പ്രതിവർഷം 70 മില്യൻ സന്ദർശകർ; 2030നകം മികച്ച 7 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങി സൗദി

Mail This Article
ദാവൂസ് ∙ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മുന്‍നിര ടൂറിസം കേന്ദ്രമായി മാറാൻ തയാറെടുത്ത് സൗദി. മികച്ച 7 ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടുമെന്നും സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. 2030നകം പ്രതിവർഷം 70 മില്യൻ സന്ദർശകരെയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി. ദാവൂസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തു കൊണ്ടാണ് സൗദിയുടെ ടൂറിസം സ്വപ്നങ്ങളെക്കുറിച്ച് വിശദമാക്കിയത്. 2030നകം സൗദിയിലെ വിനോദസഞ്ചാര മേഖലയിലെ താമസ മുറികളുടെ എണ്ണം നിലവിലെ 4 ലക്ഷത്തിൽ നിന്ന് 8 ലക്ഷമായി ഉയരും.
അടുത്ത 10 വർഷത്തിനകം ലോക ടൂറിസം ഭൂപടത്തിലെ ഏറ്റവും മികച്ച 7 കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടാനാണ് സൗദി ലക്ഷ്യമിടുന്നത്. ചെങ്കടലിലെ കൗതുകമുണര്‍ത്തുന്ന നിയോം നഗരത്തിന്റേത് ഉള്‍പ്പെടെ വന്‍കിട പദ്ധതികളിലൂടെ സൗദിയുടെ ടൂറിസം മേഖല ദ്രുതഗതിയിലാണ് വളരുന്നത്. അല്‍ ഉല, നബ്തീന്‍ ഹെറിട്ടേജ്, ദിരിയ, തുടങ്ങിയ സാംസ്കാരിക ഇടങ്ങളും സന്ദര്‍ശകരെ ആകർഷിക്കാനായി വമ്പിച്ച പുനരധിവാസ പ്രവർത്തനങ്ങളിലാണ്.
ടൂറിസം കേന്ദ്രങ്ങൾ നൂതന, പരിസ്ഥിതി സൗഹൃദമാക്കി മാറ്റുന്നതിനായി 500 ബില്യൻ യുഎസ് ഡോളറിൽ അധികം തുകയാണ് രാജ്യം നിക്ഷേപിക്കുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സൗദി ഹരിത സംരംഭം, ഹരിത റിയാദ് എന്നിവയെല്ലാം 2030നകം ലക്ഷകണക്കിന് മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയെ സ്ഥിരീകരിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.