പ്രവാസികൾ അറിയാൻ; ദുബായിൽ ഏപ്രിൽ മുതൽ പുതിയ പാർക്കിങ് നിരക്ക്, മണിക്കൂറിൽ 6 ദിർഹം

Mail This Article
ദുബായ്∙ ഏപ്രിൽ ആദ്യം മുതൽ പുതിയ വേരിയബിൾ പാർക്കിങ് നിരക്കുകൾ പ്രാബല്യത്തിലാകും. അതേസമയം കഴിഞ്ഞ വർഷം പാർക്കിങ് പിഴയിൽ നിന്നുള്ള വരുമാനത്തിൽ വർധന 37 ശതമാനമെന്ന് അധികൃതർ. 249.1 ദശലക്ഷം ദിർഹമാണ് നേട്ടം.. 2023ൽ ഇത് 181.3 ദശലക്ഷം ദിർഹമായിരുന്നു. മാത്രമല്ല, 2024 ഒക്ടോബർ മുതൽ ഡിസംബർ അവസാനം വരെ ചുമത്തിയ പിഴകളിൽ 72% വർധനയുണ്ട്–2023 നാലാം പാദത്തിലെ 44.8 ദശലക്ഷം ദിർഹത്തിൽ നിന്ന് 77 ദശലക്ഷം ദിർഹം.
ഈ പിഴകളിൽ ഭൂരിഭാഗവും പബ്ലിക് പാർക്കിങ് വിഭാഗത്തിലാണ്. ആകെ പൊതു പാർക്കിങ് പിഴകൾ നാലാം പകുതിയിൽ 51% വർധിച്ച് 424,000 ആയി. 2023ൽ ഇതേ സമയം 281,000 ആണ്.
∙ഏപ്രിൽ മുതൽ പുതിയ പാർക്കിങ് നിരക്ക്
പുതിയ വേരിയബിൾ പാർക്കിങ് നിരക്കുകൾ ഏപ്രിൽ ആദ്യം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും എല്ലാ പൊതു പാർക്കിങ് സോണുകളിലും പ്രീമിയം പാർക്കിങ് സ്ഥലങ്ങളിൽ മണിക്കൂറിന് 6 ദിർഹം ഈടാക്കും. (പ്രീമിയം പാർക്കിങ്ങിനുള്ള പ്രതിദിന താരിഫ് സോൺ ബിയിൽ 40 ദിർഹവും സോൺ ഡിയിൽ 30 ദിർഹവുമാണ്.)
2025 ഏപ്രിൽ ആദ്യം മുതൽ അവതരിപ്പിക്കാൻ പോകുന്ന വേരിയബിൾ താരിഫിനെ സംബന്ധിച്ച കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനും അന്തിമമാക്കുന്നതിനുമായി പാർക്കിങ്ങിൻ്റെ മാനേജ്‌മെൻ്റ് ടീം നിലവിൽ ആർടിഎയുമായി ചർച്ചകൾ നടത്തുന്നുണ്ട്.