സൗദി അറേബ്യയിൽ നിക്ഷേപകരുടെ എണ്ണം കുതിച്ച് ഉയരുന്നു

Mail This Article
റിയാദ് ∙ നിക്ഷേപ സൗഹൃദ രാജ്യമെന്ന നിലയിൽ സൗദി അറേബ്യയിൽ നിക്ഷേപകരുടെ എണ്ണം കുതിച്ച് ഉയരുന്നതായി നിക്ഷേപ മന്ത്രാലയ കണക്കുകൾ. 2024ൽ സൗദി അറേബ്യ 14,321 നിക്ഷേപ ലൈസൻസുകൾ നൽകി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 67.7 ശതമാനം വർധനവാണ് പ്രതിഫലിപ്പിക്കുന്നത്. കൂടാതെ ഒരു ബിസിനസ് ഹബ് എന്ന നിലയിൽ രാജ്യത്തിന്റെ വർധിച്ചുവരുന്ന ആകർഷണം അടിവരയിടുന്നു.
നിക്ഷേപ പ്രവർത്തനത്തിന്റെ പ്രധാന സൂചകമായ മൊത്ത സ്ഥിര മൂലധന രൂപീകരണം 2024ലെ മൂന്നാം പാദത്തിൽ വർഷം തോറും 7.4 ശതമാനം വളർച്ച കൈവരിച്ചതായി നിക്ഷേപ മന്ത്രാലയം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരിതര മേഖലയിലെ സ്ഥിര മൂലധന രൂപീകരണത്തിലെ 8.3 ശതമാനം വർധനവും സർക്കാർ നിക്ഷേപത്തിലെ 2.3 ശതമാനം വർധനവുമാണ് ഈ വർധനവിന് പ്രധാന കാരണമായിരിക്കുന്നത്.
നിക്ഷേപ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം 2024-ലെ നാലാം പാദത്തിൽ മാത്രം 4,615 ലൈസൻസുകൾ നൽകി, മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 59.9 ശതമാനം വർധനവ് വന്നിട്ടുണ്ട്. മന്ത്രാലയം പറയുന്നത് പ്രകാരം ഈ കുതിച്ചുചാട്ടം സൗദി അറേബ്യ ഒരു മുൻനിര നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള സ്ഥാനം എടുത്തുകാണിക്കുന്നു, മത്സര നേട്ടങ്ങളും ബിസിനസുകൾക്ക് സ്ഥിരതയുള്ളതും പിന്തുണ നൽകുന്നതുമായ അന്തരീക്ഷമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
മധ്യപൂർവഏഷ്യയിലെ പ്രാദേശിക സംഘർഷങ്ങൾക്കിടയിലും, സൗദി അറേബ്യയുടെ സ്ഥിരതയുള്ള രാഷ്ട്രീയ അന്തരീക്ഷവും സജീവമായ സാമ്പത്തിക പരിഷ്കാരങ്ങളും നിക്ഷേപകരെ ആകർഷിക്കുന്നത് തുടരുന്നു. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും എണ്ണ വരുമാനത്തിലുള്ള ആശ്രയത്വം കുറയ്ക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിൽ ഒരു പ്രധാന ഘടകമാണ്.
