സൗദിയുടെ പരമാധികാര സമ്പത്തിനെ മറികടക്കാൻ നീക്കവുമായി ട്രംപ്

Mail This Article
റിയാദ് ∙ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യയുടെ പരമാധികാര സമ്പത്തിൽ (സോവറിൻ വെൽത്ത് ഫണ്ട്) കണ്ണും നട്ട് യുഎസ്. പരമാധികാര സമ്പത്തിന്റെ കാര്യത്തിൽ സൗദിയേക്കാൾ മുന്നിലെത്തും അമേരിക്കയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
യുഎസിനായി സർക്കാർ ഉടമസ്ഥതയിലുള്ള പരമാധികാര സമ്പത്ത് വികസിപ്പിക്കാനുള്ള നടപടികൾ തുടങ്ങാൻ നിർദേശിച്ചു കൊണ്ടുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെയ്ക്കവേയാണ് സൗദിയുടെ പരമാധികാര സമ്പത്തിനെക്കുറിച്ച് ട്രംപ് പരാമർശിച്ചത്.
ഒട്ടനവധി രാജ്യങ്ങൾക്കും ഇത്തരത്തിലുള്ള നിക്ഷേപ ഫണ്ട് ഉണ്ടെന്നും സാവധാനത്തിൽ സൗദിയുടെ പരമാധികാര സമ്പത്തിനേക്കാൾ വലിയ ഫണ്ട് യുഎസ് നേടുമെന്നും ട്രംപ് പ്രതീക്ഷ പ്രകടമാക്കി. സൗദിയുടെ പരമാധികാര സമ്പത്ത് ആയ പൊതു നിക്ഷേപ ഫണ്ട്(പിഐഎഫ്) പോലുള്ള വലിയ ഫണ്ട് അമേരിക്കയ്ക്കും ഉണ്ടാകുമെന്നും സമൂഹമാധ്യമങ്ങളിലൊന്നായ ടിക്ടോക് മുഖേന ഈ ഫണ്ട് വാങ്ങുമെന്നും ട്രംപ് വ്യക്തമാക്കി.
സൗദിയുടെ പരമാധികാര സമ്പത്ത് ആയ പിഐഎഫ് ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ ഫണ്ട് ആണ്. 925 ബില്യൻ ഡോളർ ആണ് ആസ്തി മൂല്യം. 2030നകം ഈ ആസ്തികളുടെ മൂല്യം 2 ട്രില്യൻ ഡോളർ ആക്കി ഉയർത്താനാണ് സൗദിയുടെ ലക്ഷ്യം.
സ്റ്റോക്കുകൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റുകൾ തുടങ്ങിയ ആസ്തികളിലാണ് പരമാധികാര സമ്പത്ത് നിക്ഷേപിക്കുന്നത്. രാജ്യത്തിന്റെ ബജറ്റ് മിച്ചം കൊണ്ടാണ് പൊതുവേ നിക്ഷേപങ്ങൾ നടത്തുന്നത്. യുഎസിന് പക്ഷേ ഇത്തരമൊന്നില്ല. ലോകത്താകമാനമുള്ള തൊണ്ണൂറിലധികം പരമാധികാര സമ്പത്തുകളിലായി 8 ട്രില്യൻ ഡോളറിലധികം ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്.