കുവൈത്തിൽ ലഹരിമരുന്നുമായി ഒരാൾ പിടിയിൽ; കസ്റ്റംസ് ഉദ്യോഗസ്ഥനും പൗരത്വരഹിതനും ജീവപര്യന്തം

Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്ത് കോസ്റ്റ് ഗാർഡും ലഹരി വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ 50 കിലോ ലഹരി മരുന്നുമായി ഒരാളെ അറസ്റ്റ് ചെയ്തു. കടൽ മാർഗം കുവൈത്തിലെത്തിച്ച് കച്ചവടം ചെയ്യാനുള്ള നീക്കമാണ് അധികൃതർ തടഞ്ഞത്. പിടിച്ചെടുത്ത ലഹരി മരുന്നിന് 1.5 ലക്ഷം കുവൈത്ത് ദിനാർ വിലയുണ്ട്.
ലഹരിമരുന്ന് കടത്തുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്, പ്രതിയുടെ നീക്കം നിരീക്ഷിച്ച ശേഷം കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുവൈത്തിൽ കച്ചവടം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് പ്രതി സമ്മതിച്ചു. പ്രതിയെയും പിടികൂടിയ ലഹരിമരുന്നും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
∙ സിറിയൻ സ്വദേശിക്ക് 17 വർഷം തടവ്
27 കിലോ ഹാഷിഷും മദ്യവും കടത്തിക്കൊണ്ടുവന്ന കേസിൽ ക്രിമിനൽ കോടതി ഒരു സിറിയൻ പൗരനെ 17 വർഷം തടവിന് ശിക്ഷിച്ചു. പിടികൂടുമ്പോൾ പ്രതിയുടെ പക്കൽ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.
∙ കസ്റ്റംസ് ഉദ്യോഗസ്ഥനും പൗരത്വ രഹിതനും ജീവപര്യന്തം
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിലെ ഒരു ഇൻസ്‌പെക്ടർ ലഹരി മരുന്ന് കച്ചവടക്കാരനായ പൗരത്വ രഹിതൻ എന്നിവരെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു. ലഹരി മരുന്ന് കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ ലഹരി വിരുദ്ധ സേനയ്ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത് അടക്കമുള്ള കേസുകളിലാണ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. കബ്ദിൽ വെച്ചാണ് സംഭവം നടന്നത്.