വിഷൻ 2030 ന്റെ ഭാഗമായി നേരിട്ടുള്ള വിദേശനിക്ഷേപം ആകർഷിക്കാനും സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപത്തിലെ സ്ഥിരമായ വളർച്ച ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്കിടയിൽ വർധിച്ചുവരുന്ന ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. വിഷൻ 2030 ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ലൈസൻസുകൾ നൽകിയ മേഖലകളിൽ ഉൽപാദനം, നിർമാണം, പ്രഫഷനൽ, ശാസ്ത്രീയ സേവനങ്ങൾ, അതുപോലെ മൊത്തവ്യാപാര, ചില്ലറ വ്യാപാരം, വിവര, ആശയവിനിമയ സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്നുവെന്ന് മുൻ ഇൻവെസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സൗദി അറേബ്യയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ തന്ത്രത്തിന്റെ പ്രധാന ചാലക ശക്തികളായി ഈ വ്യവസായങ്ങൾ മാറിയിരിക്കുന്നു, ഇത് രാജ്യത്തെ ബിസിനസിനും നവീകരണത്തിനുമുള്ള ഒരു പ്രാദേശിക കേന്ദ്രമായി സ്ഥാപിക്കാനുള്ള തുടർ ശ്രമങ്ങളുടെ വിജയം എടുത്തുകാണിക്കുന്നു. സൗദി അറേബ്യ നിക്ഷേപം ആകർഷിക്കുന്നതിനും ഒരു പ്രാദേശിക ബിസിനസ് ഹബ് എന്ന നിലയിൽ അതിന്റെ പദവി ഉറപ്പിക്കുന്നതിനുമായി വിവിധ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇതിൽ ഒരു പ്രധാന ഘടകം റീജനൽ ഹെഡ്ക്വാർട്ടേഴ്‌സ് പ്രോഗ്രാം ആണ്, ഇത് ബഹുരാഷ്ട്ര കമ്പനികളെ രാജ്യത്ത് പ്രവർത്തനം ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനോടകം ഒട്ടനവധി ആസ്ഥാനങ്ങൾ സൗദിയിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഈ പരിപാടി 30 വർഷത്തെ നികുതി ഇളവ് നൽകുന്നു, ഇതിൽ പൂജ്യം ശതമാനം കോർപ്പറേറ്റ് വരുമാനവും പ്രവർത്തനങ്ങളിൽ തടഞ്ഞുവയ്ക്കുന്ന നികുതിയും ഉൾപ്പെടുന്നു, കൂടാതെ സൗദിവൽക്കരണ ആവശ്യകതകളിൽ നിന്ന് 10 വർഷത്തെ ഇളവും ഉൾപ്പെടുന്നു.
റീജനൽ ഹെഡ്ക്വാർട്ടേഴ്‌സിലെ മൂന്ന് എക്സിക്യൂട്ടീവുകൾക്ക് സൗജന്യമായി പ്രീമിയം റെസിഡൻസി ലഭിക്കുന്നു, ഇതൊക്കെ ആഗോള കോർപ്പറേഷനുകളോടുള്ള സൗദി അറേബ്യയുടെ ആകർഷണം കൂടുതൽ വർധിപ്പിക്കുന്നു. റിയാദിലേക്ക് 500 കമ്പനികളെ ആകർഷിക്കുക എന്ന വിഷൻ 2030 ലക്ഷ്യം രാജ്യം ഇതിനകം മറികടന്നുവെന്നും 540 കമ്പനികൾ നഗരത്തെ അതിന്റെ പ്രാദേശിക അടിത്തറയാക്കുമെന്നും കഴിഞ്ഞ ഒക്ടോബറിൽ, സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ്, പ്രഖ്യാപിച്ചിരുന്നു.
4 ബില്യൻ ഡോളറിന്റെ പ്രാരംഭ മൂലധനത്തോടെ ആരംഭിച്ച ടൂറിസം വികസന ഫണ്ട്, 400 മില്യൻ ഡോളർ വരെ വായ്പ ഗ്യാരന്റി നൽകുന്ന കഫാല പ്രോഗ്രാം എന്നിവയൊക്കെ നിക്ഷേപ പ്രക്രിയകൾ ലളിതമാക്കാൻ ഉദ്ദേശിച്ച് ആരംഭിച്ചിട്ടുണ്ട്. ടൂറിസം, വിനോദം, ആരോഗ്യ സംരക്ഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, പുനരുപയോഗ ഊർജ്ജം എന്നിവയിൽ സ്വകാര്യ നിക്ഷേപം ഉത്തേജിപ്പിക്കുക എന്നതാണ് ഈ ശ്രമങ്ങളിലൂടെ സൗദി അറേബ്യ ലക്ഷ്യമാക്കുന്നത്.