്ങാൻ അന്വേഷിച്ചെത്തുന്ന ഇടം കൂടിയാണ് 'ചോർ ബസാർ'.
പഴയ ലോഹ പ്രതിമകൾ, വാളുകൾ തുടങ്ങി പഴയകാലത്ത് ഉപയോഗിക്കപ്പെട്ടതും അലങ്കാര വസ്തുക്കൾ ആക്കാൻ പറ്റുന്നതുമായ ആയിരക്കണക്കിന് പുരാതന ശേഖരങ്ങളുടെ കലവറ കൂടിയാണ് ഇസാ ടൗണിൽ വെള്ളിയാഴ്ചകളിൽ മാത്രം നടക്കുന്ന ചോർ ബസാർ.