ഗൈനക്കോളജിക്കൽ അർബുദങ്ങൾ; ബോധവൽക്കരണ ക്യാംപെയ്നുമായി ഖത്തർ കാൻസർ സൊസൈറ്റി

Mail This Article
ദോഹ ∙ ഗൈനക്കോളജിക്കൽ അർബുദങ്ങളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ ബോധവൽക്കരണവുമായി ഖത്തർ കാൻസർ സൊസൈറ്റി. 'ടുഗെദർ ഫോർ ഹെർ' എന്ന പേരിലാണ് ക്യാംപെയ്ൻ നടന്നുവരുന്നത്. ഗൈനക്കോളജിക്കൽ അർബുദങ്ങളെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, മുന്നറിയിപ്പ് നൽകുന്ന സൂചനകൾ അറിയുക, ലക്ഷണങ്ങൾ, ഈ അർബുദങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ തിരിച്ചറിയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ക്യാംപെയ്ൻ നടക്കുന്നത്.
ഖത്തറിലെ പബ്ലിക് ഹെൽത്ത് മന്ത്രാലയം പ്രസിദ്ധീകരിച്ച 2019ലെ നാഷനൽ കാൻസർ റജിസ്ട്രി പ്രകാരം, ഖത്തറിലെ സ്ത്രീകൾക്കിടയിലെ ഏറ്റവും സാധാരണമായ അർബുദങ്ങളിൽ സെർവിക്കൽ കാൻസർ അഞ്ചാം സ്ഥാനത്തും അണ്ഡാശയ അർബുദം ആറാം സ്ഥാനത്തുമാണ്. അർബുദ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പ്രഭാഷണങ്ങൾ, ബോധവൽക്കരണ ശിൽപശാലകൾ തുടങ്ങിയവ ക്യാംപെയ്ന്‍റെ ഭാഗമായി നടക്കുന്നുണ്ട്. രോഗം തിരിച്ചറിയാൻ നേരത്തെയുള്ള സ്ക്രീനിങ്ങുകൾക്ക് വിധേയരാകാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുക എന്നതും ബോധവൽക്കരണത്തിലെ പ്രധാന ലക്ഷ്യമാണ്.
കഴിഞ്ഞ ദിവസം നടന്ന പാനൽ ചർച്ചയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. സ്ത്രീകളുടെ ആരോഗ്യ ഗവേഷണ കേന്ദ്രത്തിലെ ഗൈനക്കോളജിക് കാൻസർ സർജറി ആൻഡ് ട്രീറ്റ്മെന്‍റിലെ സീനിയർ കൺസൾട്ടന്‍റായ ഡോ. അഫാഫ് അൽ അൻസാരി ചർച്ചയ്ക്ക് നേതൃത്വം നൽകി. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ പകർച്ചവ്യാധി പ്രതിരോധ വിഭാഗത്തിലെ ഡോ. സമാർ ത്വാഹ, ഖത്തർ ടിവിയിലെ മാധ്യമ പ്രവർത്തക നദീൻ അൽ-ബിതാർ, അണ്ഡാശയ അർബുദത്തെ അതിജീവിച്ച ഫാത്തിമ അൽ മുഹമ്മദി, ക്യുസിഎസിലെ കമ്മ്യൂണിറ്റി ഹെൽത്ത് അവയർനെസ് വിഭാഗം മേധാവി ഹീബ നാസർ തുടങ്ങിയവർ സംസാരിച്ചു.

സെർവിക്കൽ സ്മിയറുകളുടെ പ്രാധാന്യം, എച്ച്പിവി പരിശോധന, എച്ച്പിവി വാക്സീൻ സ്വീകരിക്കൽ, പുകയില ഉൽപന്നങ്ങളുടെ ഉപയോഗം നിർത്തൽ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ക്യുസിഎസിലെ ആരോഗ്യ അധ്യാപകൻ നൂർ മക്കിയ വിശദീകരിച്ചു. 21 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾ ഓരോ മൂന്ന് വർഷത്തിലും സെർവിക്കൽ സ്മിയർ പരിശോധന നടത്തുന്നത് രോഗം കണ്ടെത്താൻ സഹായകമാകും. ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന ലഭ്യമാണെന്നും ഗർഭാശയ അർബുദം തടയുന്നതിൽ നേരത്തെയുള്ള പരിശോധന പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.